June 10, 2023 Saturday

Related news

June 10, 2023
June 10, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 7, 2023
June 6, 2023
June 6, 2023
June 5, 2023

മോഡി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കുന്നു: വാഹിദാ നിസാം

Janayugom Webdesk
കോഴിക്കോട്
March 29, 2023 6:35 pm

തീവ്രദേശീയത അടിച്ചേൽപ്പിച്ചും അപരവത്ക്കരണം നടത്തിക്കൊണ്ടും ഒരു വിഭാഗത്തെ ശത്രുക്കളായി ചിത്രീകരിക്കുകയാണ് സംഘപരിവാറും കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാറും ചെയ്യുന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായ വാഹിദാ നിസാം പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികാചരണത്തിന്റെ ഭാഗമായി സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മതന്യൂനപക്ഷങ്ങളുടെ അപരവത്ക്കരണമാണ് ഫാസിസ്റ്റുകളുടെ രീതി. ഹിറ്റ്ലർ ജർമനിയിലും മുസോളനി ഇറ്റലിയിലും നടപ്പിലാക്കിയതിന് സമാനമായ രീതിയിൽ വിചാരധാരകളുടെ തുടർച്ച തന്നെയാണ് ഇവിടെയും സാധ്യമാക്കുന്നത്. തീവ്രദേശീയതയും വംശീയതയും മതവുമാണ് ഫാസിസത്തിന്റെ അടിസ്ഥാനം. ഫാസിസ്റ്റുകൾ മനുഷ്യർക്കിടയിൽ വിഭജനം സാധ്യമാക്കുകയും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും കുത്തക മുതലാളിത്തത്തെ കമ്യൂണിസ്റ്റുകാർ ചോദ്യം ചെയ്യുമ്പോൾ ദേശീയത പറയുന്ന ബിജെപി സർക്കാറാണ് രാജ്യ സമ്പത്ത് സ്വകാര്യ കുത്തകകളുടെ കൈകളിൽ ഏൽപ്പിക്കുന്നത്. ഈ വിരുദ്ധ ഭാവങ്ങൾ ഫാസിസ്റ്റ് സർക്കാറിന്റെ മുഖമുദ്രയാണ്. കോർപറേറ്റ് കമ്പനികളോട് ഹിറ്റ്ലർ സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോൾ കമ്യൂണിസ്റ്റുകാരെയും ട്രേഡ് യൂണിയനുകളെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. സമാനമായ രീതിയിൽ ബിജെപി സർക്കാറും ആദ്യം ലക്ഷ്യം വെക്കുന്നത് കമ്യൂണിസ്റ്റുകളെയും പിന്നെ മുസ്ലീം-ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെയുമാണെന്നും അവർ പറഞ്ഞു. 

നിരവധി മതങ്ങളും ജാതികളും ഭാഷകളും സംസ്ക്കാരവുമെല്ലാം ചേർന്ന വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ഇന്ത്യ. ആ രാജ്യത്തെയോർത്ത് നമ്മൾ അഭിമാനിക്കുകയും രാജ്യത്തെ സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ രാജ്യത്തിന്റെ വൈവിധ്യമല്ല ഹിന്ദുത്വമാണ് ബിജെപിയുടെ ദേശീയതയും അഭിമാനവും. അവർ സംസ്ക്കാര സമ്പന്നമായ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തന്ത്രപ്പാടിലാണ്. രാജ്യത്ത് അക്രമിക്കപ്പെടുന്ന ദലിതരുടെയും സ്ത്രീകളുടെയും എണ്ണം വർധിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നു. സ്ത്രീകളെ വെറും രണ്ടാം കിടക്കാരായാണ് മോഡി സർക്കാർ കാണുന്നത്. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ് കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ളവർ. എന്നാൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്ത സവർക്കറുടെ പിന്മുറക്കാരാണ് കമ്യൂണിസ്റ്റുകാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ഭരണത്തിലിരുന്ന് സമര പോരാട്ടങ്ങളെ വഞ്ചിച്ച സവർക്കർ ഉൾപ്പെടെയുള്ളവരെ ഉയർത്തിക്കാട്ടുകയാണെന്നും അവർ വ്യക്തമാക്കി.
ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ആർ എസ് എസുകാർ. ഭാരതീയമായതൊന്നും ഭരണഘടനയിലില്ലെന്നാണ് ഗോൾവാൾക്കർ തന്നെ പറഞ്ഞിരിക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ആർ എസ് എസുകാർ. ഭാരതീയമായതൊന്നും ഭരണഘടനയിലില്ലെന്നാണ് ഗോൾവാൾക്കർ തന്നെ പറഞ്ഞിരിക്കുന്നത്. ഭാരതം ഹിന്ദുക്കളുടേതാണെന്ന് വിചാരധാരയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ പിന്തള്ളി മനുധർമ്മത്തിലേക്ക് നാടിനെ നയിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ അഡാനിയെപ്പോലുള്ളവർ സമസ്ത മേഖലകളിലും കുത്തക നേടിയെടുക്കുന്ന സാഹചര്യമാണുള്ളത്. രാജ്യ ചരിത്രം വളച്ചൊടിക്കുന്ന കേന്ദ്ര സർക്കാർ വ്യാജ ചരിത്രം നിർമിക്കുകയാണ്. മുഗൾ രാജവംശം ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു. മലബാർ കലാപത്തിലെ പ്രധാനികളായ വ്യക്തികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. മലബാർ കലാപത്തെ വർഗീയ കലാപമായി ചിത്രീകരിക്കുന്നു. ടിപ്പു സുൽത്താനെ ഹിന്ദുക്കളുടെ ശത്രുവായി ചിത്രീകരിക്കുന്നു. ഇത്തരത്തിൽ നിരന്തരം കളവുകൾ പ്രചരിപ്പിച്ച് ചരിത്രം തന്നെ മാറ്റിയെഴുതുകയാണ് സംഘപരിവാറെന്നും അവർ പറഞ്ഞു. 

ചരിത്രം മാത്രമല്ല ശാസ്ത്രത്തെ വരെ കെട്ടുകഥകളുമായി ചേർത്ത് നിർത്തുന്നു. വിമാനത്തെപറ്റി പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് പുഷ്പക വിമാനത്തെ ഉദാഹരിക്കുന്നു. കൃത്രിമ ബീജ സങ്കലനത്തെ കുന്തിയുടെ കഥ ചേർത്ത് അവതരിപ്പിക്കുന്നു. പ്ലാസ്റ്റിക് സർജറി കണ്ടു പിടിച്ചത് ഭാരതീയരാണെന്ന് വിനായക കഥ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നു. കോവിഡിനെ നേരിടാൻ പാത്രം മുട്ടാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്ക് കേട്ട് ലൈറ്റുകൾ ഓണാക്കുകയും പാത്രം മുട്ടുകയും ചെയ്ത ജനങ്ങളെ നമ്മൾ കണ്ടു. മാധ്യമങ്ങളെ ഉൾപ്പെടെ കൈയ്യിലൊതുക്കുന്ന സർക്കാർ എന്ത് സംസാരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് കാലം നമ്മളോട് ആവശ്യപ്പെടുന്നതെന്നും വാഹിദാ നിസാം വ്യക്തമാക്കി. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി വി ബാലൻ, എം നാരായണൻ, അജയ് ആവള സംസാരിച്ചു. അഡ്വ. പി ഗവാസ് സ്വാഗതം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ‘കർഷക പ്രക്ഷോഭങ്ങളും കേരളത്തിന്റെ മുന്നേറ്റവും’ എന്ന വിഷയത്തിൽ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എം പ്രകാശൻ മാസ്റ്റർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി കെ വിനോദൻ മോഡറേറ്ററായി. പി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 

‘ഒഞ്ചിയം സമരസ്മരണകൾ’ എന്ന വിഷയത്തിൽ കിസാൻ സഭാ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, പ്രശസ്ത ചരിത്ര എഴുത്തുകാരൻ പി ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പ്രൊഫ. കെ പാപ്പൂട്ടി മോഡറേറ്ററായി. എൻ എം ബിജു സ്വാഗതം പറഞ്ഞു.
‘നവോത്ഥാനത്തിന്റെ പൈതൃകവും വർത്തമാനകാല കേരളവും’ എന്ന വിഷയത്തിൽ എഴുത്തുകാരി ഗീത നസീർ, എ പി അഹമ്മദ് എന്നിവർ സംസാരിച്ചു. ഡോ. ശശികുമാർ പുറമേരി മോഡറ്ററായി. അജയ് ആവള സ്വാഗതം പറഞ്ഞു
സമാപന ചടങ്ങ് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനിയെ ചടങ്ങിൽ ആദരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷത വഹിച്ചു. പി കെ നാസർ സ്വാഗതം പറഞ്ഞു. അഡ്വ. പി വസന്തം, ടി കെ രാജൻ മാസ്റ്റർ, ഇ സി സതീശൻ, എ കെ സുകുമാരൻ സംസാരിച്ചു. 

Eng­lish Sum­ma­ry: Modi gov­ern­ment mar­gin­al­iz­ing reli­gious minori­ties: Wahi­da Nizam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.