26 April 2024, Friday

Related news

April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024

മുല്ലപ്പെരിയാർ മരംമുറി പഴുതടച്ച നടപടി

Janayugom Webdesk
തിരുവനന്തപുരം
November 8, 2021 11:12 pm

മുല്ലപ്പെരിയാര്‍ ബേബി ഡാമിന്റെ പരിസരത്ത് 15 മരങ്ങൾ മുറിക്കണമെന്ന ഉത്തരവിറക്കിയതിനെതിരെ പഴുതടച്ച നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇതുസംബന്ധിച്ച് പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങൾ മുറിക്കണമെന്ന തമിഴ്‌നാട് നിർദ്ദേശത്തെ തുടർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി. ഈ ഉത്തരവ് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടയുടൻ ഒട്ടും വൈകാതെ മരവിപ്പിച്ചു. സർക്കാർ അനുമതിയില്ലാതെ ഒരു ഉത്തരവ് ഏത് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ചാലും അതു നിലനിൽക്കില്ല. എന്നിരുന്നാലും നവംബർ അഞ്ചിലെ ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വിശദമായി സർക്കാർ പരിശോധിക്കും. ഇതിൽ വീഴ്ചപറ്റിയത് ആർക്കാണെങ്കിലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും. ഉത്തരവിറക്കിയ ഉദ്യോഗസ്ഥർ ഐഎഫ്എസ്, ഐഎഎസ് ഉദ്യോഗസ്ഥരായതിനാൽ നടപടിക്രമങ്ങൾ പാലിച്ച് പഴുതടച്ച നടപടിയാകും സ്വീകരിക്കുകയെന്നും മന്ത്രി ഉറപ്പു നൽകി.

മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയുടെ വികാരം ഒന്നുതന്നെയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. അതിനു വിഘാതം ഉണ്ടാക്കുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. മുല്ലപ്പെരിയാർ ഡാമിനെയും 48 ലക്ഷത്തോളം ജനങ്ങളെയും രക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

സർക്കാരിന്റെ നിലപാട് അക്കമിട്ട് നിരത്തിയ മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പ്രധാനം കേരളത്തിന്റെ സുരക്ഷ

കേരളത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ ഒരു നിലപാടും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

2021 ഫെബ്രുവരി 19ന് ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ യോഗത്തിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വനം-വന്യജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങൾക്കും വ്യക്തത വരുത്തണമെന്ന് സമിതിയുടെ ചെയർമാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധന നടന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനാണ് ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രാനുമതി വേണം

മുല്ലപ്പെരിയാർ പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാൽ മരംമുറിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണെന്ന് വനം മന്ത്രി പറഞ്ഞു.

ഇതിനു പുറമെ 1980 ലെ വനം സംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും തേടേണ്ടതുണ്ട്. ഈ അനുമതികൾ തമിഴ്‌നാട് ഹാജരാക്കിയിട്ടില്ലാത്തതിനാൽ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

eng­lish summary:mullaperiyar tree cut­ting anti­quat­ed action

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.