2 May 2024, Thursday

ശതാബ്ദി നിറവിൽ നാരായണഗുരുകുലം

ദത്തൻ പുനലൂർ
September 3, 2023 7:00 am

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഡോ. പല്പുവിന്റെ മകനുമായ നടരാജഗുരു 1923 ൽ സ്ഥാപിച്ച ഊട്ടിയിലെ നാരായണ ഗുരുകുലം ശതാബ്ദിയുടെ നിറവില്‍. ലോകപ്രസ്തമായ ഊട്ടിയിലെ ഫേൺഹിൽ നാരായണ ഗുരുകുലത്തെക്കുറിച്ച് അറിയുന്നവർക്കുപോലും അത് സ്ഥാപിച്ച നടരാജഗുരുവിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ല. പ്രഗത്ഭനായ വിദ്യാഭ്യാസവിചക്ഷണനും ഏകലോക ഗവൺമെന്റ് എന്ന ആശയത്തിന്റെ വക്താവുമായിരുന്നു അദ്ദേഹം. അതിരുകളും വേലിക്കെട്ടുകളുമില്ലാത്ത, വെടിക്കോപ്പുകളും യുദ്ധസാമഗ്രികളും ആവശ്യമില്ലാത്ത, സ്നേഹവും പരസ്പര വിശ്വാസവുമുള്ള ലോകജനത മുഴുവൻ ഒന്നായി സൗഹാർദ്ദത്തോടെ കഴിയുന്ന ഏക ലോകത്തെയാണ് നടരാജഗുരു സ്വപ്നം കണ്ടത്.
അർഹമായ യോഗ്യതകളുണ്ടായിരുന്നിട്ടും ജാതി,മത സ്പർധകളുടെ പേരിൽ തിരുവിതാംകൂറിൽ ഡോക്ടർ ജോലിനിഷേധിക്കപ്പെട്ട ഡോ. പൽപ്പുവിന്റെ അഞ്ചുമക്കളിൽ ഒരാളായി 1895 ഫെബ്രുവരി 18 നു മൈസൂരിലായിരുന്നു നടരാജന്റെ ജനനം. തിരുവനന്തപുരത്തും ബാംഗ്ലൂരിലും മദ്രാസിലും സിലോണിലുമായിരുന്നു ആദ്യകാലത്തെ വിദ്യാഭ്യാസം. തിരുവനന്തപുരത്ത് ഒന്നാം ഫാറത്തിൽ പഠിക്കുമ്പോൾ മുതൽ ജാതിവ്യത്യാസങ്ങളെ അദ്ദേഹം അനുഭവിച്ചറിഞ്ഞിരുന്നു. നടരാജഗുരു ഒരിക്കല്‍ എഴുതി, “മുന്നറിയിപ്പൊന്നുമില്ലാതെ പള്ളിക്കൂടം ഹെഡ്മാസ്റ്റർ ഞങ്ങളുടെ ക്ലാസിലേക്ക് കടന്നു വന്നിട്ട് ബ്രാഹ്മാണക്കുട്ടികളെല്ലാം എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. എന്നിട്ട് ഗവണ്‍മെന്റിൽ നിന്നും അനുവദിച്ച ഓരോ വെള്ളിനാണയം അവർക്ക് സമ്മാനമായിക്കൊടുത്തു. ഒഴിവുള്ളപ്പോൾ പോയിക്കുടിക്കാൻ അവിടെ ഒരു മുറിക്കകത്ത് വെള്ളം വച്ചിട്ടുണ്ട്. അതിൽ പ്രവേശിക്കുന്ന കാര്യത്തിലും വിവേചനമുണ്ടായിരുന്നു. ചിലകുട്ടികൾക്കു അതിനുള്ളിൽ കടന്നു വെള്ളം കുടിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു.” സ്വന്തം ജന്മഭൂമിയിൽ നടക്കുന്ന ഇത്തരം ജാതിവിവേചനങ്ങളെ അദ്ദേഹം ചെറുപ്പത്തിൽ തന്നെ മനസിലാക്കിയിരുന്നു. തിരുവനന്തപുരത്ത് പള്ളിക്കൂടത്തിൽ പോകുമ്പോഴും മടങ്ങി വരുമ്പോഴും ചില റോഡുകൾ മേൽ ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും കേട്ടിരുന്നു. ഇത്തരം മണ്ണിൽ യഥാർത്ഥ വിദ്യാഭ്യാസം വളരുക അസാധ്യമാണെന്ന് അദ്ദേഹത്തിന് അന്നേ തോന്നിരുന്നു.

വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സ്ക്കൂൾ, കോളജ് വിദ്യാഭ്യാസം അദ്ദേഹത്തിന് കൂടുതൽ ലോകപരിചയങ്ങളും പുത്തൻ അറിവുകളും നേടിക്കൊടുത്തു. ഓക്സ്ഫോർഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും നേരിട്ടു നിയമിക്കപ്പെട്ട ഗ്രാഡുവേറ്റ് അധ്യാപകരുടെ ശിക്ഷണം, ജൂനിയർ കേംബ്രിഡ്ജ് പരീക്ഷ, ലണ്ടൺ മെട്രിക്കുലേഷൻ പഠനം തുടങ്ങിയവ പലരാജ്യങ്ങളിലെയും വിദ്യാഭ്യാസ രീതികൾ മനസിലാക്കാനും അദ്ദേഹത്തിനു സഹായകമായി. ചെറുപ്പം മുതലെ നല്ല വായനാശീലം അദ്ദേഹത്തിനുണ്ടായിരുന്നു. നൂറുപേജ് ദിവസവും വായിച്ചു തീർക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. സ്കോട്ട്, ഡിക്കൻസ് മുതലായവരുടെയും കോണൻഡോയിലിന്റെ ‘ഷെർലക്ക് ഹോംസ് ’ ഗ്രന്ഥങ്ങളും ‘ഒലിവർ ട്വിസ്റ്റും’ ‘ഡേവിഡ് കോപ്പർ ഫീൽഡ് ’ വിക്ടർ യൂഗോയുടെ ‘ലേ മിസറാബ്’ തുടങ്ങിയ വയല്ലാം വായിച്ച ഇക്കാലത്തു തന്നെ ഷേക്സ്പിയറുടെയും കാളിദാസന്റെയും നാടകങ്ങളെക്കുറിച്ചുള്ള താരതമ്യപഠനവും നടത്തിയിരുന്നു. അതുപോലെ രഘുവംശവും മിൽട്ടന്റെ ‘പാരഡൈസ് ലോസ്റ്റും’ ഒക്കെ അദ്ദേഹത്തിന് പ്രിയപ്പെട്ടവയായിരുന്നു. ചെറുപ്പത്തിൽത്തന്നെ സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താനും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി തന്റെ സ്ഥാനം എവിടെയാണെന്നും അദ്ദേഹം സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയും വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗവും മഹാത്മാ ഗാന്ധിയുടെ ത്യാഗസന്നദ്ധതയും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.

സ്വതവേ ലജ്ജാശീലനും അന്തർമുഖനുമായിരുന്ന അദ്ദേഹം പ്രകൃതിയിലെ എല്ലാ മാറ്റങ്ങളെയും ലോകത്തുനടക്കുന്ന ഓരോ സംഭവവികാസങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ പലരാജ്യങ്ങളിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും പാഠ്യപദ്ധതികളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെയും ദൂഷ്യവശങ്ങളെപ്പറ്റിയും ഗൗരവമായി പഠിക്കാൻ ശ്രമിച്ചിരുന്നു. സഹജീവികൾക്കുണ്ടാകുന്ന ദുരനുഭവങ്ങളും വേർതിരിവുകളും അദ്ദേഹത്തിന്റെ മനസിനെവല്ലാതെ പ്രയാസപ്പെടുത്തുന്ന ഒന്നായിരുന്നു. അവശത അനുഭവിക്കുന്നവരോടുള്ള അനുകമ്പ, ഭാവിയിൽ അവർക്കുവേണ്ടി തന്നാൽ കഴയുന്നത് ചെയ്യണമെന്ന ആഗ്രഹം നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം വച്ചുപുലർത്തിയിരുന്നു. തീരെ ചെറിയകുട്ടിയായിരിക്കുമ്പോൾ രക്ഷിതാക്കളോടോപ്പം ശ്രീനാരായണഗുരുവിനെ തിരുവനന്തപുരത്തുവച്ചാണ് ആദ്യമായിക്കാണുന്നത്. വീണ്ടും പല സന്ദർഭങ്ങളിലും നാരായണഗുരുവിനെ കാണുകയും സ്വന്തം വീട്ടിൽ പലതവണ വരാറുണ്ടായിരുന്നെങ്കിലും അപ്പോഴൊന്നും ഒരു അടുപ്പവും തോന്നിയില്ല. എന്നാൽ ഗുരു സയൻസ് സംബന്ധമായി ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിദ്യാർത്ഥിയായിരുന്ന തനിക്കു അതിനുള്ള ഉത്തരങ്ങൾ ശരിയായി പറയാൻ കഴിഞ്ഞിരുന്നില്ല എന്നും കൂടെക്കൂടെയുള്ള സന്ദർശനവേളകളിലെ ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നാരായണഗുരു അസാമാന്യവ്യക്തിയാണെന്ന കാര്യം ബോധ്യപ്പെട്ടതായും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. മൈസൂരിലെ ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിക്കാറായ സമയത്ത്, അന്ന് തന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ശ്രീനാരായണഗുരു ആ സ്കൂൾ സന്ദർശിക്കാനും ഹെഡ് മാസ്റ്ററെ പരിചയപ്പെടാനും പോകുമ്പോൾ ഒപ്പം പോയതും വേണ്ടകാര്യങ്ങൾ ഏർപ്പാട് ചെയ്തു കൊടുത്തതും ഗുരുവുമായി കൂടുതൽ അടുക്കാനുള്ള ഒരു കാരണമായി.
അതെല്ലാം കഴിഞ്ഞ് അധ്യാപകനാകാനുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് പഠനമൊക്കെ കഴി ഞ്ഞ് മദ്രാസിൽ അദ്ദേഹം ചിലസാമൂഹ്യപ്രവൃത്തനങ്ങൾ ആരംഭിച്ചു. കഷ്ടതകളനുഭവിക്കുന്നവരെയും ആദിദ്രാവിഡർ എന്ന വിഭാഗത്തെയും സഹായിക്കാനായി ചിന്താദ്രിപേട്ടിൽ അവർക്കായി ഒരു നിശാപാഠശാല തുടങ്ങി. ഓലകൊണ്ട് കുത്തിമറച്ചു, ഒരു ഷെഡിലായിന്നു തുടക്കം. ഓർത്തിരിക്കാതെ ഈ സമയത്ത് നാരായണഗുരു അവിടെയെത്തിയതും ഇത്തരം പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്തത് നടരാജന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. ആദിദ്രാവിഡർക്കായി ഒരു ആരാധനാലയം നിര്‍മ്മിക്കാൻ സ്ഥലം ആശ്യമുണ്ടെന്ന കാര്യം ഗുരുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതോടെ അതിനുള്ള സ്ഥലം ഗുരു അവിടെ അനുവദിപ്പിക്കുകയും വസ്തു കൈമാറ്റം ചെയ്യാൻ ഏർപ്പാടാക്കുകയും ചെയ്തു.
ഇരുപതാമത്തെ വയസ്സിൽ എംഎയും എല്‍ടിയും ഒന്നാം റാങ്കോടെ ഒന്നിച്ചു ജയിച്ച വിവരം അച്ഛനെ അറിയിക്കാനായി നടരാജന്‍ വീട്ടിലെത്തുമ്പോൾ നാരായണഗുരു അതിഥിയായി വീട്ടിലുണ്ടായിരുന്നു. മക്കളിൽ ഒരാളെ ഗുരുവിന്റെ ശിഷ്യനാക്കണം എന്ന് പിതാവിന് മുമ്പുതന്നെ ആഗ്രഹമുണ്ടായിരുന്നു. അധ്യാപകവൃത്തിയേക്കാൾ ഗുരുവിന്റ ശിഷ്യനാകണമെന്നുള്ള അഭിലാഷം വിദ്യാർത്ഥി ജീവിതം മുതൽ നടരാജന്റെ മനസിൽ ഉണ്ടായിരുന്നു. പിൽക്കാലത്ത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മഹാഗുരുവിലേക്കുള്ള യാത്ര നടരാജന്‍ തുടങ്ങുകയായിരുന്നു. ഒരു ദിവസം വടക്കൻ പറവൂരിലുണ്ടായിരുന്ന നാരായണഗുരുവിനെ കണ്ട് ജീവിതകാലം മുഴുവൻ ഗുരുവിന്റെ അനുയായികളിലൊരാളായി കഴിയാനാഗ്രഹിക്കുന്നു എന്ന തീരുമാനം അറിയിച്ചു. തുടർന്ന് ആലുവാ അദ്വൈതാശ്രമത്തിൽ പോയി താമസിക്കുവാനുള്ള അനുവാദം നടരാജന് ഗുരു നല്‍കി.

എന്നാൽ നാളുകൾ കഴിയുംതോറും ആശ്രമത്തിൽ ചില അസ്വാരസ്യങ്ങൾ കണ്ട് തുടങ്ങി. തന്റെ ആശയങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ഒരു വിലയുമില്ലെന്നു മനസിലായി. ബുക്കർ ടി. വാഷിംഗ് ടൺ സ്ഥാപിച്ച ‘ടാസ് കേജി ഇൻസ്റ്റിട്യൂട്ടി’ന്റെ മാതൃകയിൽ ഭാരതത്തിന്റെ പുനരുജ്ജീവനത്തിനും വിശേഷിച്ച് ഭാരതീയ ജനതയുടെ പുനരുദ്ധാരണത്തിനു ആവശ്യമായിട്ടുള്ള ഒരു വിദ്യാഭ്യാസ്ഥാപനത്തിന്റെ സാധ്യതകളെക്കുറിച്ച് വരെക്കാലം ചിന്തിച്ചിരുന്നു. അദ്വൈതാശ്രമത്തിൽ പ്രവേശിച്ചപ്പോഴും ഇന്ത്യയുടെ പശ്ചാത്തലത്തിന് അനുയോജ്യമായി ഉണ്ടാകേണ്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഈ മാതൃകയെപ്പറ്റി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒടുവിൽ പണിപൂർത്തിയാകാതെകിടന്ന അദ്വൈതാശ്രമത്തിന്റെ സംസ്കൃത പാഠശാലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വിരലിൽ എണ്ണാവുന്നത്ര കുട്ടികളുമായി ഒരു ക്ലാസ് ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഈ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളോ ചെയ്തികളോ മുതിർന്ന അന്തേവാസികൾക്കു അത്ര രസിച്ചില്ല. പോരെങ്കിൽ ശ്രീനാരായണഗുരുവിന്റെ സ്വന്തം ആളെന്നനിലയിൽ അവിടെ പ്രവേശിച്ചതും പലർക്കും രുചിച്ചിരുന്നില്ല.
ആയിടയ്ക്ക് തെക്കേയിന്ത്യയിലെത്തിയ ടാഗോറിന് നാരായണഗുരുവുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താൻ നടരാജന്റെ ശ്രമഫലമായി സാധിച്ചു. ആലുവയിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നതെങ്കിലും ഒടുവിൽ അത് വർക്കലയിൽ വച്ചാണ് നടന്നത്. അന്ന് കുറെ സമയം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ അവരുടെ സംഭാഷണത്തിൽ ദ്വിഭാഷിയാകാൻ നടരാജന് സാധിച്ചു. ഗുരുവിനോടൊനോടൊപ്പം താമസിക്കുന്ന ദിവസങ്ങളിൽ വിജ്ഞാനപ്രദമായ പല വിഷയങ്ങളെക്കുറിച്ചും ഗുരു സംസാരിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഗുരുവിൽ നിന്നുകിട്ടിയ ജ്ഞാനമാർഗത്തിലുള്ള ശിക്ഷണം പത്തുവർ ഷത്തിലധികം നീണ്ടുനിന്നു. ആ ഇടയ്ക്കു നടരാജന്റെ കുടുംബം അദ്വൈതാശ്രമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. ഇടയ്ക്കിടെ നടരാജന്‍ അവിടെ പോകുമായിരുന്നു. അതിനിടെ ഉണ്ടായ ആ ശുപത്രിവാസവും കുടുംബത്തിലെ ചില അഭിപ്രായവ്യതാസങ്ങളും ആശ്രമത്തിലെ സുഖകരമല്ലാത്ത അന്തരീക്ഷവും കാരണം നാടുവിടാൻ തീരുമാനിച്ചു. അങ്ങനെ നീലഗിരിയിലേക്ക് പുറപ്പെട്ടു.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബോധാന്ദസ്വാമി അവിടെ കൂനൂരിൽ ഉണ്ടെന്ന് ആരോപറഞ്ഞു അറിഞ്ഞിരുന്നു. അതിശൈത്യമുള്ള വളരെ ഉയരംകൂടിയ ഒരു മലമ്പ്രദേശമായിരുന്നു അത്. ഒരു വൈദ്യന്റെ തകര വീട്ടിൽ ഏകാകിയായി താമസിക്കുകയായിരുന്ന അദ്ദേഹത്തോടൊപ്പം അവിടെ താമസമാക്കി. അന്നുമുതൽ ഒരു റസിഡൻഷ്യൽ സെക്കന്ററി സ്കൂളിനെപ്പറ്റിയുള്ള ആശയം മനസിൽ ഉടലെടുത്തിരുന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മാതൃകാപരവും സ്വതന്ത്രവും ഉപനിഷന്മാർഗത്തിനു യോജിക്കുന്ന ഒരുവിദ്യാലയം! ഒരു ദിവസം ആപ്രദേശത്തുകൂടി നടക്കുമ്പോൾ റോഡരുകിൽ ഉപേക്ഷിക്കപ്പട്ടനിലയിൽ ഒരു തേയില ഫാക്ടറി ഒഴിഞ്ഞുകിടക്കുന്നത് കണ്ടു. മുമ്പൊരിക്കൽ ശ്രീനാരായണഗുരു നീലഗിരിയിൽ വന്നപ്പോൾ അവിടെ ആതിഥ്യമരുളിയ രാമസ്വാമിപിള്ളയുടെ ഉടമസ്ഥതയിലുള്ള ‘ക്ളീവ് ലാൻഡ് ’എസ്റ്റേറ്റിലായിരുന്നു അത്. അയാൾക്ക് ബോധാന്ദസ്വാമിയെയും അറിയാമായിരുന്നു. അവിടെ ഒരു ഗുരുകുലം എന്നപേരിൽ വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയാലോ എന്നാലോചിച്ചു. സ്വാമിയോടൊപ്പം താമസിക്കുന്ന മൗണ്ട് പ്ലസന്റിലെ വീട്ടിൽ നിന്നും രാവിലെ നടന്ന് സിംസ് പാർക്കിലെ ബെഞ്ചുകളിൽ ചെന്നിരുന്ന് പുതിയതരം ബോർഡിങ്ങ് സ്കൂളിന്റെ രൂപത്തെപ്പറ്റിയും പാഠ്യപദ്ധതിയെപ്പറ്റിയും ആലോചിക്കും. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളെ ഉൾക്കൊള്ളിച്ചുള്ള മൂല്യങ്ങളെപ്പറ്റി ഉദ്ബോധനം നൽകുന്ന വിഷയങ്ങളോടൊപ്പം നവീനവിദ്യാഭ്യാസ മാതൃകയായി കരുതിപ്പോരുന്ന പ്രവൃത്തിയിലൂടെ പഠനം, ഡാൽട്ടൺ സമ്പ്രദായം, പീപ്പിൾസ് സ്കൂൾ, ഗാരി പ്ലാൻ, ഡ്യൂയി, ഫ്രോബൽ, റൂസോ, ടോൾസ്റ്റോയി എന്നിവരെല്ലാം ആവിഷ്കരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വങ്ങളും പ്രായോഗിക രീതികളും എല്ലാം ഉൾപ്പെടുത്തണം. സോക്രട്ടിസിന്റെയും ഉപനിഷത്തുകളുടേയും വിദ്യാഭ്യാസ രീതികൾ ഉൾപ്പെടുത്തി അടിസ്ഥാനപരമായി പ്രാചീന ഭാരതത്തിലെ ഗുരുകുലവിദ്യാഭാസ രീതിയിലായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ ഖണ്ഡികകളായി കുറിച്ചുവച്ചു. ദിവസങ്ങളോളം ഈ പ്രവൃത്തി തുടർന്നു. ഒടുവിൽ ഒഴിഞ്ഞുകിടക്കുന്ന തേയില ഫാക്ടറിയിൽ അത്തരം ഒരു ഗുരുകുലം തടങ്ങണമെന്നു തന്നെ ഉറപ്പിച്ചു. അതിന് തന്റെ ഗുരുവിന്റെ പേര് ചേർത്ത് നാരായണഗുരുകുലം എന്നു പേരിടാനും തീരുമാനിക്കുയായിരുന്നു. ചില ഗുരുഭക്തരേയും ശിഷ്യന്മാരെയും പ്രേരിപ്പിച്ചു കുറച്ചു കുട്ടികളെ പുതിയ ബോർഡിങ്ങ് സ്കൂളിലേക്ക് സംഘടിപ്പിച്ച് പഴയ തേയില ഫാക്റ്ററിയൽ ഗുരുകുലം ആരംഭിച്ചു. അങ്ങനെ ആരംഭിച്ച ഗുരുകുലമാണ് ലോകപ്രസിദ്ധമായ നാരായണഗുരുകുലം.

പരിമിതമായ ചുറ്റുപാടിൽ നാരായണഗുരുകുലം മുന്നോട്ടുപോയി. എന്നാൽ അധികം വൈകാതെ തേയില ഫാക്ടറിയും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലവുംകൂടി കടബാധ്യതകൾ മൂലം അതിന്റെ ഉടമസ്ഥന് മറ്റൊരാൾക്ക് വിൽക്കേണ്ടതായിവന്നു. അവിടെനിന്നും കുടിയിറക്കപ്പെട്ട് പിന്നീട് പോയത് ബിഷപ്സ് ഡൗണി താഴ്‌വരയിലെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്കായിരുന്നു. ഇതിനിടയിൽ ഗുരുകുലത്തിന് സ്വന്തമായ ഒരു കെട്ടിടത്തിനുള്ള സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഒന്നും തരപ്പെട്ടിരുന്നില്ല. ഇങ്ങനെ കുട്ടികളെയും കൊണ്ട് ഏഴെട്ടിടങ്ങളിൽ മാറിമാറി കഴിയേണ്ടി വന്നു. ഭാഗ്യത്തിന് ഏറ്റവുമൊടുവിൽ കഴിച്ചുകൂട്ടിയിരുന്ന സ്ഥലത്തിന് ഏകദേശം അടുത്തു തന്നെ നാല് ഏക്കർ ഭൂമി സർക്കാരിൽ നിന്നും ഗുരുകുലത്തിനായി പതിച്ചുകിട്ടി. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കുറെനാളിനുശേഷം പല കാരണങ്ങൾ കൊണ്ടും ഗുരുകുലം മുന്നോട്ട് കൊണ്ടുപോകാനാവില്ല. മാനസികമായി വല്ലാതെ തളർന്നപ്പോൾ ഒരു മാറ്റത്തിനായി താമസം വർക്കലയിലേക്കു മാറ്റി. അവിടെ നാരായണഗുരു തന്നെ സ്ഥാപിച്ച ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഹെഡ് മാസ്റ്ററായി ഗുരു അദ്ദേഹത്തെ നിയമിച്ചു. ഇതിനിടെ നടരാജന്റെ അസാന്നിധ്യത്തിൽ തന്നെ നാരായണഗുരു ഊട്ടിയിൽ എത്തുകയും ഗുരുകുലത്തിനായി ശിലാസ്ഥാപനം നടത്തിയ സ്ഥലം ഗുരു സന്ദർശിക്കുകയും ചെയ്തു. ഗുരുവിന്റെ പാദസ്പർശമേറ്റ അവിടമാണ് പിൽക്കാലത്ത് ഫേൺഹിൽ ആശ്രമം എന്നനിലയിൽ ഖ്യാതി നേടിയ ഊട്ടിയിലെ നാരായണ ഗുരുകുലം.

വർക്കലയിൽ ഹെഡ് മാസ്റ്ററായി നിയമിതനായെങ്കിലും അവിടെയും തന്റെ ആശയങ്ങൾക്കൊന്നും വേണ്ട മതിപ്പൊ അംഗീകാരമോ കൂടെയുള്ളവരുടെ സഹകരണമോ നടരാജന് കിട്ടിയില്ല. അങ്ങനെ അത് മതിയാക്കി ഉന്നത പഠനത്തിനായി ഗുരുവിന്റെ അനുഗ്രാഹാശിസുകളോടെ യൂറോപ്പിലേക്കുപുറപ്പെട്ടു. വിവിധ വിൌയങ്ഹളില്‍ ഉന്നത പഠനം നടത്തിയ ശേഷം 1935 ൽ തന്റെ പഴയ തട്ടകമായ ഊട്ടിയിലെ ഫേൺഹില്ലിൽ നടരാജന്‍ തിരിച്ചെത്തി.
ഒരു തകരക്കൂരയിൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഗുരു ശിഷ്യ പാരസ്പര്യത്തോടെ നാരായണ ഗുരുകുലത്തെ ബ്രഹ്മവിദ്യ ഗുരുകുലമായി രൂപപ്പെടുത്തുക, നാരായണഗുരുവിനെ സംബന്ധിച്ച് ആധികാരികമായി ഒരു ഗ്രന്ഥംരചിക്കുക. പാശ്ചാത്യരാജ്യങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുക എന്നിങ്ങനെ നടരാജഗുരു ചില തീരുമാനങ്ങൾ എടുത്തു. അതോടുകൂടിയാണ് നാരായണഗുരു കുലം ശ്രീനാരായണഗുരു വിഭാവനം ചെയ്ത ബ്രഹ്മവിദ്യാപഠനത്തിന് വേണ്ടിയുള്ള സ്ഥാപനമായിത്തീർന്നത്. പിൽക്കാലത്ത് അതിനെ സംബന്ധിക്കുന്ന ഒരു നിയമ സംഹിതയും ഗുരു തന്നെ എഴുതിവച്ചു. ഈ കാലയളവിൽ ജോൺസ് പിയേഴ്സ് എന്ന സ്കോട്ടുലണ്ട് കാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി. ഇതിനിടയിൽ വീണ്ടും പലതവണ പാരീസിലും ലണ്ടനിലും അമേരിക്കയിലും സന്ദർശനം നടത്തുകയും നാരായണഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കാനായി പല സമ്മേളനങ്ങളിൽ പങ്കെടുത്തു പ്രഭാഷണങ്ങൾ നടത്തുകയും അവിടങ്ങളിൽ ഗുരുകുലങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

ആ യാത്രകൾക്കു ശേഷം വർക്കലയിൽ നൽകിയ സ്വീകരണത്തന്റെ പൊതുസഭയിൽ വച്ച് നാരായണഗുരുവിന്റെ അനന്തരഗാമിയായി ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. പിന്നീട് വർക്കല, നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനമായി. അപ്പോഴേക്ക് ബാംഗ്ലൂരിലെ സുവർണമുഖി നദിക്കരയിലെ സോമനഹള്ളിയിൽ ഗുരുകുലത്തിനായി പത്തേക്കർ സ്ഥലം കിട്ടി. അതോടുകൂടി ബാംഗ്ലൂർ, കേരളത്തിലെ ചെറുവത്തൂർ എന്നിവിടങ്ങളിൽ ഗുരുകുലത്തിന് പ്രാദേശിക കേന്ദ്രങ്ങളായി. നാരായണഗുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ഗുരുകുല കൺവെൻഷനും മലയാളത്തിൽ ഗുരുകുലം മാസികയും തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ മംഗലാനന്ദസ്വാമിയുടെ പത്രാധിപത്യത്തിൽ വർക്കലയിൽ നിന്ന് ഗുരുകുലം മാസിക പ്രസിദ്ധീകരിച്ചു. തുടർന്ന് ബാംഗ്ലൂരിൽ നിന്ന് ജോൺ സ്പിയേഴ്സിന്റെ പത്രാധിപത്യത്തിൽ വാല്യൂസ് എന്ന ഇംഗ്ലീഷ് മാസികയും തുടങ്ങി. ഈ അവസരത്തിൽ തന്നെയാണ് ‘വേഡ് ഓഫ് ദി ഗുരു’ എന്ന ഗ്രന്ഥവും പുറത്തിറങ്ങിയത്. നടരാജഗുരുവിന്റെ പരമപ്രധാനമായ മറ്റൊരു കൃതിയാണ് ‘ബ്രഹ്മത്തിന്റെ സമന്വയ ശാസ്ത്രം’(An inte­grat­ed sci­ence of the absolute). അദ്ദേഹത്തിന്റെ അൻപതു വർഷത്തെ പാശ്ചാത്യ പൗരസ്ത്യരാജ്യങ്ങളിലെ ശാസ്ത്രതത്ത്വശാസ്ത്ര പഠനങ്ങളുടെ ക്രോഡീകരണമാണ് ബ്രഹ്മവിദ്യയെ അടിസ്ഥാനമാക്കിയുള്ള സമന്വയ ശാസ്ത്രം എന്ന രണ്ടു വാല്യങ്ങളിലുള്ള ഈ കൃതി. ഇതിൽ നടരാജഗുരു എല്ലാ മനുഷ്യവ്യവഹാരങ്ങളും ഒരുമിച്ചു ചേരുന്ന ഒരു ശാസ്ത്രത്തെ നിർവചിക്കുന്നു.

1956 ജനുവരി ഒന്നിന് ഗുരുകല കൺവെൻഷനിൽ വച്ച് നടരാജന്‍ സന്ന്യാസം സ്വീകരിച്ചു. തുടര്‍ന്ന് ശിവഗിരിക്കടുത്തുള്ള ഒരുകുന്നിൽ ബ്രഹ്മവിദ്യാമന്ദിരം സ്ഥാപിക്കാനുള്ള പദ്ധതി രൂപപ്പെട്ടു. ഏകീകൃതഭാഷയെക്കുറിച്ചുള്ള പ്രബന്ധം എഴുതിത്തീർക്കാൻ രണ്ടു വർഷമെടുത്തു. ബ്രസൽസിലെ റോയൽ അക്കാദമിയിൽ അത് സമർപ്പിക്കുകയും പ്രസിദ്ധീകരണാനുമതി തരുന്ന അംഗീകാരമുദ്ര അതിനുലഭിക്കുകയും ചെയ്തു. 1964 ലിൽ ഗുരുനാരായണഗിരിയുടെ മുകളിൽ കുറച്ചുഭാഗം നിരപ്പാക്കി അവിടെ ഓലകൊണ്ട് ഒരു പവലിയൻ ഉണ്ടാക്കി അതിനുള്ളിൽ ബ്രഹ്മവിദ്യാക്ളാസുകൾ ആരംഭിച്ചു. 1973 മാർച്ച് 19 ന് നടരാജഗുരു സമാധിയായി.
തുടര്‍ന്ന് ഫേൺഹിൽ ആശ്രമത്തിന്റെ ചുമതല ഗുരു നിത്യചൈതന്യ യതിക്കായിരുന്നു. മനശാത്രജ്ഞനും വാഗ്മിയും തത്വചിന്തകനും ഒക്കെയായിരുന്ന അദ്ദേഹം ശ്രീനാരായണ ദർശനം പഠിപ്പിക്കാനായി മിക്ക വിദേശയൂണിവേഴ് സിറ്റികളിലും ക്ലാസുകൾ നടത്തിയിരുന്നു. ലോകം മുഴുവൻ ശിഷ്യഗണങ്ങളും ആരാധകവൃന്ദവുമുള്ള അദ്ദേഹം ഫേൺഹിൽ ആശ്രമത്തെ ലോകപ്രശസ്തമായ ഒരു സ്ഥാപനമാക്കി മാറ്റി. ഏതാണ്ട് 78 കാലഘട്ടത്തിൽ വിദേശയൂണിവേഴ്സിറ്റികളിലെ സന്ദർശനവും ക്ലാസെടുപ്പുകളും മതിയാക്കി യതി ഫേൺഹില്ലിൽ തിരിച്ചെത്തി. ഗ്രന്ഥരചനയും സ്നേഹസംവാദങ്ങളുമായി അവിടെ കഴിയുന്നതിനിടയിൽ 1999 മേയ് 14 ന് സമാധിയായി. അദ്ദേഹത്തിന് ശേഷം ഗുരുകുലത്തിന്റെ ചുമതലക്കാരനായി വന്നത് ഗുരു മുനിനാരായണപ്രസാദാണ്. വർക്കലയിൽ ഗ്രന്ഥരചനയുമായി കഴിയുന്ന അദ്ദേഹം നൂറുവർഷം തികച്ച ഫേൺഹിൽ ആശ്രമത്തന്റെ ശതാബ്ദിആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.