27 April 2024, Saturday

പുരസ്കാര നിറവിലെ സർഗവസന്തം

അനിൽമാരാത്ത്
January 7, 2024 8:30 am

ലയാളഭാഷയിലേയും സാഹിത്യത്തിലേയും ബഹുമുഖപ്രതിഭയാണ് എഴുത്തച്ഛൻ പുരസ്കാരജേതാവായ പ്രൊഫ. എസ് കെ വസന്തൻ. സാഹിത്യവിമർശനം, സാഹിത്യചരിത്രം, സാംസ്കാരികചരിത്രം, സാഹിത്യസിദ്ധാന്തങ്ങൾ, വിവർത്തനം, കഥാസാഹിത്യം, നോവൽ, ഹാസസാഹിത്യം, നാടകം എന്നീ മേഖലകളിൽ സവിശേഷമായ കയ്യൊപ്പ് ചാർത്തി. കലാലയാധ്യാപകൻ, ഗവേഷണമാർഗദർശി, ചരിത്രാന്വേഷകൻ, പ്രഭാഷകൻ, ഭാഷാപണ്ഡിതൻ എന്നിവയിലും സ്വയം സമർപ്പിതം. പുരോഗമനചിന്തകളും നവോത്ഥാനമൂല്യങ്ങളും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകൾ മലയാളസാഹിത്യത്തിന്റെ വസന്തകാലമാണ്. എൺപത്തിയെട്ടാംവയസിലും സർഗാത്മകപ്രവർത്തനത്തിൽ മുഴുകിയും അറിവ് പകർന്നും കർമ്മനിരതനാകുമ്പോഴാണ് സർക്കാരിന്റെ പരമോന്നത സാഹിത്യബഹുമതി തേടിയെത്തുന്നത്. പ്രൊഫ. എസ് കെ വസന്തൻ സമസാരിക്കുന്നു…

സാഹിത്യം നിറഞ്ഞ അന്തരീക്ഷം

സാഹിത്യം നിറഞ്ഞൊഴുകിയ കുടംബാന്തരീക്ഷത്തിലാണ് ജനനം.
സാഹിത്യപരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായ ഇടപ്പള്ളി എളമക്കര പുല്യാട്ട് കരുണാകരമേനോന്റെയും തത്തമ്പിള്ളി സരസ്വതിയമ്മയുടെയും ഏകമകൻ. മഹാകവി വള്ളത്തോളിന്റെ മകനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരിൽ ഒരാളുമായിരുന്ന സി അച്യുതക്കുറുപ്പ് അച്ഛന്റെ മരുമകളെയാണ് വിവാഹം കഴിച്ചിരുന്നത്.
ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും, ഇഡിയറ്റ്, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധനവും വിക്ടോർ ഹ്യൂഗോവിന്റെ തൊണ്ണൂറ്റിമൂന്ന് എന്നീ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അച്ഛനാണ്. വീട്ടിലെ സ്ഥിര സാന്നിധ്യമായിരുന്ന വള്ളത്തോൾ,
ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻപിള്ള, സി ആർ കേരളവർമ്മ, ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി കെ ശങ്കരൻനമ്പ്യാർ തുടങ്ങിയവരെ ബാല്യകാലം മുതൽക്കുതന്നെ കാണാനും കേൾക്കാനും കഴിഞ്ഞു. 

ഇടപ്പള്ളി കുഞ്ഞപ്പൻപിള്ള ആശാനാണ് നിലത്തെഴുതിച്ചത്. പ്രൈമറി സ്കൂളിലും ഹൈസ്കൂളിലും പഠനത്തിൽ ഒന്നാമനായി. നാലാം ക്ലാസുമുതൽ ഇംഗ്ലീഷ് പഠനം തുടങ്ങി. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂളിനടുത്ത് വിതരണം ചെയ്ത ഒരു പേപ്പർ കയ്യിൽ കിട്ടുന്നത്. മറിച്ചുനോക്കിയപ്പോൾ എഴുപതോളം വരിയുള്ള കവിത. ഈണത്തിൽ ചൊല്ലി. ക്ലാസിൽ ചർച്ചചെയ്തു. മനഃപാഠമാക്കി. ഇതിനിടെ ഒരു കവിത ക്ലാസിൽ പ്രകമ്പനം കൊള്ളുന്നത് വിവരം ഹെഡ്മാസ്റ്ററുടെ അടുത്ത് എത്തി. അദ്ദേഹം കവിത വാങ്ങി നശിപ്പിച്ചു.
ഈ കവിത ഇനി ആലപിക്കരുതെന്ന ഹെഡ്മാസ്റ്ററുടെ ദേഷ്യത്തോടെയുള്ള കർശനമായ താക്കീത്. ഒന്നും മനസിലായില്ല. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, സർ സി പി രാമസ്വാമി അയ്യർക്ക് എതിരെയുള്ള കവിതായിരുന്നുവെന്ന്. ആരാണ് എഴുതിയതെന്ന പിന്നീടുള്ള അന്വേഷണം ചെന്നെത്തിയത് കാഥികൻ സാംബശിവന്റെ അച്ഛനായ ഒ നാണു ഉപാദ്ധ്യായൻ എന്ന മഹാമനീഷിയിലാണ്. 

കയ്യെഴുത്തുമാസിക

എഴുത്തുവഴിയിലൂടെ സഞ്ചരിക്കുന്നതിന് അന്നത്തെ കയ്യെഴുത്തുമാസികയുടെ സ്വാധീനം ചെറുതല്ല. ഫസ്റ്റ് ക്ലാസ് ലഭിച്ചതിന് ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയ സമ്മാനം വി കെ കൃഷ്ണമേനോൻ സ്മാരകം സമ്മാനിച്ച പുസ്തകങ്ങളും ഷേക്സ്പിയർ നാടകങ്ങളും.
ഹൈസ്കൂൾ പഠനകാലത്ത് മലയാള അധ്യാപകൻ നീലകണ്ഠൻനമ്പ്യാരായിരുന്നു. അറിവിന്റെ സാഗരമായിരുന്നു അദ്ദഹം.രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഒരു ഭാഗം സുഹൃത് സംഗമം പദ്യഭാഗമാണ്. ശ്രീകൃഷ്ണകുചേലൻമാർ കണ്ടുമുട്ടുന്നതാണ് രംഗം. ക്ലാസ് കഴിഞ്ഞപ്പോൾ കുട്ടികൾക്ക് നേരെ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു. നിങ്ങൾ മനസിലാക്കിയ പരീക്ഷയ്ക്ക് വേണ്ടാത്തവ എന്തൊക്കെയാണ്? ഉത്തരമായി പലരും പലതും പറഞ്ഞു. എന്നാൽ നമ്പ്യാർമാസ്റ്റർ കാച്ചി കുറുക്കി പറഞ്ഞത് മനസിൽ തട്ടി, ‘പഠനം കഴിഞ്ഞാൽ നിങ്ങളിൽ പലരും ശ്രീകൃഷ്ണൻമാരും കുചേലൻമാരുമാവും. എന്നാൽ, കുട്ടിക്കാലത്ത് ഊട്ടിയുറപ്പിക്കുന്ന ആത്മബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയണം.
ഈ മഹത്തായ ഉപദേശവും സന്ദേശവും മാർഗരേഖയുമാണ് മനസിൽ കോറിയിട്ട ജീവിത പാഠം. 

എറണാകുളം സെന്റ് ആൽബർട് കോളേജിലായിരുന്നു ഇന്റർമീഡിയറ്റും

ഡിഗ്രിയും. ബിഎയ്ക്ക് കണക്കായിരുന്നു ഐച്ഛികവിഷയം. സെക്കന്റ് ലാംഗ്വേജ് ജനറൽ ക്ലാസാണ്. പ്രൊഫ. എം അച്യുതൻ, എ ഡി ഹരിശർമ്മ എന്നിവർ അധ്യാപകർ. പരീക്ഷയ്ക്ക് എഴുതിയ കുഞ്ചൻനമ്പ്യാരെക്കുറിച്ചുള്ള മികച്ച ഉപന്യാസം ക്ലാസിൽ മറ്റു കുട്ടികൾക്കായി
വായിച്ച് കേൾപ്പിച്ചു. അധ്യാപകരുടെ അഭിനന്ദനങ്ങൾ കൂടി കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ അറിയാതെ നിറത്തൊഴുകി. വിദ്യാഭ്യാസത്തിന്റെ ഇടയ്ക്ക് വച്ചുള്ള കുടുംബ പ്രാരാബ്ധം ജോലി വേണമെന്ന ചിന്തയിലേക്ക് എത്തിച്ചു. സർട്ടിഫിക്കറ്റുകളുമായി മുംബയിലേക്ക് പുറപ്പെട്ടു. അമ്മയുടെ ഒരു ബന്ധുവീടായിരുന്നു ആശ്രയം. ജോലി അന്വേഷണവുമായിമൂന്ന് മാസം അവിടെ കഴിഞ്ഞുകൂടിയെങ്കിലും ഒന്നും തരപ്പെട്ടില്ല. 

1957 ലാണ് എറണാകുളം മഹാരാജാസ് കോളജിൽ എംഎ മലയാളം ആരംഭിക്കുന്നത്. ആദ്യ ബാച്ചിൽ തന്നെ വിദ്യാർത്ഥിയായി തുടർ പഠനമാരംഭിച്ചു. ഡിപ്പാർട്ട്മെന്റ് തലവനും അച്ഛന്റെ സുഹൃത്തുമായ പി വി കൃഷ്ണൻനായരാണ് അതിന് വഴിയൊരുക്കിയത്. പഠനം ഉപേക്ഷിച്ച് നാടുവിട്ട് ജോലി അന്വേഷണമാണന്ന് അദ്ദേഹം അച്ഛനിൽനിന്ന് അറിഞ്ഞിരുന്നു. 

അധ്യാപനവും പിരിച്ചുവിടലും

ജി ശങ്കരക്കുറുപ്പ് ആ വർഷം അവിടെനിന്ന് വിരമിച്ചിരുന്നുവെങ്കിലും ചില ക്ലാസുകൾ എടുക്കാൻ വന്നിരുന്നത് ഒരനുഭവമായി. പ്രൊഫ. എം കെ സാനു, പ്രൊഫ. സി എൽ ആന്റണി, പി കുഞ്ഞികൃഷ്ണമേനോൻ എന്നിവർ മലയാളം അധ്യാപകർ. പ്രൊഫ. ഒഎൻവി ഒരു വർഷം അവിടെയുണ്ടായിരുന്നു. പിന്നീട് ഒഎൻവിയുടെ ഭാര്യയായ സരോജിനി ക്ലാസ്മേറ്റായിരുന്നു. ഫീസ് അടയ്ക്കാൻ അച്ഛൻ വിവർത്തനം ചെയ്ത യുദ്ധവും സമാധാനവും എന്ന പുസ്തകത്തിൽനിന്ന് കിട്ടുന്ന 100 രൂപ പ്രതിമാസവരുമാനമായിരുന്നു ഏക പോംവഴി. കേരളത്തിലെ എംഎ മലയാളം വിദ്യാർത്ഥികളിൽ സെക്കന്റ് ക്ലാസുള്ള മൂന്ന് പേരിൽ ഒരാളായി. 1958ലാണ് കാലടി ശങ്കര കോളജിൽ അധ്യാപകനാവുന്നത്. അധ്യാപകരും മാനേജ്മെന്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ പലപ്പോഴും പിരിച്ചുവിടലിന് ഇരയായി. ഈയൊരു ഘട്ടത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷക്കാലം സബ് എഡിറ്ററായി. ഇക്കാലത്താണ് കേരള യൂണിവേഴ്സിറ്റിയിൽ ഡോ. പി കെ നാരായണപിള്ളയുടെ കീഴിൽ എം ലിറ്റിൽ ചേർന്നത്. ‘മലയാളഭാഷയ്ക്ക് രാജവംശങ്ങളുടെ സംഭാവന’ എന്നതായിരുന്നു ഗവേഷണവിഷയം. മൂല്യനിർണയസമിതി ചെയർമാൻ പ്രൊഫ. എൻ കൃഷ്ണപിള്ളയായിരുന്നു. 1980ലാണ് പിഎച്ച്ഡി ലഭിച്ചത്. 

മുണ്ടശേരി

കാലടിയിൽ പഠിപ്പിക്കുന്ന കാലത്താണ് കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ പ്രബന്ധ മത്സരത്തിൽ സമ്മാനം കിട്ടുന്നത്. 500 രൂപയായിരുന്നു സമ്മാനത്തുക. അക്കാദമി വാർഷികത്തിന് സമ്മാനം വാങ്ങാൻ എത്തിയപ്പോഴാണ് വാർഷികത്തിന്റെ ഭാഗമായുള്ള സെമിനാറിനെക്കുറിച്ച് അറിയുന്നത്. കേൾവിക്കാരനായി മുന്നിൽ സ്ഥാനം പിടിച്ചു.
‘സമസ്ത കേരള സാഹിത്യ പരിഷത്ത് ക്ഷണിച്ചുവരുന്ന എഴുത്തുകാർക്ക് ബലഗുളച്യാതി എണ്ണയും പഞ്ചാരപാൽപായസവും പുളിയിലക്കര മുണ്ടും നൽകുന്ന ഫ്യൂഡൽ പാരമ്പര്യം ഇന്നും നിലനിൽക്കുന്നുണ്ടന്ന ഉദ്ഘാടനകനായ ജോസഫ് മുണ്ടശേരിയുടെ വാക്കുകൾ ഒട്ടും രസിച്ചില്ല.
അധ്യക്ഷൻ ശൂരനാട് കുഞ്ഞൻപിള്ളയും ‘പുതുകവിതയും കവിതകളും’ എന്ന വിഷയം അവതരിപ്പിക്കുന്ന എസ് ഗുപ്തൻനായരും വേദിയിലുണ്ട്. പൊതുചർച്ചയിൽ രണ്ടാമനായി വേദിയിൽ കയറി. കടുത്ത ഭാഷയിൽ മുണ്ടശേരിയുടെ പ്രസംഗത്തെ വിമർശിച്ചു. അതിഥികളെ ആവുന്നത്ര ഭംഗിയായി സ്വീകരിക്കുക എന്നതാണ് നമ്മുടെ മഹത്തായ പാരമ്പര്യം. അത് തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നുകൂടി തുറന്നടിച്ചു.
ഇത്ര കഠിനമായ വാദമുഖങ്ങളെ ഖണ്ഡിച്ച ഇവൻ ചില്ലറക്കാരനല്ല, ഇവൻ ആരാണ്? മുണ്ടശേരി വേദിയിലുണ്ടായിരുന്ന വൈലോപ്പിള്ളിയോട് ചോദിച്ചു. ആളെ തിരിച്ചറിഞ്ഞപ്പോൾ മുണ്ടശേരി അടുത്തുവിളിച്ചു, “എനിക്ക് തന്നെക്കുറിച്ച് അഭിമാനമാണ് തോന്നിയത്. ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം. ശരിയെന്ന് തോന്നിയത് തുറന്ന് പറയുവാനുള്ള ആർജ്ജവം തനിക്കുണ്ട്.”
പുറത്തു തട്ടിപ്പറഞ്ഞ അഭിനന്ദനവാക്കുകളാണ് സാഹിത്യസംബന്ധമായ വിഷയങ്ങളിലും
എന്തും തുറന്ന് പറയാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത്. മഹാകവി വൈലോപ്പിള്ളിയുമായി ആത്മബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവും ജീവിതവും നേരിട്ടറിയാനുള്ള ഭാഗ്യം സിദ്ധിച്ച അപൂർവം പേരിൽ ഒരാളാണ്. 

കൃതികള്‍

സാഹിത്യചരിത്രകാരൻ എന്ന നിലയിൽ വിലപ്പെട്ടതാണ് കേരള സംസ്കാരചരിത്രനിഘണ്ടു. നമ്മൾ നടന്ന വഴികളിൽ കേരളചരിത്രത്തെയാണ് പ്രതിപാദിക്കുന്നത്. കാവ്യാനുശീലനം സാഹിത്യനിരൂപണ പ്രബന്ധങ്ങളുടെ സമാഹാരമാണ്. സമീപകാല പുതുകവിതയുടെ വഴിവിട്ട പോക്കിന്റെ സൂക്ഷ്മമായി അതിൽ വിലയിരുത്തുന്നുണ്ട്. കേരളീയനവോത്ഥാനത്തിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രപശ്ചാത്തലമാണ് കോവിഡ് ലോക് ഡൗൺ കാലത്ത് രചിച്ച കാലം
സാക്ഷി നോവൽ.
സർ എഡ്വിർ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനത്തിന്റെ സംഗ്രഹരൂപം, സ്വാമി രംഗനാഥന്റെ ആധുനികഭാരതം കെട്ടിപ്പടുക്കുന്നതിൽ അദ്ധ്യാപകരുടെ പങ്കും ഉത്തരവാദിത്വവും, ഹഡ്സന്റെ സാഹിത്യ പഠനത്തിന് ഒരാമുഖം, ഫ്രഞ്ച് നോവലിസ്റ്റ് റോമോൻ റോളണ്ടിന്റെ ജിൻക്രിസ്റ്റഫ് എന്നിവയെല്ലാം സമ്പന്നമായ വിവർത്തനങ്ങളാണ്.
സാഹിത്യപഠനത്തിനൊരാമുഖം, അപ്പൻതമ്പുരാൻ ഒരു പഠനം, ആശയം, ഉറങ്ങാത്ത മനസ്സുകൾ, അന്വേഷണം ആസ്വാദനം, നിരൂപകൻ്റെ വായന, മനനം കഥയിൽ, പുസ്തകചർച്ച എന്നിവയാണ് മറ്റു നിരൂപണങ്ങൾ. അരക്കില്ലം, എന്റെ ഗ്രാമം എന്റെ ജനത എന്നീനോവലുകൾ കൂടിയുണ്ട്. മുഖങ്ങൾ നിഴലുകൾ, കൂടിയല്ല ജനിക്കുന്ന നേരത്തും, പഞ്ചകന്യാസ്മരേ നിത്യംഎന്നിവയാണ് കഥാസമാഹാരങ്ങൾ. മൈഥിലി മനോഹരി റോഡിയോനാടകവും അപ്പൻതമ്പുരാൻ, നാലപ്പാട് എന്നീ ജീവചരിത്രഗ്രന്ഥങ്ങളും
കൂടിയുണ്ട്. 

പുരസ്കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം, വൈജ്ഞാനികസാഹിത്യത്തിന് 2017 അക്കാദമി അവാർഡ്, ആകാശവാണി, ചിന്ത, കേരള ഹിസ്റ്ററി അസോസിയേഷൻ, മേരി വിജയം, സി പി മേനോൻ, എം എസ്. മേനോൻ എന്നീ അവാർഡുകൾ ലഭിച്ചു. മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപകസേവനത്തിനു ശേഷം ഏറ്റുമാനൂർ സോമദാസന്റെ കീഴിലുള്ള കോളജ്, കാലടി സംസ്കൃത സർവകലാശാല, മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ ആറ് കൊല്ലം ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, വി ടി സ്മാരക സെക്രട്ടറി, വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചു. എൻ വി കൃഷ്ണവാര്യർ ട്രസ്റ്റ് സെക്രട്ടറി, കവന കൗമുദിയുടെ എഡിറ്റർ, വള്ളത്തോൾ വിദ്യാപീഠംഗവേണിങ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.