21 December 2024, Saturday
KSFE Galaxy Chits Banner 2

നാരായണനും ശങ്കരനും സംഘപരിവാറും

Janayugom Webdesk
January 17, 2022 4:30 am

ചരിത്രത്തെ പേടിക്കുന്നവർ രൂപങ്ങളെയും പേടിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം വർഷവും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മാറ്റുന്നത്. 2019ലെ വൈക്കം സത്യഗ്രഹവും, 2020ലെ കേരള നൃത്തരൂപങ്ങളും, 2022ലെ ശ്രീനാരായണഗുരുവും ജടായുപ്പാറയും എല്ലാം റിപ്പബ്ലിക്ദിന നിശ്ചല ദൃശ്യങ്ങളിൽനിന്ന് കേന്ദ്രം തള്ളി മാറ്റിയവയാണ്. കേരളത്തിന്റെ ചരിത്രത്തെയും നവോത്ഥാന പോരാട്ടങ്ങളെയും മൂല്യങ്ങളെയും ഭയക്കുന്നത് കൊണ്ടും കേന്ദ്രത്തിന്റെ രൂപഭാവങ്ങൾക്ക് അനുസൃതമായി ചരിത്രത്തെ വളച്ചൊടിച്ച് നൽകാൻ സാധിക്കാത്തതുകൊണ്ടുമാണ് ഇതെല്ലാം സംഭവിക്കുന്നത്. ജാതിക്കോമരങ്ങൾ ജാതി ഏത് എന്നു ചോദിച്ചതിന് കണ്ടാലറിയാത്തവൻ പറഞ്ഞാൽ എങ്ങനെ അറിയും എന്ന് മറുചോദ്യം ഉന്നയിച്ച ശ്രീനാരായണഗുരുവിന്റെ രൂപമാണ് കേരളം ഈ വർഷത്തെ റിപ്പബ്ലിക്ദിന നിശ്ച ലദൃശ്യത്തില്‍ സമർപ്പിച്ചത്. ആദ്യ റൗണ്ടിൽ കേരളത്തിന്റേത് മികച്ച ദൃശ്യം ആണെന്ന് അഭിപ്രായപ്പെട്ട പ്രതിരോധമന്ത്രാലയ സമിതി, പിന്നീട് നവോത്ഥാനമൂല്യങ്ങളാൽ കേരളം ഇളക്കിമറിച്ച ആ മൂല്യങ്ങളുടെ വിത്ത് കേരളത്തിന്റെ മണ്ണിൽ പാകിയ ഗുരുവിനെ ഒഴിവാക്കി പകരം അദ്വൈത പണ്ഡിതനായ ശങ്കരാചാര്യനെ സ്ഥാപിക്കാൻ കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇല്ലാത്തപക്ഷം അപേക്ഷ പിൻവലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആർജവത്തോടെ പറ്റില്ല എന്ന് കേരളം പറയാൻ ഉണ്ടായ കാരണം വർഷങ്ങൾക്കു മുന്നേ തന്നെ ഗുരുദേവൻ പറഞ്ഞു കഴിഞ്ഞിരുന്നു “ജാതി സ്ഥാപിക്കാൻ ശങ്കരൻ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട് ” സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം മുന്നോട്ടുവച്ച ആശയം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞ, ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങളാണ് ഭാവിയിൽ ഉയരേണ്ടത് എന്ന് അഭിപ്രായപ്പെട്ട മനുഷ്യനെ മനുഷ്യനാവാൻ പഠിപ്പിച്ച മഹാ ഗുരുദേവനെ ആണ്. എന്നാൽ തർക്കത്തിന് മറുവശത്ത് നിൽക്കുന്നത് ശങ്കരാചാര്യൻ ആണ്. അദ്വൈത പണ്ഡിതനായ അദ്ദേഹത്തെ ചെറുതായി കാണുക അല്ല സംഭാവനകളെ വിസ്മരിക്കുകയും അല്ല. പക്ഷേ അത് ചിലയിടങ്ങളിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളായി ചില ഉദ്ദേശലക്ഷ്യങ്ങളോടുകൂടി ഉള്ള കാര്യങ്ങൾ ആയി മാത്രം മാറിയതാണ്. അദ്വൈതത്തെ കൂട്ടുപിടിച്ചുകൊണ്ട് സമൂഹത്തിൽ ജാതി സ്ഥാപിക്കുകയും അതുവഴി അടിമത്തത്തെയും തൊട്ടുകൂടായ്മയേയും മലയാള സമൂഹത്തിലേക്ക് കൊണ്ടുവരാൻ നോക്കിയതായും ചരിത്രം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാകാം നാരായണഗുരുവിനെ ഹിന്ദു സന്യാസി ആക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സംഘപരിവാർ അവരുടെ ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ശങ്കരാചാര്യനോട് മമത കാണിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ജാതി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവരും ജാതി സ്ഥാപിക്കാൻ ശ്രമിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ റിപ്പബ്ലിക്ദിന നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്റെയും വിലക്കാനുള്ള കേന്ദ്രത്തിന്റെയും നിലപാടുകള്‍. മാനവിക മൂല്യങ്ങളുടെ പ്രസക്തി മനസിലാക്കുന്ന നവോത്ഥാനമൂല്യങ്ങളെ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന മലയാളിക്ക് ഈ തോൽവി ഒരു അഹങ്കാരം ആയിരിക്കും. ഇന്നും നവോത്ഥാനം മരിക്കാത്ത മണ്ണ് ഉണ്ട് ഈ നാട്ടിൽ എന്ന അഹങ്കാരം. ഗുരുദേവനേയും മലയാളിയെയും മതേതരത്വത്തെയും അപമാനിക്കുന്ന സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത കേരളത്തിന് അഭിവാദ്യങ്ങൾ… “ഗാന്ധിയെ കൊന്നവർക്ക് എന്ത് ഗുരുദേവൻ”

ബിനോയ് ഷബീർ

(എഐവൈഎഫ് , തൃശൂര്‍ ജില്ലാ പ്രസിഡന്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.