22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
October 28, 2024
September 9, 2024
July 14, 2024
June 27, 2024
June 16, 2024
June 10, 2024
June 6, 2024
June 6, 2024
June 5, 2024

മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന ഡിജിറ്റല്‍ കടന്നാക്രമണങ്ങളുടെ വര്‍ത്തമാനം

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 5, 2023 4:45 am

ആഗോളതലത്തില്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവിയിലെത്തിയിരിക്കുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയുടെ രാജ്യാന്തര തലത്തിലുള്ള പ്രതിച്ഛായയില്‍ ഇടിവു സംഭവിച്ചതായാണ് സമീപകാലത്ത് പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ പ്രതിച്ഛായാ നിര്‍മ്മാണത്തില്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനവും അവര്‍ പിന്തുടരുന്ന സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ നയങ്ങളോടൊപ്പം തന്നെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രസക്തമാണ്. പൊതുവില്‍ ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റ് നയങ്ങളാണ് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അതിശക്തമായി പിന്തുടര്‍ന്നുവരുന്നത്. ഇക്കാരണത്താല്‍ തന്നെയായിരിക്കണം നരേന്ദ്രമോഡി സര്‍ക്കാരിന് ആഭ്യന്തര, വിദേശ മേഖലകളില്‍ ആര്‍ജിക്കാന്‍ കഴിയുന്ന സല്‍പ്പേരുമായി ബന്ധപ്പെട്ട് പ്രകടമായ വൈരുധ്യം കൂടുതല്‍ ഗുരുതരമായ സ്വഭാവത്തോടെ സമീപകാലത്ത് ദൃശ്യമാകുന്നത്. ഇത്തരമൊരു പ്രതിഭാസത്തിലേക്ക് വിരല്‍ചൂണ്ടി 2023 സെപ്റ്റംബര്‍ ആദ്യം തന്നെ ആഗോള പ്രശസ്തി നേടിയ പ്യൂ (പിഇഡബ്ല്യു) ഗവേഷണം എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥാപനം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥക്കും ആഗോളതല ആദരവും അംഗീകാരവും നേടിയെടുക്കാന്‍ കാരണം ഈവക മാനദണ്ഡങ്ങളില്‍ ഇന്ത്യയേക്കാള്‍ ഒരുപടി ഉയരത്തിലാണ് ചൈന ഉള്ളതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.

അതേ അവസരത്തില്‍ ചൈനയുമായി തുലനം ചെയ്യുന്ന അവസരത്തില്‍, കൂടുതല്‍ മേനി നടിക്കുന്നതിനായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന സവിശേഷത മനുഷ്യാവകാശ സംരക്ഷണത്തില്‍ നമുക്കുണ്ടായിരുന്ന റെക്കോഡാണ്. പ്രത്യക്ഷ മൂലധന നിക്ഷേപത്തിലോ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തിലോ 2022നും 2023നും ഇടയ്ക്കുള്ള കാലയളവില്‍ ഉണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിസാരമല്ലെങ്കിലും അത് ജനാധിപത്യ അവകാശ സംരക്ഷണത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യയിലെ ഒരു സാധാരണ പൗരനെ നേരിട്ട് ബാധിച്ചെന്നുവരില്ല. മാത്രമല്ല, ജി20 എന്ന കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്ത് നിയോഗിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗോള പദവി മെച്ചപ്പെട്ടു എന്നതിലും ഒരു സാധാരണക്കാരന് അത്ര വലിയൊരു സന്തുഷ്ടി അനുഭവവേദ്യമാകുമെന്ന് കരുതാനും പ്രയാസമാണ്. അതേ അവസരത്തില്‍, നമ്മുടെ ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പോലും വലിയൊരു ചേരിപ്രദേശമുണ്ടെന്ന യാഥാര്‍ത്ഥ്യം വിദേശ രാഷ്ട്രത്തലവന്മാരില്‍ നിന്നും മറച്ചുവയ്ക്കാന്‍ മോഡി സര്‍ക്കാര്‍ പ്രകടമാക്കിയ താല്പര്യവും അമിതാവേശവും മാത്രമല്ല, ഈ സമ്മേളനത്തിന് വിശാലമായൊരു വേദി ഒരുക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് കുടുംബങ്ങളെയും അവരുടെ നിത്യജീവിത മാര്‍ഗമായിരുന്ന ചെറുകിട കച്ചവട കേന്ദ്രങ്ങളെയും ബലം പ്രയോഗിച്ച് ഇറക്കിവിട്ടതില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പരസ്യമായി പ്രകടമാക്കാന്‍ തലസ്ഥാന നഗരത്തിലെ സാധാരണ ജനത ധൈര്യം അവലംബിച്ചതും പ്രശംസനീയം തന്നെയാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുപോലും സ്വന്തം മൗലികാവകാശ ലംഘനം ഒരുവിധത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തത്ര അമൂല്യമാണ്.


ഇതുകൂടി വായിക്കൂ: ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം


അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയുടെ അര്‍ത്ഥവ്യാപ്തിയും നമ്മുടെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നതുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഈയിടെ ഏതാനും ദേശീയ മാധ്യമങ്ങള്‍ (ദി ഹിന്ദു, ഒക്ടോബര്‍ 6, 2023) ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. നിര്‍മ്മിത ബുദ്ധിയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സംയുക്തമായി വിനിയോഗിക്കുന്നതിലൂടെയാണ് മനുഷ്യാവകാശങ്ങളുടെ‍ അടിച്ചമര്‍ത്തല്‍ ലോകമെമ്പാടും വ്യാപകമായി നടന്നുവരുന്നത്. പരിസ്ഥിതിക്കു മേലുള്ള കടന്നുകയറ്റം നടക്കുന്നത് ഓണ്‍ലൈന്‍ സംവിധാനം വഴിയുമാണ്. ഇത്തരമൊരു മനുഷ്യദ്രോഹപരമായ പ്രക്രിയ ലോക രാജ്യങ്ങളില്‍ 29 ഇടങ്ങളിലാണ് 2022 ജൂണ്‍ മുതല്‍ 2023 മേയ് വരെയുള്ള കാലയളവില്‍ നടന്നിട്ടുള്ളതായി ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇക്കൂട്ടത്തില്‍ 20 രാജ്യങ്ങളില്‍ ഈ സ്ഥിതിയില്‍ നേരിയ മാറ്റവുമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്ന പേര് ദി റെപ്രിഹെന്‍സീവ് പവര്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നുമാണ്. ഒക്ടോബര്‍ ആദ്യവാരത്തില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് പതിമൂന്നാമത്തേതാണെങ്കിലും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഫ്രീഡം ഹൗസ് നടത്തിയ അവലോകനം ഇതിനു മുമ്പ് പലപ്പോഴായി പഠനവിധേയമാക്കിയിരിക്കുന്നത് 70 ലോക രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയാണ്.

പരാമര്‍ശവിധേയമായ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിക്കാണുന്നത്, ഡിജിറ്റല്‍ വിദ്യയിലൂടെ നിര്‍മ്മിത ബുദ്ധിവഴി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തല്‍ ഏറ്റവും രൂക്ഷമായ സ്വഭാവം കൈക്കൊണ്ടിട്ടുള്ളത് ഇറാനില്‍ ആണെന്നാണ്. ഇവിടെ ഭരണാധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ച്ചയായി തടയുകയും വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, വഴിയുള്ള സേവനങ്ങള്‍ നിഷേധിക്കുകയും ചെയ്യുക മാത്രമല്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധി വട്ടം നടത്തിയിട്ടുള്ളതായും കാണപ്പെടുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യനിഷേധം തുടര്‍ച്ചയായി ഒമ്പതു വര്‍ഷക്കാലം അടിച്ചേല്പിച്ച രാജ്യം ചൈനയാണ്. തൊട്ടുപിന്നില്‍ വരുന്നതും ഇന്ത്യയോട് ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന മ്യാന്മറാണ്. ഇവിടെ ഓണ്‍ലൈന്‍ സൗകര്യമാണ് ചൈനയുടേതുപോലെതന്നെ തീര്‍ത്തും നിഷേധിക്കപ്പെട്ടിരിക്കുന്നത്. 2023ല്‍ തന്നെ, 55 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വിനിമയ സൗകര്യങ്ങള്‍ നിയമാനുസൃതമാക്കിയതിനു ശേഷം അവയുടെ വിനിയോഗം നിഷേധിക്കപ്പെട്ടിട്ടുണ്ട്. നിരവധി രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികളുടെ മറവില്‍ വ്യാപകമായ അറസ്റ്റുകളിലേക്കും ഓണ്‍ലൈന്‍ പ്രവര്‍ത്തകരെ ദീര്‍ഘകാല തടവുശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പുകള്‍ ആസന്നമായിവരുന്ന ഘട്ടങ്ങളില്‍ ഡിജിറ്റല്‍ വിദ്യയിലൂടെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളുടെ‍ എണ്ണത്തില്‍ വന്‍ വര്‍ധനവും വന്നിട്ടുണ്ടെന്നതാണ് അനുഭവം. നിരവധി രാഷ്ട്രീയ നേതാക്കളെയും സജീവ പ്രവര്‍ത്തകരെയും നിര്‍മ്മിത ബുദ്ധി പ്രയോഗത്തിന്റെ ഇരകളാക്കി മാറ്റിയ അനുഭവങ്ങളും നിരവധിയാണ്. അവര്‍ക്ക് പ്രചരണാര്‍ത്ഥം ആശ്രയിക്കാന്‍ കഴിയുമായിരുന്ന നിരവധി സ്രോതസുകളെയും വാര്‍ത്താ ചാനലുകളെയും ബ്ലോക്കു ചെയ്യുന്ന നിയമവിരുദ്ധ ഇടപെടലുകളും വിരളമല്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഏറെക്കുറെ മുഴുവന്‍ സാധ്യതകളും കൊട്ടിയടയ്ക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധ രീതികള്‍ക്കുമായി അധികാരം ദുരുപയോഗം ചെയ്യുക എന്നതാണ് ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. അവരുടെ ലക്ഷ്യം ഏത് ഹീനമായ മാര്‍ഗമുപയോഗിച്ചും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റുകയോ അവയെ സ്വാധീനിക്കുകയോ ചെയ്യുകയാണ്. നിര്‍മ്മിത ബുദ്ധിയിലൂടെയുള്ളതും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വിനിയോഗത്തിലൂടെയുള്ളതുമായ ഒരു അടിച്ചമര്‍ത്തല്‍ പ്രക്രിയയാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായ വിധത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ചൊല്പടിയിലുള്ള ഹിന്ദു — ഫാസിസ്റ്റ് പ്രത്യയശാസ്ത്ര വിശ്വാസികളായ ബിജെപിയും ചേര്‍ന്നാണ് വിവിധതരം സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തലിന് വിധേയമാക്കിവരുന്നത്.


ഇതുകൂടി വായിക്കൂ: അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കൊല്ലരുത്


ഇതില്‍ സെന്‍സര്‍ഷിപ്പ് മുതല്‍ ആട്ടോമേറ്റസ് സംവിധാനങ്ങളും വിനിയോഗിക്കുക മാത്രമല്ല, രാജ്യത്തിന്റെ നിയമപരമായ ചട്ടക്കൂടും വ്യാപകമായി ദുര്‍വിനിയോഗം ചെയ്തുവരുന്നുമുണ്ട്. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ പൊതു ക്രമസമാധാനാവസ്ഥ തകിടം മറിക്കാന്‍ ഇടയുള്ളതും മാന്യതയ്ക്കും ധാര്‍മ്മികതയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വിശ്വസ്തതയ്ക്കും സുരക്ഷിതത്വത്തിനും നിരക്കാത്തതുമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പ്രസംഗങ്ങള്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്കുള്ള ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ യൂട്യൂബ്, ട്വിറ്റര്‍ — ഇപ്പോള്‍ ‘എക്സ്’ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മോഡി സര്‍ക്കാര്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിബിസിയിലുണ്ടായ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്ന വിജ്ഞാപനം ഇപ്പോള്‍ നിലവിലുണ്ട്. ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് കൃത്യമായി ജനാധിപത്യ – മനുഷ്യാവകാശ ലംഘനം മാനദണ്ഡമാക്കി കണ്ടെത്തിയിരിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സെന്‍സര്‍ഷിപ്പിലൂടെ ഈ ലക്ഷ്യം നേരിടുന്നതിന് അഞ്ച് വ്യത്യസ്ത മാര്‍ഗങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഒന്ന്, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിയന്ത്രണങ്ങള്‍. രണ്ട്, സമൂഹമാധ്യമ വേദികള്‍ തടയുക. മൂന്ന്, വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക. നാല്, വിപിഎല്‍ വഴിയുള്ള ബ്ലോക്കുകള്‍ ഏര്‍പ്പെടുത്തുക. അഞ്ച്, വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങള്‍ നീക്കം ചെയ്യുക എന്നിവയാണിത്. ഇതില്‍ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ ആശ്രയിച്ചുതുടങ്ങിയിട്ടില്ലാത്ത മാര്‍ഗം വിപിഎല്‍ — വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് എന്ന സംവിധാനം മാത്രമാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട് ആശയ വിനിമയ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളും ഇടപെടലുകളും വഴി രാഷ്ട്രീയ സാമൂഹ്യ മതപരമായ ഉള്ളടക്കങ്ങളോടുകൂടിയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിലും ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് സാധ്യതയുള്ള ഇത്തരം ഏതു മാധ്യമമായാലും സര്‍ക്കാര്‍വിരുദ്ധ സ്വഭാവമുള്ള ചര്‍ച്ചകളിലും ഇടപെടലുകള്‍ നടത്തുകവഴി ഫലപ്രദമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതകള്‍ നിലവിലുണ്ട്. സാങ്കേതികമായ മാര്‍ഗങ്ങള്‍ വഴി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഏത് ഏജന്‍സിയായാലും മനുഷ്യാവകാശ സംഘടനയായാലും അത് തടയുന്നതിന് സാധ്യത ഏറെയുണ്ട്. മുകളില്‍ സൂചിപ്പിച്ച സാധ്യതകളെല്ലാം ‘ഫ്രീഡം ഓണ്‍ ദി നെറ്റ്’ എന്ന പേരിലാണ് ഫ്രീഡം ഹൗസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘0’ – പൂജ്യം മുതല്‍ 100 വരെ റാങ്ക് നല്കിയാണ് തെരഞ്ഞെടുക്കപ്പെട്ട എട്ടു രാജ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിരിക്കുന്നതും. ഈ പട്ടികയില്‍ നിന്നും ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നത് ഇതില്‍പ്പെടുന്ന രാജ്യങ്ങളിലെ ഡിജിറ്റല്‍ സ്വാതന്ത്ര്യം സംബന്ധമായി ലഭിക്കുന്ന ഏകദേശ ചിത്രവും സ്വഭാവവുമാണ്. മൊത്തം എട്ട് രാജ്യങ്ങളുടെ കൂട്ടത്തില്‍ വികസിത രാജ്യങ്ങളായ യുഎസ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളോടൊപ്പം ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ വികസ്വര രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. രസകരമായ വസ്തുത ഏറെയൊന്നും സുപരിചിതമല്ലാത്ത ഐസ്‌ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്തുള്ളതെന്നതാണ്. 100ല്‍ 94 പോയിന്റുകളോടെ ഏറ്റവും താണ റാങ്ക് വെറും 26 പോയിന്റുകളോടെ പാകിസ്ഥാനെങ്കില്‍ 50 പോയിന്റുകളോടെ തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നതാണ് പ്രസക്തമായ മറ്റൊരു കാര്യം.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.