27 May 2024, Monday

പതഞ്ജലി-മോഡി അവിശുദ്ധ കൂട്ടുകെട്ട്

Janayugom Webdesk
April 4, 2024 5:00 am

സ്വയംപ്രഖ്യാപിത ‘യോഗ ഗുരു’ രാംദേവിനും പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ബാലകൃഷ്ണയ്ക്കും എതിരെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, അഹ്സനുദ്ദിൻ അമാനുള്ള എന്നിവരുടെ ബെഞ്ചിൽ നടന്നുവരുന്ന കോടതിയലക്ഷ്യ വിചാരണ മോഡി സർക്കാരും പതഞ്ജലി സ്ഥാപകരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരായ വിചാരണകൂടിയായി മാറുകയാണ്. കോവിഡ് 19 മഹാമാരിയുടെ കാലത്ത് അതിനെ പ്രതിരോധിക്കാനുള്ള സർവരോഗ സംഹാരിയാണ് തങ്ങളുടെ ആയുർവേദ ഉല്പന്നങ്ങളെന്ന് രാജ്യവ്യാപകമായി പരസ്യങ്ങളിലൂടെ കൊട്ടിഘോഷിച്ച നടപടിക്കെതിരെ ‘കണ്ണടച്ച’ മോഡി സർക്കാരിന്റെയും ആയുഷ് മന്ത്രാലയത്തിന്റെയും നടപടിയെ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച ചോദ്യംചെയ്തു. കോടതി ഒരുപടികൂടി കടന്ന് പതഞ്ജലി സഹസ്ഥാപകൻ രാംദേവിനെതിരെ കോടതിയലക്ഷ്യത്തിന് പുറമെ കോടതി മുമ്പാകെ പ്രതിജ്ഞാലംഘനം നടത്തിയതിനും നടപടിയെടുക്കേണ്ടി വരുമെന്ന് താക്കീത് നൽകി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പതഞ്ജലിയുടെ ‘നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന ധാരണ’ തിരുത്താൻ ഉതകുന്ന വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന 2020–21 വർഷങ്ങളിൽ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ വ്യാപകമായിരുന്നപ്പോൾ എന്തുകൊണ്ട് ആ ഔഷധങ്ങൾ മുഖ്യ പ്രതിരോധ ഔഷധങ്ങൾക്കൊപ്പം ഉപയോഗിക്കാവുന്ന പൂരക ഔഷധങ്ങൾ മാത്രമാണെന്ന് ജനങ്ങളെ അറിയിക്കാൻ സർക്കാർ സന്നദ്ധമായില്ലെന്ന് കോടതി ആരാഞ്ഞു. ‘കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടവർ രാജ്യത്തുടനീളം ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ മഹാമാരിക്ക് യാതൊരു മറുപടിയും ഇല്ലെന്ന് കൊട്ടിഘോഷിച്ചപ്പോൾ എന്തുകൊണ്ട് നിങ്ങൾ കണ്ണടച്ചു’ ജസ്റ്റിസ് ഹിമ കോഹ്‌ലി മേത്തയോട് ചോദിച്ചു.


ഇതുകൂടി വായിക്കൂ: അഴിമതിക്കെതിരായ മോഡിയുടെ വാക്കുകള്‍ കാപട്യം


ഫെബ്രുവരി 27ന് സുപ്രീം കോടതി, രക്തസമ്മർദം, പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് ‘ശാശ്വത പരിഹാര’മാണ് തങ്ങളുടെ ആയുർവേദ ഔഷധങ്ങൾ എന്ന് പരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിൽനിന്നും ‘പതഞ്ജലി ആയുർവേദ ഗുണഭോക്തൃ സ്ഥാപന’ത്തെ വിലക്കിയിരുന്നു. മറ്റ് വൈദ്യശാസ്ത്ര ശാഖകളെ തരംതാഴ്ത്തിയും അവയെപ്പറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം നിസാരവൽക്കരിച്ചും പതഞ്ജലി നടത്തുന്ന പരസ്യങ്ങളടക്കം പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സുപ്രീം കോടതിയെ സ മീപിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് അത്തരം പരസ്യ പ്രചാരണങ്ങൾക്കും അ ടി സ്ഥാനരഹിതമായ അവകാശവാദങ്ങൾക്കും കോടതി വിലക്കേർപ്പെടുത്തിയിരുന്നത്. അ ത്തരം പരസ്യങ്ങൾ ‘1954ലെ ഔഷധങ്ങളും മാന്ത്രിക പരിഹാര ചികിത്സകളും (ആക്ഷേപകരമായ പരസ്യങ്ങ ൾ) നിയമ’ത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിക്കുകയും അതിൽനിന്ന് വിട്ടുനിൽക്കാമെന്ന് പതഞ്ജലി കോടതിക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 21ന് ഇതുസംബന്ധിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി 24 മണിക്കൂറിനുള്ളിൽ രാംദേവ് പത്രസമ്മേളനം നടത്തി അതിനെ ധിക്കരിക്കുകയായിരുന്നു. ഇതാണ് പതഞ്ജലിയുടെ സഹസ്ഥാപകരായ രാംദേവിനും ബാലകൃഷ്ണയ്ക്കുമെതിരായ കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്. രണ്ട് വ്യക്തികളിലോ അവരുടെ ബിസിനസ് സ്ഥാപനത്തിലോ ഒതുങ്ങിനിൽക്കുന്ന ഒരു നിയമപ്രശ്നമല്ല ഇത്. പതഞ്ജലിയുടെ പ്രവർത്തനം ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന മൗലികാവകാശ പ്രശ്നമാണ്. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാൻ ഭരണഘടനാപരമായി ബാധ്യതയും ഉത്തരവാദിത്തവുമുള്ള സർക്കാരിന്റെ ഒത്താശയോടെയാണ് പതഞ്ജലിയുടെ പ്രവർത്തനം നടന്നുവരുന്നതെന്ന് ഇതുവരെ നടന്ന കോടതി നടപടികളിലൂടെ വ്യക്തമായിക്കഴിഞ്ഞു. സർക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറലിന്റെ നടപടികൾ അതാണ് തെളിയിക്കുന്നത്.


ഇതുകൂടി വായിക്കൂ: അഡാനിക്ക് പിന്നാലെ പതഞ്ജലിയും വീഴുന്നു


ഇന്ത്യയുടെ ആയുർവേദ പാരമ്പര്യത്തിന് രാജ്യത്തിന്റെ ചികിത്സാ, ആരോഗ്യപരിരക്ഷാ മേഖലയിൽ മഹത്തായ സ്ഥാനമാണുള്ളത്. എന്നാല്‍, അത് മറ്റെല്ലാ ചികിത്സാ-ആരോഗ്യ പരിപാലന രീതികളെക്കാളും പദ്ധതികളെക്കാളും മികച്ചതാണെന്ന് അവകാശപ്പെടുന്നത് അസ്ഥാനത്താണ്. നിലവിലുള്ള വ്യത്യസ്ത സംവിധാനങ്ങൾക്ക് പരസ്പരപൂരകമായി പ്രവർത്തിക്കാനാവണം. അതിനുപകരം അതിരുകടന്ന അവകാശവാദങ്ങളും അപവാദപ്രചാരണങ്ങളും നടത്തുന്നത് അപലപനീയവും ദുഷ്ടലാക്കോടെയുള്ളതുമാണ്. ധനലാഭം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ-ആരോഗ്യ പരിപാലന രീതികൾക്കുതന്നെ അപമാനകരവും അവയുടെമേൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയെ ഹനിക്കുന്നതുമാണ്. അത്തരം വിധ്വംസക സംരംഭങ്ങൾക്ക് മോഡി സർക്കാർ നൽകുന്ന ഒത്താശയും പിന്തുണയും നിയമവാഴ്ചയുടെ അട്ടിമറിയും ഹീനമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണ്. ജനങ്ങളുടെ ആരോഗ്യവും ജീവനും വിട്ടുവീഴ്ച ചെയ്ത ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും കോടാനുകോടി രൂപ സംഭാവനയായും തെരഞ്ഞെടുപ്പ് ബോണ്ടുകളായും കൈപ്പറ്റിയ ഒരു ഭരണകൂടത്തിൽനിന്നും മറ്റെന്താണ് ജനങ്ങൾക്ക് പ്രതീക്ഷിക്കാനുള്ളത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.