19 April 2024, Friday

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍

Janayugom Webdesk
തിരുവനന്തപുരം
March 27, 2022 8:35 am

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിച്ച് മറ്റന്നാള്‍ അർധരാത്രി 12 മണിക്ക് അവസാനിക്കും. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരി വ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാപാരി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കൊച്ചി റിഫൈനറിയിൽ തൊഴിലാളികൾ അത്യാവശ്യ സർവീസുകൾ അനുവദിച്ചുകൊണ്ടാണ് പണിമുടക്കുന്നത്.

മറ്റ് തൊഴിലാളികൾ തൊഴിൽ തർക്ക നിയമം(1947) സെഷൻ 21(1) പ്രകാരം നിയമാനുസൃതമാണ് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രതികാര നടപടികളിൽനിന്നും റിഫൈനറി മാനേജ്മെന്റ് പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി തൊഴിലാളികൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. കൊച്ചി റിഫൈനറിയിൽ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും സംയുക്ത ട്രേഡ് യൂണിയൻ സമിതി അഭ്യർത്ഥിച്ചു. പൊതു പണിമുടക്കിൽ നിന്നും പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ ടൂറിസ്റ്റുകളുടെ യാത്ര ഇവ ഒഴിവാക്കിയിട്ടുണ്ട്.

സഹകരണ ബാങ്കുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇന്നും തുറന്നു പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സഹകരണ രജിസ്ട്രാർ ഉത്തരവിറക്കി. അതതു ഭരണസമിതികളുടെ തീരുമാനപ്രകാരം ഇന്ന് ബാങ്കുകൾ തുറക്കണമെന്നുമാണ് നിർദേശം. അടുത്ത രണ്ടുദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വകാര്യ ദേശസാൽകൃത ബാങ്കുകൾ പ്രവർത്തിക്കില്ല. ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സഹകരിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഓൺലൈൻ ബാങ്കിങ് ഇടപാടുകളെ സമരം ബാധിച്ചേക്കില്ല. എടിഎമ്മുകളിലും പണം നിറയ്ക്കാനുള്ള സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു. പണിമുടക്കിന് ശേഷം മാർച്ച് 30ന് തുറക്കുന്ന ബാങ്കുകൾ രണ്ട് ദിവസത്തിനു ശേഷം മെയ് ഒന്നിന് വാർഷിക കണക്കെടുപ്പിനായി വീണ്ടും അടയ്ക്കും.

റേഷന്‍കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ദേശീയ പണിമുടക്കിനെ തുടർന്ന് രണ്ട് ദിവസം റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ നിർദേശപ്രകാരമാണ് നടപടി.

eng­lish summary;National strike from mid­night today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.