December 2, 2023 Saturday

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദ്വിദിന പണിമുടക്ക്; ബദലൊരുക്കുന്ന ബന്ദ്

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
March 28, 2022 9:13 pm

ജനവിരുദ്ധ നയങ്ങളാല്‍ ജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി രാജ്യം. ഭരണകൂടത്തിന്റെ തൊഴിലാളി, കര്‍ഷക, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണയുമായി എല്ലാ വിഭാഗം ജനങ്ങളും രംഗത്തെത്തിയതോടെ, പണിമുടക്കിന്റെ ആദ്യദിനത്തില്‍ രാജ്യമാകെ തൊഴില്‍ മേഖല നിശ്ചലമായി. കേരളത്തില്‍ ദേശീയ പണിമുടക്ക് സമ്പൂര്‍ണമായിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡിഷ, അസം, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിയതോടെ ബന്ദിന്റെ പ്രതീതിയായി. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലുള്‍പ്പെടെ ദേശീയ പണിമുടക്ക് സാരമായി ബാധിച്ചു.

ഡല്‍ഹി, യുപി, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും തൊഴിലാളികള്‍ പണിമുടക്കി പ്രകടനങ്ങള്‍ നടത്തി. തമിഴ്‌നാട്ടില്‍ 50,000 സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നൂറിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണകള്‍ നടത്തി. ഇന്‍കം ടാക്സ് വകുപ്പ് ജീവനക്കാരുള്‍പ്പെടെ സമരത്തിന്റെ ഭാഗമായി. സ്കീം വർക്കേഴ്സ്, ഗാർഹികത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാര്‍, ബീഡി തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയ പൊതു, അസംഘടിത മേഖലകളിലെ തൊഴിലാളികളും ദേശീയ പണിമുടക്കിന്റെ ഭാഗമായി. ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കിയതോടെ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ നിശ്ചലമായി. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കല്‍ക്കരി മേഖലയില്‍ ദേശീയ പണിമുടക്ക് പൂര്‍ണമായി. സ്റ്റീല്‍, ഓയില്‍, കോപ്പര്‍, ടെലികോം മേഖലകളെല്ലാം രാജ്യത്തുടനീളം പ്രവര്‍ത്തനം തടസപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രയോഗിച്ച മഹാരാഷ്ട്രയിലുള്‍പ്പെടെ വൈദ്യുതി ജീവനക്കാര്‍ പണിമുടക്കിലാണ്. പണിമുടക്കിന്റെ ഭാഗമായി റയില്‍വേ, പ്രതിരോധ മേഖലകളിലെ ജീവനക്കാര്‍ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ചക്രസ്തംഭന, റോഡ്-റയില്‍ തടയല്‍ സമരങ്ങളും നടന്നു. ഹരിയാനയില്‍ എസ്മ പ്രയോഗിച്ചിട്ടും, റോഡ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ഡിപ്പോകള്‍ ഉപരോധിച്ചുകൊണ്ട് ശക്തമായ സമരത്തിലാണ്. എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ‘രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി പണിമുടക്ക് നടക്കുന്നത്. ബിഎംഎസ് മാത്രമാണ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സംയുക്ത കര്‍ഷക സമിതിയും ബാങ്ക് ജീവനക്കാരുടെ സംഘടനയായ എഐബിഇഎയും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ദേശീയധന സമ്പാദന പൈപ്പ് ലൈന്‍ പദ്ധതിയും ഉപേക്ഷിക്കുക, ആദായനികുതി അടയ്‌ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് സാർവത്രിക സാമൂഹിക സുരക്ഷ നൽകുക, ഇന്ധനവില വര്‍ധനവ് തടയുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

eng­lish summary;Two-day strike against anti-peo­ple policies

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.