26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 22, 2024
December 20, 2023
December 15, 2023
December 11, 2023
December 4, 2023
December 2, 2023
November 29, 2023
November 21, 2023
November 20, 2023
November 20, 2023

നവകേരള സദസ്; മന്ത്രിസഭ ജനങ്ങളിലേക്ക്

പിണറായി വിജയന്‍ (മുഖ്യമന്ത്രി)
November 18, 2023 4:30 am

നവകേരള സദസുകള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. വളരെ സവിശേഷമായ ഒരു രാഷ്ട്രീയ — സാമൂഹ്യ പശ്ചാത്തലത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. വിപരീത ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദല്‍ ഉയര്‍ത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും വികസത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, ഇതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികള്‍ കണ്ടെത്തി മറികടന്നുകൊണ്ട് കേരളം മുന്നോട്ടു പോവുകയാണ്, നവകേരളസൃഷ്ടി യാഥാര്‍ത്ഥ്യമാക്കുകയാണ്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്തുകൊണ്ട് പുതിയ ഒരു കേരളമാതൃക സൃഷ്ടിക്കുകയാണ്. കേരളത്തെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്തൊക്കെയാണെന്നും കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നതെന്നും ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസുകള്‍. അതേസമയം തന്നെ നവകേരളസൃഷ്ടിയില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായാനും അതുള്‍ക്കൊണ്ടുകൊണ്ട് ആസൂത്രണം നടത്താനും ഉദ്ദേശിക്കുന്നു. ചെയ്തത് എന്തൊക്കെയെന്നും ചെയ്യാന്‍ പോകുന്നത് എന്തൊക്കെയെന്നും ജനങ്ങളെ അറിയിക്കാനുള്ള അവസരമായിക്കൂടിയാണ് പരിപാടിയെ കാണുന്നത്. ആ നിലയ്ക്ക് ജനങ്ങളും സര്‍ക്കാരും തമ്മില്‍ വലിയ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദികളാണ് നവകേരള സദസുകള്‍.

ഇന്ന് മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച് ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കുന്ന നിലയിലാണ് സദസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്തുകളും മേഖലാ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. അതിന്റെ അടുത്തഘട്ടം കൂടിയാണ് നവകേരള സദസുകള്‍. ഓരോ നിയോജക മണ്ഡലത്തിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സദസില്‍ ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നവകേരള നിര്‍മ്മിതിക്ക് അടിത്തറ ഒരുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനം രൂപീകൃതമായി 67 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ആറേമുക്കാല്‍ ദശകങ്ങള്‍ കൊണ്ട് നമ്മുടെ സമൂഹത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാനവ വിഭവ വികസന സൂചികകളില്‍ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ നമ്മള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. സാക്ഷരത, ജനകീയാസൂത്രണം, അധികാരവികേന്ദ്രീകരണം, സ്ത്രീശാക്തീകരണം എന്നിവയിലെല്ലാം നമ്മള്‍ രാജ്യത്തിനു മാതൃകയാണ്. ദാരിദ്ര്യനിര്‍മ്മാജനത്തിന്റെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ നാല് ദശകങ്ങളില്‍ത്തന്നെ കേരളത്തിന്റെ ദാരിദ്ര്യനിരക്ക് 40 ശതമാനത്തില്‍ നിന്നും 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങള്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല. കേരളത്തിന്റെ വികസനപാത ക്ലേശകരമായിരുന്നു എന്ന വസ്തുത ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍, മണ്ണിലും തൊഴില്‍ശാലകളിലും പണിയെടുത്തവര്‍ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍, നാടുവാഴി സമ്പ്രദായത്തിനെതിരെയും ദിവാന്‍ ഭരണത്തിനെതിരെയും സാമ്രാജ്യത്വവാഴ്ചയ്ക്കെതിരെയും നടന്ന പ്രക്ഷോഭങ്ങള്‍, വിദ്യാഭ്യാസ‑ആരോഗ്യമേഖലയിലെ പുരോഗതിക്കുവേണ്ടി നടത്തപ്പെട്ട ജനകീയ ഇടപെടലുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച മാറ്റങ്ങളാണ് നമ്മുടെ പുരോഗതിക്ക് അടിത്തറയൊരുക്കിയത്. ലോകം അംഗീകരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് ഇതിന്റെയെല്ലാം ഫലമായാണ്.


ഇതുകൂടി വായിക്കൂ: പാവപ്പെട്ടവര്‍ക്കു മീതെ ചാപ്പകുത്ത് മനുഷ്യാവകാശ ലംഘനം


എന്നാല്‍, ഈ നേട്ടങ്ങളില്‍ അഭിരമിച്ച് വിശ്രമിക്കേണ്ട വേളയിലല്ല നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതായിരിക്കണമെന്നതും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് നവകേരള സദസുകള്‍. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. കോവിഡ് മഹാമാരി ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021–22 ല്‍ നമ്മുടെ സമ്പദ്ഘടന 12 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ നാല് ശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായസൗഹൃദ നയങ്ങളുടെ ഫലമായി ആ മേഖലയിലും പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 1,39,000ത്തിലധികം സംരംഭങ്ങളാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന സേവന മേഖലയിലും ഗണ്യമായ വളര്‍ച്ചയാണ് — 17 ശതമാനത്തിലധികം — ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെന്നതുപോലെ തന്നെ സാമൂഹ്യനീതിയിലും സുസ്ഥിരതയിലും ഊന്നുന്നതാണ് നവകേരള സങ്കല്പം. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, എല്ലാവര്‍ക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേന്മയുള്ള പൊതു-ഉന്നതവിദ്യാഭ്യാസം, പശ്ചാത്തലസൗകര്യ വികസനം, ഉല്പാദനക്ഷമതയുള്ള തൊഴിലവസരങ്ങള്‍, എല്ലാവര്‍ക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം, കാര്‍ഷികഭൂമിയുടെ വീണ്ടെടുക്കല്‍, കൂടുതല്‍ കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള സങ്കല്പത്തിന്റെ ഭാഗമായി നമുക്കുള്ളത്.

അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത 25 വര്‍ഷംകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം വികസിത‑മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. നാളിതുവരെ ആര്‍ജിച്ച നേട്ടങ്ങളില്‍ ഊന്നിക്കൊണ്ട് പുതിയ കാലത്തിനനുസൃതമായി നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും പുതുക്കിപ്പണിയുകയാണ്. ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുകയും അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തില്‍ സമ്പദ്ഘടനയെയും സമൂഹത്തെയും സ്വയംവിമര്‍ശനപരമായി വിലയിരുത്തുകയാണ്. പ്രൊഡക്ടീവ് ഇക്കണോമി എന്ന നിലയിലേക്ക് കേരളം വളരണമെങ്കില്‍ അറിവിനെ ഉല്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തിപ്പിക്കുന്ന ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നാം മാറേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടലുകളാണ് നവകേരള സദസിന്റെ ഭാഗമായി ഉണ്ടാവുക. മഹത്തായ ലക്ഷ്യങ്ങള്‍ മനസിലുറപ്പിക്കുക, അതു നേടിയെടുക്കാന്‍ കര്‍മ്മോത്സുകതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് അസാധ്യമായതിനെ സാധ്യമാക്കാനുള്ള വഴി. ആ വഴിക്കു നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ പലതും നമ്മള്‍ നടത്തിയെടുത്തു. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ തൊട്ട് വിഴിഞ്ഞം തുറമുഖം വരെയായി എത്രയെത്ര ദൃഷ്ടാന്തങ്ങള്‍. അടിസ്ഥാനസൗകര്യ വികസനത്തില്‍ മാത്രമല്ല, ക്ഷേമ ഇടപെടലുകളുടെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.


ഇതുകൂടി വായിക്കൂ:കേരളീയം: നവലോകത്തിന്റെ വാതായനം


60 ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍, നാല് ലക്ഷത്തോളം വീടുകള്‍, മൂന്ന് ലക്ഷത്തിലധികം പട്ടയങ്ങള്‍, 43 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നിവയെല്ലാം നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളില്‍ നിന്നുകൊണ്ടാണ്. പരിമിതിയുടെ മധ്യത്തിലും അടങ്ങാത്ത ഇച്ഛാശക്തിയോടെ നീങ്ങി. ഒന്നും ഒന്നിനും തടസമല്ല എന്നുറപ്പാക്കിക്കൊണ്ട് പുതിയ വഴികള്‍ വെട്ടി നാം മുന്നേറി. ആ മുന്നേറ്റത്തിന്റെ അടുത്തഘട്ടം എങ്ങനെയാവണം? അത് അധികാര കേന്ദ്രങ്ങളല്ല, ജനമനസുകളാണ് നിശ്ചയിക്കേണ്ടത്. ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞേ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ. അതുകൊണ്ടുതന്നെ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണ്. ജനങ്ങളാണ് നിര്‍ദേശിക്കേണ്ടവര്‍, ഞങ്ങള്‍ നിറവേറ്റേണ്ടവര്‍ മാത്രമാണ് എന്ന ഉത്തമമായ ബോധ്യത്തോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.