22 December 2024, Sunday
KSFE Galaxy Chits Banner 2

നെടുമുടി എന്ന കൊടുമുടി

രമേശ് ബാബു
മാറ്റൊലി
October 21, 2021 4:55 am

ടനേതിഹാസം ശിവാജി ഗണേശനാണ് മലയാളികളുടെ പ്രിയങ്കരനായ നടൻ നെടുമുടി വേണുവിനെ നടനത്തിന്റെ കൊടുമുടി എന്ന് ആദ്യമായി വിശേഷിപ്പിക്കുന്നത്. മറ്റൊരു ഇതിഹാസം കമല്‍ഹാസന്‍ നെടുമുടി വേണുവിനോട് ചോദിച്ചത് അഭിനയത്തില്‍ ഇനി വല്ല വിസ്മയവും ബാക്കിയുണ്ടോ എന്നായിരുന്നു. മലയാള സിനിമയിലെ നെടുമുടിക്കാലം കഴിഞ്ഞു. നല്ല നടനാകാന്‍ വരുന്നവര്‍ക്ക് പ്രചോദനവും പാഠവുമായി ആ ഓര്‍മ്മകള്‍ ഇനി നിലനില്‍ക്കും. പക്ഷേ നവാഗതര്‍ക്ക് അദ്ദേഹത്തെ കണ്ട് അഭിനയം പഠിക്കുവാനാകുമായിരുന്നുവെന്ന് തോന്നുന്നില്ല. കാരണം അനുകരിക്കാന്‍ ആവാത്തതാണ് ആ ശെെലിയും പകര്‍ന്നാട്ടവും വെെവിധ്യങ്ങളും. സാധനയും സമര്‍പ്പണവുമാണ് അദ്ദേഹം പകരുന്ന പാഠം.

 


ഇതുകൂടി വായിക്കൂ: സര്‍വം താളമയം


 

അഭിനയകലയുടെ ഔന്നത്യങ്ങള്‍ കീഴടക്കിയ ദക്ഷിണേന്ത്യന്‍ നടന്‍മാരായ ശാരംഗപാണി, എം ആര്‍ രാധ, നാഗേഷ് എന്നിവരെ അനുസ്മരിപ്പിക്കുന്ന വ്യതിരിക്തതയും സൂക്ഷ്മതയും അഭിനയത്തില്‍ പ്രകടിപ്പിച്ച മറ്റൊരു നടന്‍ മലയാളത്തില്‍ എണ്‍പതുകള്‍ക്ക് ശേഷമില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി ജെ ആന്റണി, സത്യന്‍, അടൂര്‍ഭാസി എന്നിവരുടെ അഭിനയ പാരമ്പര്യത്തിന്റെ നേരവകാശിയും മലയാളസിനിമയില്‍ നെടുമുടിയല്ലാതെ മറ്റാരുമല്ല. എണ്‍പതുകള്‍ക്ക് ശേഷം മലയാള സിനിമ കണ്ട പെര്‍ഫെക്ട് ആക്ടറായിരുന്നു നെടുമുടി വേണു. നെടുമുടി വേണുവിനെപ്പോലെ അഭിനയകലയില്‍ ഇത്രയും വെെജാത്യങ്ങള്‍ പ്രകടിപ്പിക്കാന്‍ സമകാലിക മലയാള സിനിമയില്‍ മറ്റൊരു താരത്തിനോ നടനോ കഴിയുകയുമില്ല. കാരണം അദ്ദേഹം ജന്‍മനാ പ്രതിഭാവല്ലഭനായിരുന്നു. സംഗീതം, മേളം, താളം, നൃത്തം, നാടകം, തനത് കലകള്‍, കഥകളി, ആഴത്തിലുള്ള വായന, ജീവിത നിരീക്ഷണം എല്ലാംതന്നെ അദ്ദേഹത്തെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഈ മേഖലകളിലെ പരിശീലന കളരികളിലൂടെയെല്ലാം കടന്നുവന്നിട്ടുള്ള അദ്ദേഹം ഒടുവില്‍ സകലകലാവല്ലഭനായി പരിണമിക്കുകയായിരുന്നു. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും ദേശം, ഭാഷ, സംസ്കാരം, കാലം എന്നിവയുടെ സൂക്ഷ്മാംശം പ്രത്യക്ഷമാക്കിയിരുന്നു. നെടുമുടി എന്ന നടന്റെ ശരീരഭാഷയില്‍ കീഴാളന്റെ ഉള്‍ത്തുടിപ്പുകളും വരേണ്യരുടെ അധികാരഭാവങ്ങളും ഒരേപോലെ ഇഴുകിച്ചേരുന്നത് അതിശയത്തോടെയേ കണ്ടിരിക്കാനാവുമായിരുന്നുള്ളു. ജന്‍മസിദ്ധികളെ ഒരു നടന് വേണ്ട എല്ലാ പരിശീലന കളരികളിലൂടെയും കടത്തിവിട്ട് സ്ഫുടം ചെയ്തെടുത്ത അഭിനയ പ്രതിഭ മലയാളത്തില്‍ നെടുമുടിയല്ലാതെ മറ്റാരുമില്ല.

 


ഇതുകൂടി വായിക്കൂ: നെടുമുടി വേണു : സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ


 

നെടുമുടി വേണുവിന്റെ കഴിവുകളും അഭിനയശേഷിയും വച്ചുനോക്കുമ്പോള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള പുരസ്കാരങ്ങള്‍ തുലോം കുറവാണ്. പുരസ്കാരങ്ങള്‍ അത് നിശ്ചയിക്കുന്നവരുടെ മാത്രം നിലവാരമാണ് വെളിപ്പെടുത്തുന്നത് എന്നതിനാല്‍ കലാകാരന്റെ മികവ് തെളിയിക്കുന്ന ആത്യന്തികമായ മാനദണ്ഡങ്ങളല്ല. എങ്കിലും ശരാശരിയോ, ശരാശരിയെക്കാള്‍ അല്പം മുകളിലോ മാത്രം നില്‍ക്കുന്നവര്‍ വര്‍ഷാന്ത്യങ്ങളില്‍ സംസ്ഥാന‑ദേശീയ അവാര്‍ഡുകള്‍ പലതവണ നേടുമ്പോള്‍ ആസ്വാദകര്‍ നെറ്റിചുളിക്കുന്നത് സ്വാഭാവികം. മികച്ച സഹനടന്‍ ഉള്‍പ്പെടെ മൂന്ന് തവണ ദേശീയ അവാര്‍ഡ്, മികച്ച നടന് മൂന്നുതവണ ഉള്‍പ്പെടെ ആറ് സംസ്ഥാന പുരസ്കാരങ്ങള്‍. ഒരുതവണ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിവയൊക്കെയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍. പേരിന് മുന്നേ ഭരത് എന്ന വിശേഷണം കഴിഞ്ഞ 40 വര്‍ഷക്കാല മലയാള സിനിമാചരിത്രത്തില്‍ മറ്റേതൊരു നടനെക്കാള്‍ ശോഭിക്കുക നെടുമുടിക്കായിരുന്നു. വിടപറയും മുമ്പേ, രചന, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മംഗളം നേരുന്നു, ഇഷ്ടി (സംസ്കൃതം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ആവര്‍ത്തിച്ച് ലഭിക്കേണ്ടതായിരുന്നു.

 


ഇതുകൂടി വായിക്കൂ: കലാതപസ്വിക്ക് വിട


 

എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയില്‍ സമാന്തര ചിത്രങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിച്ചുതുടങ്ങിയതോടെയാണ് നെടുമുടിയെപ്പോലെ അഭിനയത്തിന്റെ മര്‍മ്മം സൂക്ഷ്മാംശത്തിലൂടെ വെളിപ്പെടുത്തുന്ന നടന്മാര്‍ പ്രസക്തരും പ്രസിദ്ധരുമാകുന്നത്. എണ്‍പതുകളുടെ ആദ്യദശയില്‍ നെടുമുടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാര്‍ ആദ്യഘട്ടത്തില്‍ സമാന്തര സിനിമകളോട് ഒത്തുപോകുകയും ക്രമേണ താരപദവിയിലേക്ക് ചുവടുമാറ്റം നടത്തുകയും ചെയ്തതോടെയാണ് മലയാളത്തില്‍ സമാന്തര ചിത്രങ്ങളുടെ കഷ്ടകാലം തുടങ്ങുന്നത്. താളബോധവും സൂക്ഷ്മതയും തന്‍മയീഭാവവുമുള്ള മോഹന്‍ലാലും കഥാപാത്രങ്ങള്‍ക്ക് തേച്ചുമിനുക്കിയ സ്വാഖ്യാനം നല്കാന്‍ ശേഷിയുള്ള മമ്മൂട്ടിയും ഫാന്‍സ് അസോസിയേഷന്‍ എന്ന മഹല്ലുകമ്മിറ്റികളെയും കരയോഗങ്ങളെയും കൂട്ടുപിടിച്ച് രാജാപാര്‍ട്ട് കെട്ടിയാടാന്‍ തുടങ്ങിയതോടെ മലയാള ചലച്ചിത്രലോകം കലാപരമായ പതനത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. നെടുമുടിയെപ്പോലെ വിസ്മയകരമായി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിവുള്ള നടന്മാര്‍ അമ്മാവന്റെയും കാരണവന്മാരുടെയും വേഷങ്ങളിലേക്ക് തളച്ചിടപ്പെട്ടു. രംഗത്ത് പിടിച്ചുനില്‍ക്കാന്‍ മാനറിസങ്ങളെ സ്വയം ചെടിപ്പോടെ അവര്‍ക്ക് ആവര്‍ത്തിക്കേണ്ടിയും വന്നു.

 


ഇതുകൂടി വായിക്കൂ: അരങ്ങുകള്‍ കീഴടക്കിയ നെടുമുടി


 

കോവിഡിന്റെ ആവിര്‍ഭാവം സിനിമാലോകത്ത് നടത്തിയ വലിയ ശുദ്ധീകരണങ്ങളിലൊന്ന് കടല്‍ക്കിഴവന്‍മാരായ സ്വയം അവരോധിത സൂപ്പര്‍താരങ്ങളെ മൂലക്കിരുത്താനായി എന്നതാണ്. പ്രതികൂല സാഹചര്യത്തിലും യുവതലമുറ പുതിയ രചനാ സങ്കേതങ്ങളുമായി ശക്തമായ പ്രകടനമാണ് ചലച്ചിത്രരംഗത്ത് ഇന്ന് കാഴ്ചവയ്ക്കുന്നത്. വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അവര്‍ മനോഹരമായ ദൃശ്യാഖ്യാനങ്ങള്‍ നല്കുമ്പോള്‍ അവര്‍ക്കാവശ്യം നെടുമുടി വേണുവിനെപ്പോലുള്ള നടന്മാരെയാണ്. ‘ഇഷ്ടി’, ‘തയാ’ എന്നീ സംസ്കൃതഭാഷാ ചിത്രങ്ങളില്‍ (സംസ്കൃതവും അദ്ദേഹത്തിന് നന്നായി വഴങ്ങിയിരുന്നുവെന്ന് ഈ ചിത്രങ്ങളുടെ സംവിധായകൻ ഡോ. ജെ പ്രഭ പറയുന്നു) നായകപ്രാധാന്യമുള്ള നടനായി അദ്ദേഹം മടങ്ങിവരവ് നടത്തിയ വേളയിലാണ് മരണം അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയത്.

തന്റെ അഭിനയജീവിത മുഹൂര്‍ത്തങ്ങളെക്കുറിച്ചും തനതു കലയെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നെങ്കിലും അത് പൂര്‍ത്തീകരിക്കാനദ്ദേഹത്തിന് ആയില്ല. ഗുരുവായ കാവാലം നാരായണ പണിക്കര്‍ക്ക് സ്മാരകം ഉയര്‍ത്തണമെന്ന മോഹവും സാക്ഷാത്കരിക്കാനായില്ല. സകലകലകളും സമന്വയിക്കുന്ന ചലച്ചിത്രമേഖലക്ക് സകലകലകളിലും അവഗാഹമുള്ള നെടുമുടിവേണുവിനെപോലുള്ള നടന്മാര്‍ എക്കാലത്തും മുതല്‍ക്കൂട്ടായിരിക്കും.

 

മാറ്റൊലി

പൂവായാൽ മണം വേണം

പുമാനായാൽ ഗുണം വേണം — അതുപക്ഷേ ഒരേയൊരു പ്രേംനസീറിന് മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.