21 June 2024, Friday

നീറ്റ് പരീക്ഷ: അട്ടിമറി മറച്ചുവയ്ക്കാന്‍ ശ്രമം

Janayugom Webdesk
June 10, 2024 5:00 am

ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെ സംബന്ധിക്കുന്ന പ്രതീക്ഷകൾക്കുമേൽ നിഴൽവീഴ്ത്തിയ നീറ്റ് പരീക്ഷ (ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ) ക്രമക്കേടിൽ ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ച അന്വേഷണം പ്രശ്നത്തെ നിസാരവല്‍ക്കരിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് പഠനങ്ങൾക്കും പല വിദേശ രാജ്യങ്ങളിലെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതാ പരീക്ഷയാണ് നീറ്റ്. രജിസ്റ്റർ ചെയ്യപ്പെടുന്ന അപേക്ഷകർക്കായി ഇന്ത്യയിൽ നടത്തപ്പെടുന്ന ഏറ്റവും ബൃഹത്തായ പരീക്ഷകളിൽ ഒന്നാണ് നീറ്റ്. ജൂൺ നാലിന്, മൂന്നാം മോഡി സർക്കാർ അധികാരമേൽക്കുന്നതിന് അഞ്ചുദിവസം മുമ്പ് പുറത്തുവന്ന പരീക്ഷാഫലം സംബന്ധിച്ച വിദ്യർത്ഥികളുടെ പരാതി പ്രവാഹവും തുടർന്ന് പ്രതിപക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽനിന്നും ഉയർന്ന രൂക്ഷപ്രതികരണങ്ങളും മറ്റൊരു കുംഭകോണത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരീക്ഷയിൽ പങ്കെടുത്ത 67 വിദ്യാർത്ഥികൾക്ക് 720ൽ 720 മാർക്കും ലഭിച്ചത് അസാധാരണവും ഊതിവീർപ്പിച്ചതുമാണെന്ന പരാതി പ്രസക്തമാണ്. രണ്ടോ മൂന്നോ പരീക്ഷാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന മാർക്ക് ഇത്തവണ രാജ്യത്തെ പ്രമുഖ മെഡിക്കൽ കോളജുകളിൽ പൊതുവിഭാഗത്തിന് ലഭ്യമായ മൊത്തം സീറ്റിലും അധികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, അത്തരത്തിൽ മുഴുവൻ മാർക്കും ലഭിച്ചവരിൽ ആറുപേർ ഹരിയാനയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽനിന്നും ഉള്ളവരാണെന്നത് ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണത്തെ സാധൂകരിക്കുന്നതായും പരാതിക്കാർ സംശയിക്കുന്നു. പരീക്ഷ നടത്തിപ്പുകാരായ എൻടിഎ ക്രമക്കേടുകളോ ചോദ്യപേപ്പർ ചോർച്ചയോ ഉണ്ടായിട്ടില്ലെന്ന് ആവർത്തിക്കുന്നു. പരീക്ഷയ്ക്ക് ആധാരമായ എൻസിഇആർടി പാഠപുസ്തകങ്ങളിലെ പരിഷ്കാരങ്ങൾ, താരതമ്യേന സുഗമമായ പരീക്ഷ, രജിസ്ട്രേഷനിൽ ഉണ്ടായ വർധന, ഒരു ചോദ്യത്തിന് നൽകിയ രണ്ട് ശരിയുത്തരം, പരീക്ഷാകേന്ദ്രങ്ങളിൽ ഉണ്ടായ കാലതാമസത്തിന് പ്രതിവിധിയായി നൽകിയ ഗ്രേ‌സ്‌മാർക്ക് തുടങ്ങിയവയാണ് അസാധാരണമായ ഉയർന്ന മാർക്കിന് ന്യായീകരണമായി എൻടിഎ നിരത്തുന്നത്. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അവരും പരാതിക്കാരായ വിദ്യാർത്ഥികളും പുനർപരീക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള ഉയർന്ന മാർക്കുകൾ സംഖ്യാശാസ്ത്രപരമായി പരീക്ഷ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. അത്തരക്കാർക്ക് ലഭിച്ചിട്ടുള്ള ഗ്രേസ്‌മാർക്കുകൾ നിർണയിക്കപ്പെട്ടിട്ടുള്ള യുക്തിക്ക് നിരക്കുന്നതുമല്ല. അത്തരത്തിൽ നൽകിയ മാർക്കിന്റെ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാനും എൻടിഎ തയ്യാറായിട്ടില്ല. ഇവയെല്ലാം പരീക്ഷാഫലത്തെപ്പറ്റിയുള്ള ദുരൂഹത വർധിപ്പിക്കുന്നു. പല കേന്ദ്രങ്ങളിലും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും ടെസ്റ്റിങ് ഏജൻസി അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്നും ജൂനിയർ ഡോക്ടേഴ്സ് നെറ്റ്‌വര്‍ക്ക് ആരോപിക്കുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ സമയനഷ്ടം കണക്കിലെടുത്ത് ഗ്രേസ്‌മാർക്ക് നൽകുന്നത് സംബന്ധിച്ച് പരീക്ഷയ്ക്ക് മുന്നോടിയായി നൽകുന്ന ഇൻഫർമേഷൻ ബുള്ളറ്റിനിൽ യാതൊരു പരാമർശവുമില്ല. പരീക്ഷ പൂർത്തിയായതിനുശേഷം ടെസ്റ്റിങ് ഏജൻസി സ്വീകരിച്ച ചട്ടങ്ങൾ തീർത്തും ദുരൂഹമാണെന്നും ജൂനിയർ ഡോക്ടർമാരുടെ സംഘടന പറയുന്നു. പല വിദ്യാർത്ഥികളുടെയും സ്കോർകാർഡിലെയും ഒഎംആർ ഷീറ്റിലെയും മാർക്കുകൾ തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ഗ്രേസ് മാർക്ക് നൽകപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നിന്നല്ലാത്ത വിദ്യാർത്ഥികൾക്കാണ് ഈ അനുഭവമെന്നത് ഗ്രേസ്‌മാർക്കിന്റെ പേരിലുള്ള ന്യായീകരണങ്ങളെ അസാധുവാക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല എൻഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയടക്കം നീറ്റ് പുനർപരീക്ഷയെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നു. തമിഴ്‌നാട് സർക്കാർ തുടക്കത്തിലെ തന്നെ നീറ്റ് പരീക്ഷയ്ക്ക് എതിരാണ്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക്, വിശിഷ്യ സംവരണ വിഭാഗങ്ങൾക്ക്, അവസരം നിഷേധിക്കപ്പെടുന്നുവെന്ന വസ്തുതയാണ് തമിഴ്‌നാടിന്റെ എതിർപ്പിന് മുഖ്യകാരണം.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി മുൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അധ്യക്ഷനായുള്ള ഒരു ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി കേന്ദ്രത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുനർപരീക്ഷ എന്ന ആവശ്യം തള്ളി 24 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 1600 പേരുടെ പരാതി മാത്രമായിരിക്കും കമ്മിഷന്റെ പരിശോധനാ വിഷയം. മറ്റുള്ള പരീക്ഷാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹാരം കൂടാതെ അതുപോലെ തുടരും. ചോദ്യപേപ്പർ ചോർച്ചയടക്കം ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ എല്ലാം തന്നെ ആവർത്തിച്ചു നിഷേധിക്കുന്ന ടെസ്റ്റിങ് ഏജൻസിയും കേന്ദ്രസർക്കാരും വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിട്ട് ഗുരുതരമായ അട്ടിമറി മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് മാത്രമേ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനും അട്ടിമറിയുടെ ഇരകളായ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പുവരുത്താനും കഴിയു. പുതിയ പാർലമെന്റിന്റെ പ്രഥമ സമ്മേളനത്തിൽത്തന്നെ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ ഉന്നയിക്കപ്പെടുമെന്ന് ഇന്ത്യ സഖ്യകക്ഷികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പുതുതലമുറയിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ അവകാശ നിഷേധം ഒരു കാരണവശാലും അനുവദിച്ചുകൂടാ. 

NEET Exam: Attempt to cov­er up the coup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.