14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 11, 2024
April 11, 2024
March 1, 2024
January 7, 2024
December 28, 2023
December 24, 2023
September 8, 2023
April 5, 2023
March 31, 2023
August 25, 2022

പെഗാസസില്‍ പുതിയ ഹര്‍ജി; മോഡിക്കെതിരെ കേസെടുക്കണം

Janayugom Webdesk
ന്യൂഡൽഹി
January 30, 2022 10:43 pm

ഇസ്രയേലി ചാരസോഫ്റ്റ്‍വേർ പെഗാസസ് ഇന്ത്യവാങ്ങിയെന്ന കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ പുതിയ ഹർജി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാനും ഇടപാടിന് നൽകിയ പൊതുപണം തിരിച്ചുപിടിക്കാനും നിര്‍ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

ഇന്ത്യ‑ഇസ്രയേൽ കരാർ പാർലമെന്റ് അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ റദ്ദാക്കണമെന്നും അഭിഭാഷകനായ മനോഹർ ലാൽ ശർമ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മോഡി സർക്കാര്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചവരില്‍ ഒരാളാണ് ശര്‍മ. ഇതുസംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പരിഗണിക്കണമെന്നും ഇസ്രയേലുമായുള്ള 2017 ലെ പ്രതിരോധ കരാറിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജി ആവശ്യമുന്നയിക്കുന്നുണ്ട്.

മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള 200 കോടി ഡോളറിന്റെ പാക്കേജിന്റെ ഭാഗമായി 2017ൽ പെഗാസസ് ഇന്ത്യൻ സർക്കാർ വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത്.

പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.

ദേശസുരക്ഷയുടെ പേര് പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അന്ന് ഉന്നയിച്ചത്. പൗരന്മാരുടെ സ്വകാര്യതയ്ക്ക് രാജ്യത്ത് വിലയുണ്ടെന്നും ഫോൺ ചോർത്തലിന് ഇരയായ ചിലർ തന്നെയാണ് പരാതിക്കാർ എന്നതിനാൽ കേസ് ഗൗരവമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് ചോർത്തലിന് കാരണമെങ്കിൽ അത് കോടതിയിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

സമിതി റിപ്പോര്‍ട്ട് നല്കിയില്ല

പെഗാസസ് സംബന്ധിച്ച അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച സമിതി കാലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. എട്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. സമിതിയെ നിയോഗിച്ച് 13 ആഴ്ച പിന്നിട്ടിരിക്കുന്നു.

ജസ്റ്റിസ് ആർ വി രവീന്ദ്രന്‍ അധ്യക്ഷനും റോ മുൻ മേധാവി അലോക് ജോഷി, നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാലയം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രൊഫസർ ഡോ. പി പ്രഭാഹരൻ, മുംബൈ ഐഐടി പ്രൊഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവർ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയെയാണ് പരമോന്നത കോടതി നിയോഗിച്ചത്.

 

Eng­lish Sum­ma­ry: New peti­tion in Pega­sus; A case should be reg­is­tered against Modi

You may like this video also

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.