19 May 2024, Sunday

Related news

May 4, 2024
May 2, 2024
May 2, 2024
May 2, 2024
April 30, 2024
April 28, 2024
April 21, 2024
April 17, 2024
April 15, 2024
April 14, 2024

യുദ്ധക്കെടുതികള്‍ക്ക് അറുതിയില്ല: പലസ്തീന്റെ ഇരുണ്ടവര്‍ഷം

Janayugom Webdesk
ജെറുസലേം
December 31, 2023 9:57 pm

പലസ്തീന്റെ ച­രിത്രത്തിലെ കറുത്ത വര്‍ഷത്തിന് വിട. എന്നാല്‍ യുദ്ധക്കെടുതികള്‍ക്ക് അറുതിയില്ല. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഗാസയിലുണ്ടായ മാരകമായ സൈനിക നടപടി അവസാനമില്ലാതെ നീളുമ്പോള്‍ ഗാസ മുനമ്പ് ലോകത്തുനിന്നും തുടച്ചുനീക്കപ്പെടുകയാണ്. ഇന്നലെ മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 64 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.
ഇസ്രയേൽ വ്യോമ‑കര ആക്രമണങ്ങളിലായി 21,672 പേർ കൊല്ലപ്പെട്ടതായിട്ടാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇസ്രയേലിൽ ഏകദേശം 1,140 പേർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നായി ഗാസയിലെ ഇസ്രയേല്‍ ആക്രമണം മാറി. സൈനിക നടപടികള്‍ക്കിടെ 170 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 

ലോകചരിത്രത്തില്‍ നിന്നും ഗാസ തുടച്ചുനീക്കപ്പെടുകയാണ്. ഗാസ മുനമ്പിലെ കെട്ടിടങ്ങളില്‍ 80 ശതമാനത്തിലധികം ഇസ്രയേല്‍ ആക്രമണങ്ങളില്‍ നശിച്ചു. പുരാതന പള്ളികൾ, മോസ്‌ക്കുകൾ, സ്‌കൂളുകൾ, മ്യൂസിയങ്ങൾ തുടങ്ങി ഗാസയിലെ 325ലധികം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ 200ലധികത്തിനും നാശം നേരിട്ടു. ഇസ്രയേലിന്റെ ശക്തമായ ഉപരോധം ഗാസയെ ഭക്ഷണം, കുടിവെള്ളം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ചു. ഗാസയിലുണ്ടായിരുന്ന 2.4 ദശലക്ഷം ജനങ്ങളിൽ 85 ശതമാനത്തിലധികം പേരും വീടുവിട്ട് പലായനം ചെയ്തതായി യുഎൻ പറയുന്നു.
ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെടിനിർത്തലിന് പകരമായി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഹമാസ് തയ്യാറായിട്ടുണ്ടെന്ന് യുഎസ് വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: No End to War: Palestine’s Dark Years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.