2 May 2024, Thursday

Related news

April 29, 2024
April 29, 2024
April 8, 2024
April 5, 2024
April 5, 2024
April 3, 2024
February 6, 2024
January 19, 2024
December 30, 2023
December 3, 2023

യാത്രക്കാർ മാത്രമല്ല റെയിൽവേ ജീവനക്കാരും സുരക്ഷിതരല്ല

കെ കെ ജയേഷ്
കോഴിക്കോട്
April 3, 2024 11:10 pm

കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവയ്പ് നടന്നിട്ട് ഒരു വർഷം തികയുമ്പോഴാണ് തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇ കെ വിനോദിനെ യാത്രക്കാരൻ വണ്ടിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ദാരുണ സംഭവം ഉണ്ടാകുന്നത്. എലത്തൂർ സംഭവം ഉണ്ടായപ്പോൾ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് റെയിൽവേ മുന്തിയ പരിഗണന നൽകുമെന്നായിരുന്നു സ്ഥലം സന്ദർശിച്ച ആർപിഎഫ് ഐജി വ്യക്തമാക്കിയത്.സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ചെറിയ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും കാമറ സ്ഥാപിക്കുമെന്നും റെയിൽവേ ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു.കോച്ചുകളിൽ സിസിടിവി സംവിധാനം ഉൾപ്പെടെ വലിയ വാഗ്ദാനങ്ങളായിരുന്നു അന്നുണ്ടായത്. ഇവയില്‍ ഒന്നുപോലും യാഥാർത്ഥ്യമായിട്ടില്ലെന്ന് ഒരു റെയിൽവേ ജീവനക്കാരൻ ജനയുഗത്തോട് പ്രതികരിച്ചു. 

എ ക്ലാസ് വിഭാഗത്തിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് ഇപ്പോഴും നിരീക്ഷണ കാമറകളുള്ളത്. ഇതിൽ തന്നെ പലയിടങ്ങളിലും കാമറ പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ട്. വന്ദേ ഭാരത് പോലുള്ള ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് നിരീക്ഷണ കാമറാ സംവിധാനമുള്ളത്. ആർപിഎഫ് സുരക്ഷയും പേരിന് മാത്രമാണ്. ജീവനക്കാരുടെ ഒഴിവ് നികത്താൻ തയ്യാറാവാത്തതാണ് ഏറ്റവും വലിയ പ്രശ്നം. പാലക്കാട് ഡിവിഷനിൽ മാത്രം പതിനെട്ടോളം ലോക്കോ പൈലറ്റുമാരുടെ റിട്ടയർമെന്റുകളാണ് അടുത്ത് ഉണ്ടാവാൻ പോകുന്നത്. നിലവിൽ ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. ലീവും വിശ്രമവുമെല്ലാം ഒഴിവാക്കി വണ്ടിയോടിച്ചാണ് സർവീസ് നടത്തുന്നത്. വിവിധ ഡിവിഷനുകളിലായി ആയിരക്കണക്കിന് ലോക്കോ പൈലറ്റ് തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് എലത്തൂർ ട്രെയിൻ തീവയ്പ് നടന്നത്. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി വൺ കോച്ചിലേക്ക് പെട്രോൾ നിറച്ച കുപ്പികളുമായി എത്തിയ അക്രമിയായ ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫി പ്രകോപനമൊന്നുമില്ലാതെ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. ഈ സംഭവത്തിന് ശേഷം കേരളത്തിൽ മാത്രം യാത്രക്കാർക്കും ടിടിഇമാർക്കും നേരെ നടന്ന അക്രമങ്ങൾ നിരവധിയാണ്. 

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ‘മേരി സഹേലി’ പദ്ധതിയും പരാജയമായി. ആർപിഎഫിന്റെ വനിതാ സംഘത്തെ ഉപയോഗിച്ച് ബോധവല്‍ക്കരണവും പരിശോധനയുമൊക്കെയാണ് പറഞ്ഞിരുന്നതെങ്കിലും സ്ത്രീകൾക്ക് മാത്രമുള്ള പൊതു കമ്പാർട്ട്മെന്റിൽ ആർപിഎഫുകാർ പോലും ഉണ്ടാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും ഏത് വഴിയിലൂടെയും ആർക്കും കയറാമെന്ന സ്ഥിതിയാണുള്ളത്. ബാഗേജ് സ്കാനറുകൾ ഉള്ളിടത്തുപോലും പ്രവർത്തിക്കാത്തത് സുരക്ഷയെ ചോദ്യചിഹ്നമാക്കുന്നു. ഭൂരിപക്ഷം ട്രെയിനുകളും വാതിൽ തുറന്നിട്ടാണ് ഓടുന്നത്. ഇതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് ഒരു ജീവനക്കാരൻ പ്രതികരിച്ചു. വന്ദേഭാരത് പോലുള്ള ട്രെയിനുകളിൽ മാത്രമാണ് ലോക്കോ പൈലറ്റ് നിയന്ത്രിത ഓട്ടോമാറ്റിക് ഡോറുകളുള്ളത്. ഇത് എല്ലാ ട്രെയിനുകളിലും നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ അപകടങ്ങൾ തടയാൻ സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച് കേന്ദ്രത്തോട് സുപ്രീം കോടതി ആരാഞ്ഞത് അടുത്തിടെയാണ്.ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുകയും ഇളവുകൾ നിർത്തലാക്കുകയും ചെയ്യുന്ന റെയിൽവേ, ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്ന കാര്യത്തിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിലും അലംഭാവം തുടരുകയാണ്.

Eng­lish Sum­ma­ry: Not only the pas­sen­gers but also the rail­way staff are not safe

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.