27 July 2024, Saturday
KSFE Galaxy Chits Banner 2

ഇനി വേണ്ടത് നിലനിൽപ്പിനായുള്ള യുദ്ധം

സജി ജോണ്‍
March 22, 2022 6:36 am

കാലാവസ്ഥാ വ്യതിയാനത്തിനു നിദാനമായ ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ തമ്മിൽ നിലവിലുണ്ടാക്കിയിട്ടുള്ള ധാരണകളിൽ നിന്ന് പിന്നാക്കം പോയാൽ, അത് വലിയ ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്റർ ഗവണ്മെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ഏതാണ്ട് 15 ശതമാനം കരപ്രദേശങ്ങളും എട്ട് ശതമാനം സമുദ്രമേഖലയും മാത്രമാണ്, ഇപ്പോഴത്തെ നിലയിൽ കാലാവസ്ഥാ വ്യതിയാന ഭീഷണിയിൽ നിന്നും ചെറിയ തോതിലെങ്കിലും ഒഴിവായി നിൽക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, ലോകജനതയുടെ ഇടയിലെ സാമൂഹ്യ‑സാമ്പത്തിക അസമത്വം വലിയതോതിൽ വർധിക്കുന്നതിനു കാരണമാകും. ഏതാണ്ട് 70 കോടി ജനങ്ങൾ ഇപ്പോൾത്തന്നെ അതിദാരിദ്ര്യത്തിലാണു ജീവിക്കുന്നത്. 2030 ആകുമ്പോഴേക്കും ദരിദ്ര ജനതയുടെ എണ്ണം 12.2 കോടി കൂടി വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 10–23 ശതമാനം വരെ കുറയുവാനും കാരണമാകും.

 


ഇതുകൂടി വായിക്കൂ: ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?


 

ആഗോളതാപനം വർധിക്കുമ്പോൾ, അത് ഇന്ത്യയിലെ നെല്ലുല്പാദനം 10 മുതൽ 30 ശതമാനം വരെയും ചോളത്തിന്റെ ഉല്പാദനം 25 മുതൽ 70 ശതമാനം വരെയും കുറയുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ, സിന്ധു, ഗംഗ, സബർമതി നദീതടങ്ങൾ ജലദൗർലഭ്യം നേരിടും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏഷ്യൻ രാജ്യങ്ങളിലെല്ലാം വരൾച്ചയുടെ കാഠിന്യം അഞ്ച് മുതൽ 20 ശതമാനം വരെ വർധിക്കും. ഭക്ഷ്യ സുരക്ഷക്കൊപ്പം, ജലദൗർലഭ്യമാണ് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പ്രധാന വെല്ലുവിളി. ലോകജനസംഖ്യയിലെ ഏതാണ്ട് പകുതിയോളവും വർഷത്തിൽ ഒരു മാസമെങ്കിലും കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നവരാണ്. രണ്ട് ഡിഗ്രി താപവർധനവിൽ ഏതാണ്ട് 300 കോടി ജനങ്ങളും നാല് ഡിഗ്രി വർധനവിൽ 400 കോടി ജനങ്ങളും ജലക്ഷാമത്തിന്റെ ദുരിതം പേറേണ്ടിവരും. ജലദൗർലഭ്യത്തിന്റെ മറ്റൊരു ഭീഷണി, അത് കൃഷിയിലും ഊർജ ഉല്പാദനത്തിലും ഉണ്ടാക്കുന്ന പ്രതിസന്ധിയും ഉയരുന്ന ജലജന്യരോഗങ്ങളുമാണ്. ചിക്കുൻഗുനിയ, ഡെങ്കു, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം, കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളാണെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡയേറിയ, കോളറ തുടങ്ങിയ ജലജന്യരോഗങ്ങളുടെ തിരിച്ചുവരവിനു കാരണമാക്കിയിട്ടുള്ളതും മറ്റൊന്നുമല്ല. ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ഡെങ്കു പടർന്നുപിടിക്കുന്നതിൽ കാലാവസ്ഥാ വ്യതയാനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വന്യജീവികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുവാൻ തുടങ്ങിയത് വന്യജീവി ആവാസ വ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളുടെ അനന്തര ഫലമാണ്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും ജനങ്ങളുടെ മാനസികാരോഗ്യ നിലവാരത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന നിരീക്ഷണവും ഐപിസിസി റിപ്പോർട്ടിലുണ്ട്.

 


ഇതുകൂടി വായിക്കൂ:ആഗോള താപനത്തിനെതിരെ ഉയരുന്ന മൂഴിക്കുളം മാതൃക


 

2008 മുതലുള്ള കണക്കുകൾ പറയുന്നത്, പ്രതിവർഷം ഏതാണ്ട് രണ്ട് കോടിയിലധികം ജനങ്ങൾക്ക് തീവ്രകാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കുവാൻ പ്രാദേശികമായി മാറിത്താമസിക്കേണ്ടിവരുന്നുവെന്നാണ്. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഏഷ്യയിലും ആഫ്രിക്കയിലും ആണ്. കാർബൺ ബഹിർഗമനം ഉയരുകയും മഞ്ഞുരുക്കത്തിന്റെ ആക്കം വർധിക്കുകയും ചെയ്താൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് രണ്ടു മീറ്റർ വരെ ഉയരും. 2150 ഓടെ ഇത് അഞ്ച് മീറ്റർ വരെ ഉയർന്നേക്കാം. കാർബൺ ബഹിർഗമനത്തെ തടുത്തു നിർത്താനായില്ലെങ്കിൽ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിലെ ഏതാണ്ട് 3.5 കോടി ജനങ്ങളും; നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏകദേശം 4.5–5 കോടി ജനങ്ങളും തീരദേശ വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരും. ആഗോള താപനിലയിൽ 4.0 ഡിഗ്രി വർധനവ് ഉണ്ടായാൽ അതുമൂലം ഉയരുന്ന സമുദ്രനിരപ്പ് സൃഷ്ടിക്കുന്നത്, പ്രതിവർഷം ഏതാണ്ട് 31000 ബില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും.

വെറ്റ്-ബൾബ് താപനില (അന്തരീക്ഷത്തിലെ ചൂടും ആർദ്രതയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനപ്പെടുത്തി, ചൂടിന്റെ തീവ്രത അളക്കുന്ന സംവിധാനം) 31 ഡിഗ്രിയിൽ അധികരിച്ചാൽ, നമുക്ക് യാതൊരുവിധ ഭൗതിക ജോലികളും നിർവഹിക്കാൻ കഴിയാതെ വരും. ഇത് 35 ഡിഗ്രിക്ക് മുകളിലായാൽ സൂര്യാതപത്തിന് വിധേയമാകുന്ന വ്യക്തികൾക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.

കേരളത്തിൽ, വേനൽ ചൂട് ക്രമാതീതമായി വർധിച്ചത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാനത്തു നിരവധി പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അന്തരീക്ഷ താപം, ഐപിസിസി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള അപകട പരിധിക്കും മുകളിലാണെന്നതിൽ സംശയമില്ല. പഠന വിധേയമാകാത്തതുകൊണ്ടു മാത്രമാണ് നമ്മുടെ സംസ്ഥാനം ഈ റിപ്പോർട്ടിൽ ഇടം നേടാത്തത്.

 


ഇതുകൂടി വായിക്കൂ: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍; കൈകോര്‍ത്ത് ജി20


 

ലോകരാഷ്ട്രങ്ങൾ 2015ൽ ഒപ്പുവച്ച പാരീസ് കരാർ വ്യവസ്ഥ ചെയ്തത്, ഈ നൂറ്റാണ്ടിലെ ആഗോള താപവർധന 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസ് എന്ന പരിധിക്കുള്ളിൽ പിടിച്ചു നിർത്തുമെന്നാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ഗ്ലാസ്ഗോവിൽ നടന്ന ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസും (സിഒപി 26), ആഗോളതാപനം തടയുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്കുള്ള വേദിയായി. എല്ലാ രാജ്യങ്ങളും ഓരോ മേഖലയിലും കൈക്കൊള്ളേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും ഗ്ലാസ്ഗോവ് സമ്മേളനം ധാരണകളിലെത്തിച്ചേർന്നിട്ടുണ്ട്. 2070ഓടെ കാർബൺ നിർഗമനത്തിൽ ഇന്ത്യയെ “നെറ്റ് സീറോ” തലത്തിൽ എത്തിക്കുമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിട്ടുള്ള പ്രഖ്യാപനം. 2030ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗത്തിന്റെ 50 ശതമാനവും പുനരുപയോഗ സ്രോതസുകൾ വഴിയായിരിക്കുമെന്നും ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്.

ആഗോളതാപനത്തിലെ വർധനവ് നിയന്ത്രണ വിധേയമാക്കുന്നതിന്, ലോകരാഷ്ട്രങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്ന കർമപരിപാടികൾ തികച്ചും പര്യാപ്തമല്ല. പലരാജ്യങ്ങളും ഇതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും വിപരീതഫലങ്ങൾ ഉളവാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ഹരിതഗൃഹവാതക പ്രസരണത്തിൽ ഏതാണ്ട് ആറ് ശതമാനവും രാഷ്ട്രങ്ങളുടെ മിലിറ്ററി സംവിധാനത്തിന്റെ സംഭാവനയാണെന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നത്. ഇന്ന്, ലോകരാഷ്ട്രങ്ങളുടെ മൊത്തം മിലിറ്ററി ബജറ്റ് പ്രതിവർഷം ഏതാണ്ട് രണ്ട് ലക്ഷം കോടി ഡോളറാണ്. ഇത് ആഗോള കാലാവസ്ഥാ ബജറ്റിന്റെ 12 ഇരട്ടിയാണ്. അമേരിക്കൻ മിലിറ്ററിയെ ഒരു രാജ്യമായി കണക്കാക്കിയാൽ, അവരുടെ മാത്രം കാർബൺ ബഹിർഗമനം, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങി നിരവധി ലോകരാഷ്ട്രങ്ങളുടെ മൊത്തം കാർബൺ ബഹിർഗമനത്തെക്കാൾ കൂടുതലാണ്. 2001 മുതൽ 2017 വരെയുള്ള കാലയളവിലെ ആഗോള കാർബൺ പ്രസരണത്തിൽ മിലിറ്ററി യുദ്ധങ്ങളുടെ സംഭാവന 120 കോടി മെട്രിക് ടൺ ആയിരുന്നു. ഇതിൽ മൂന്നിലൊന്നും മറ്റു രാഷ്ട്രങ്ങളുടെമേൽ അമേരിക്ക നടത്തിയിട്ടുള്ള യുദ്ധങ്ങളുടെ ഫലമായുള്ളതായിരുന്നു. ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ഗ്ലാസ്ഗോവിൽ നടന്നപ്പോൾ, അമേരിക്കൻ മിലിറ്ററി ഉയർത്തുന്ന കാലാവസ്ഥാ വെല്ലുവിളിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്, ഇക്കാര്യത്തിൽ ലോകമെങ്ങുമുള്ള പൊതു വികാരത്തിന്റെ പ്രതിഫലനമായിരുന്നു.

 


ഇതുകൂടി വായിക്കൂ: ആഗോളതാപനം: ഇന്ത്യക്ക് പ്രതിവർഷം 1079 കോടി തൊഴിൽദിനങ്ങൾ നഷ്ടം


 

ഓരോ യുദ്ധത്തിലും ബഹിർഗമിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വ്യാപ്തി അനുനിമിഷം വർധിപ്പിക്കുകയാണ്. ഓരോ യുദ്ധവും അവസാനിക്കുമ്പോൾ, അതുവരെ ലോകം മുന്നോട്ടു കൊണ്ടുപോയ വീണ്ടെടുക്കൽ ശ്രമങ്ങൾ പിന്നോട്ടടിക്കപ്പെടുകയാണ്. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ അന്തിമ കണക്കെടുപ്പ് നടത്തുമ്പോഴും പ്രത്യക്ഷത്തിലുള്ള യുദ്ധക്കെടുതികളെക്കാൾ എത്രയോ ഭീകരമായിരിക്കും അത് ലോകത്തിനു സൃഷ്ടിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെന്ന് നിസംശയം പറയുവാൻ കഴിയും. ഒരു കാര്യം ഉറപ്പാണ്; ആസന്നമായിട്ടുള്ളത് മാനവരാശിയുടെ നിലനിൽപ്പിനായുള്ള യുദ്ധമാണ്. അതിനു തയാറെടുക്കേണ്ടത് മുഴുവൻ ലോകജനതയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.