24 April 2024, Wednesday

Related news

April 17, 2024
February 12, 2024
November 8, 2023
October 21, 2023
August 9, 2023
June 20, 2023
June 19, 2023
May 23, 2023
April 15, 2023
March 15, 2023

ഗള്‍ഫ് പ്രവാസികള്‍ക്ക് അവധിപ്പേടി

കെ രംഗനാഥ്
തിരുവനന്തപുരം
November 12, 2021 10:16 pm

ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മടി. അവധിയെടുത്ത് നാട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ നിലവിലെ ജോലി ഇല്ലാതാകുമെന്ന പേടിതന്നെയാണ് അവധിപ്പേടിയായി മാറുന്നത്. ഇതുമൂലം ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ ഭൂരിഭാഗം സീറ്റുകളും കാലിയടിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കേന്ദ്രസിവില്‍ വ്യോമയാനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവില തകര്‍ച്ചയും പിന്നാലെ വന്ന കോവിഡ് മഹാമാരിയും കാരണം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് ഇതിനകം മടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സംഖ്യ എട്ടരലക്ഷം കടന്നുവെന്ന ഔദ്യോഗിക കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതേസമയം കോവിഡിന്റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലാകെ തീവ്ര സ്വദേശിവല്‍ക്കരണവും പൂര്‍വാധികം ഭംഗിയായി മുന്നേറുന്നു. അവധിയില്‍ നാട്ടില്‍ പോയവരോട് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മടങ്ങിവരേണ്ടതില്ലെന്ന് ബന്ധപ്പെട്ട തൊഴിലുടമകള്‍ നല്കുന്ന അറിയിപ്പുകളും തുടര്‍ക്കഥയാവുന്നു.

പിന്നീടൊരിക്കലും തിരികെയെത്താനുള്ള അറിയിപ്പുകള്‍ ലഭിക്കാറുമില്ല. കഴിഞ്ഞ ഏഴെട്ടുമാസമായി ഗള്‍ഫ് നാടുകളില്‍ ഉടലെടുത്തിരിക്കുന്ന പ്രതിഭാസമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ അവധിക്കു നാട്ടിലേക്കു മടങ്ങിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന പേടിയിലാണ് നാടണയാന്‍ പ്രവാസികള്‍ വിമുഖത കാട്ടുന്നത്. ഗള്‍ഫ് രാജ്യങ്ങളായ സൗദിഅറേബ്യ, യുഎഇ, കുവെെറ്റ്, ഒമാന്‍, ബഹ്റെെന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കോവിഡ് മിക്കവാറും നിയന്ത്രണവിധേയമായിട്ടുണ്ട്. യുഎഇയിലും സൗദിഅറേബ്യയിലും ഖത്തറിലും ഒമാനിലുമെല്ലാം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പത്തിനു താഴെയാണ്. പല ഗള്‍ഫ് നാടുകളിലും മിക്ക ദിവസങ്ങളിലും ഒരു കോവിഡ് മരണംപോലും ഉണ്ടാകാറില്ല. ലോക്ഡൗണുകളും യാത്രാവിലക്കുകളും മിക്കവാറും പിന്‍വലിച്ചുകഴിഞ്ഞു.

ഹോട്ടലുകളും മാളുകളും ചെറിയ വ്യാപാര സ്ഥാപനങ്ങളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളും ഉഷാറിലാണ്. ഇതോടെ തൊഴില്‍വിപണിയിലെ സാധ്യതകളും ഏറിയെങ്കിലും വിദേശികളെ പുതുതായി നിയമിക്കേണ്ട എന്ന സമീപനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ സമീപകാലത്തായി കെെക്കൊള്ളുന്നത്. അവധിയെടുത്ത് നാട്ടില്‍ പോകുന്നവരെ തിരിച്ചുവിളിക്കാതിരിക്കുകയും അവധിയെടുക്കാന്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദ്വിമുഖതന്ത്രമാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ പരമാവധി സ്വദേശികളെ കുടിയിരുത്തുകയും ചെയ്യുന്നു. 

18 ലക്ഷം മലയാളികള്‍ പണിയെടുക്കുന്ന സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ 38 ലക്ഷമായിരുന്നത് ഇപ്പോള്‍ 31 ലക്ഷത്തിനു താഴെയായി. 16 ലക്ഷം മലയാളികള്‍ തൊഴിലെടുക്കുന്ന യുഎഇയില്‍ മൊത്തം ഇന്ത്യന്‍ പ്രവാസി സംഖ്യ 36 ലക്ഷത്തില്‍ നിന്നും 33 ലക്ഷമായി. ഇതിനര്‍ത്ഥം ലക്ഷങ്ങള്‍ തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങിയെന്നാണ്. ഇവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. സൗദി അറേബ്യയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ 35,000 വനിതകളടക്കം 66,000 സ്വദേശികളെ കുടിയിരുത്തിയതായി സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കു വിഭാഗം പുറത്തുവിട്ടു. സൗദിയിലെ തൊഴിലില്ലായ്മ പന്ത്രണ്ട് ശതമാനമായിരുന്നത് ഇപ്പോള്‍ ഏഴിനു താഴെയായി. മലയാളികള്‍ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് ഏറെയും സ്വദേശിനിയമനങ്ങള്‍. 

ഈ സാഹചര്യത്തിലാണ് നിലവിലുള്ള തൊഴിലെങ്കിലും നിലനിറുത്താന്‍ അവധിയെടുക്കാതെ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ത്തന്നെ തങ്ങുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടന്നു. പ്രവാസികളുടെ ഈ അവധിപ്പേടിമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകളും നഷ്ടത്തിലാണ് നടക്കുന്നത്. വന്ദേഭാരത് എയര്‍ബബിള്‍ കരാര്‍ പ്രകാരം 13 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഏറ്റവും കുറവ് യാത്രക്കാര്‍ ഗള്‍ഫ് നാടുകളില്‍ നിന്നാണ്. കേന്ദ്ര സിവില്‍ വ്യോമമന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇവയില്‍ ഏറ്റവും കുറവ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നാണ്. 

ചുരുങ്ങിയ കാലയളവിനുള്ളില്‍ ദോഹയില്‍ നിന്ന് 109 സര്‍വീസുകള്‍ നടത്തിയപ്പോള്‍ ആകെ യാത്രികര്‍ 4667 മാത്രം. 189 യാത്രക്കാരെ വഹിക്കാവുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളില്‍ ഒരു വിമാനത്തിലെ ശരാശരി യാത്രക്കാര്‍ 43 മാത്രം. ജൂണില്‍ 87, ജൂലെെയില്‍ 113, ഓഗസ്റ്റ് 64 എന്നിങ്ങനെ ശരാശരി യാത്രക്കാരുണ്ടായിരുന്നതാണ് 43 ആയി കൂപ്പുകുത്തിയത്. അവധിയെടുക്കാതെ തങ്ങുന്ന പ്രവാസികളെ ക്രമേണ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് ഗള്‍ഫ് ഭരണകൂടങ്ങള്‍ നീങ്ങുമെന്ന ആശങ്കയും പടരുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ കുവെെറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ റിസര്‍വ് ചെയ്ത 8000 പ്രവാസികളാണ് ടിക്കറ്റുകള്‍ റദ്ദാക്കിയതെന്നതും ശ്രദ്ധേയമാവുന്നു.

Eng­lish Sum­ma­ry : nri is uae are feared of tak­ing leave and com­ing back to home

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.