2 May 2024, Thursday

വിദേശത്ത് താമസിക്കുന്നത് മൂന്ന് കോടി ഇന്ത്യക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 11:50 am

മൂന്ന് കോടിയിലധികം ഇന്ത്യക്കാര്‍ വിദേശത്ത് സ്ഥിരതാമസമാക്കിയതായി വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 2022–23ലെ വാര്‍ഷിക റിപ്പോര്‍ട്ട്.
തൊഴില്‍ തേടിയും വ്യാപാരത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് 3,21,00,340 പേര്‍ വിദേശത്ത് താമസിക്കുന്നതെന്ന് മന്ത്രാലയ രേഖകള്‍ പറയുന്നു. ഇതില്‍ ഒരു കോടി 35 ലക്ഷത്തോളം(1,34,59,195) പേര്‍ എൻആര്‍ഐ വിഭാഗത്തിലും ഒരു കോടി 86 ലക്ഷത്തോളം (1,86,83,645) ഇന്ത്യൻ വംശജരുടെ വിഭാഗത്തിലും ഉള്‍പ്പെടുന്നു.

34 ലക്ഷത്തിലധികം താമസക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യം. സൗദി അറേബ്യയില്‍ 26 ലക്ഷത്തോളവും യുഎസില്‍ 12.8 ലക്ഷവും ഇന്ത്യാക്കാരുണ്ട്. കുവൈത്തും ഒമാനും ഖത്തറുമാണ് പിന്നാലെ വരുന്ന രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്ക, ഫിജി, സിംഗപ്പൂര്‍, ഗയാന, സുരിനാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഇന്ത്യൻ വംശജര്‍ കൂടുതലാണ്.
വിനോദസഞ്ചാരത്തിനോ കുടിയേറ്റത്തിനോ വേണ്ടിയുള്ള നിയമപരമായ വിദേശ യാത്രകളും വര്‍ധിച്ചിട്ടുണ്ട്. രണ്ട് കോടിയിലധികം ഇന്ത്യക്കാര്‍ അവരുടെ അവധിക്കാലം ചെലവഴിക്കുന്നതിന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനും ഇടയില്‍ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Three crore Indi­ans live abroad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.