21 January 2026, Wednesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിരീക്ഷണങ്ങൾ

Janayugom Webdesk
October 24, 2024 5:00 am

വ്യത്യസ്ത ഹർജികൾ പരിഗണിക്കവേ കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ നിരീക്ഷണങ്ങൾ വർത്തമാനകാല ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനങ്ങളാണ്. ഭരണഘടന നിരന്തരം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഇതുണ്ടായിരിക്കുന്നത്. ബിജെപിയും ആർഎസ്എസും തുടക്കം മുതൽ ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങളോടും അടിസ്ഥാന ഘടനയോടും വിയോജിപ്പുള്ളവരായിരുന്നു. ഭരണഘടനാ രൂപീകരണ വേളയിൽ പ്രസ്തുത വിയോജിപ്പുകൾ അവർ ഉന്നയിക്കുകയും തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നിരന്തരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ പ്രധാനം മതേതര ഘടനയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമായിരുന്നു. 2014ൽ കേന്ദ്രത്തിൽ അധികാരം ലഭിച്ചതുമുതൽ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചും നിയമയുദ്ധങ്ങൾ സൃഷ്ടിച്ചും പുറത്ത് ശക്തമായ പ്രചരണങ്ങൾ നടത്തിയും അവർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ആകാവുന്ന വേളയിലെല്ലാം ഈ കാഴ്ചപ്പാടുകൾ തള്ളിക്കളയുന്ന സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്തു. മതേതര ഇന്ത്യയുടെ ഭരണാധികാരികൾ ചെയ്യാൻ പാടില്ലാത്ത വിധം അവരുടെ പ്രവൃത്തികളിൽ മാത്രമല്ല ഭരണ നടപടികളിൽ പോലും പ്രത്യേക മത ചിഹ്നങ്ങള്‍ ഉൾച്ചേർക്കുന്ന രീതിയുണ്ടായി. ഭരണഘടനയുടെ അടിത്തറ സൂക്ഷിക്കാൻ ബാധ്യസ്ഥമായ, മതേതര — ജനാധിപത്യത്തിന്റെ കേന്ദ്രമെന്ന് വിവക്ഷിക്കപ്പെടുന്ന പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ നാം അത് കണ്ടതാണ്. ഹൈന്ദവ ആചാര വിധികളോടെ പ്രധാനമന്ത്രിയുടെ കാർമ്മികത്വത്തിൽ ഉദ്ഘാടനചടങ്ങ് നടത്തിയതും സ്വേച്ഛാവാഴ്ചയുടെ അടയാളങ്ങൾ പാർലമെന്റ് മന്ദിരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടിവന്നതും വെറുപ്പിന്റെയും ഇതര മതവിദ്വേഷത്തിന്റെയും പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ട് രാമക്ഷേത്രമെന്ന ഹൈന്ദവ ആരാധനാലയത്തിന്റെ ഉദ്ഘാടനം ഔദ്യോഗിക ചടങ്ങായി പരിണമിച്ചതും അതിന്റെ തെളിവുകളായുണ്ട്. ഇങ്ങനെ പല വിധത്തിൽ ഭരണഘടനാ മൂല്യങ്ങളും മതേതര കാഴ്ചപ്പാടും വലിയ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കെയാണ് പരമോന്നത കോടതിയിൽ നിന്ന് വ്യത്യസ്ത സന്ദർഭങ്ങളിലാണെങ്കിലും സുപ്രധാനമായ നിരീക്ഷണങ്ങളുണ്ടായിരിക്കുന്നത്.


ജസ്റ്റിസ് യു എൽ ഭട്ടിന്റെ ലെഗസി


ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് 2004 റദ്ദാക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയും ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെയും ചോദ്യംചെയ്തുള്ള വ്യത്യസ്ത ഹർജികളാണ് പരിഗണനയ്ക്ക് വന്നത്. ഉത്തർപ്രദേശിലെ മദ്രസകളുടെ (ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ) സ്ഥാപനം, അംഗീകാരം, പാഠ്യപദ്ധതി, ഭരണം എന്നിവയ്ക്ക് ഒരു ചട്ടക്കൂട് നൽകുന്നതിന് വേണ്ടിയാണ് 2004ൽ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് കൊണ്ടുവന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടനയിലും മൗലികാവകാശങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന മതേതര തത്വങ്ങൾക്ക് വിരുദ്ധമായി, മതപരമായി വേർതിരിക്കപ്പെട്ട വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി ഈ നിയമം നിയമവിരുദ്ധമായി കണക്കാക്കി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതാക്കൾ ഉൾപ്പെടെയാണ് മറ്റൊരു ഹർജി നൽകിയത്.


പട്ടിണിയും മനുഷ്യാവകാശ ലംഘനവും


സംസ്കാരങ്ങൾ, നാഗരികതകൾ, മതങ്ങൾ എന്നിവയുടെ സംഗമഭൂമിയാണ് ഇന്ത്യയെന്നും അവ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകണമെന്നുമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. മതപരമായ നിർദേശങ്ങൾ മുസ‍്ലിം സമുദായത്തിന് മാത്രമാകരുതെന്നും മറ്റ് മതങ്ങൾക്കും ബാധകമാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ‍്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി. മതേതരത്വവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്നായിരുന്നു രണ്ടാമത്തെ ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞത്. ഈ വാക്കുകൾക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെന്ന് ഈ കോടതിയുടെ നിരവധി വിധിന്യായങ്ങളുണ്ടെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന് നിർദേശിച്ച ബാലാവകാശ കമ്മിഷൻ നടപടിക്കെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുണ്ടായിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്രയും ആശങ്ക കാണിക്കുന്നതെന്ന് ദേശീയ ബാലാവകാശ കമ്മിഷനോട് ചോദിച്ച കോടതി വിവിധ മതവിഭാഗങ്ങൾ അവരുടെ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക് മതപഠനം നൽകാറുണ്ടെന്നും എല്ലാവരോടും ഒരേ നിലപാടാണോ ബാലാവകാശ കമ്മിഷനുള്ളതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിക്കുകയുണ്ടായി. ഹർജികളിൽ അന്തിമ വിധിയുണ്ടായിട്ടില്ലെങ്കിലും മതേതരത്വവും ജനാധിപത്യ സങ്കല്പങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട അധികൃതർതന്നെ അതിന്റെ ഘാതകരാകുമ്പോൾ പ്രസ്തുത മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് പരമോന്നത കോടതിയിൽ നിന്നുണ്ടായ നിരീക്ഷണങ്ങൾ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.