15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

പണപ്പെരുപ്പത്തിന്റെയും വിലക്കുതിപ്പിന്റെയും നീരാളിപിടിത്തം

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 11, 2022 5:15 am

ന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അല്പമെങ്കിലും ആശ്വാസത്തിന് ഇടം നല്കുന്നത് ബാങ്കിങ് മേഖലയില്‍ നിലവിലിരിക്കുന്ന സാമാന്യം തൃപ്തികരമായ ആരോഗ്യാവസ്ഥയാണ്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചത് 4,000 ചൈനീസ് ബാങ്കുകളാണ് സമീപകാലത്ത് പാപ്പരായതെങ്കില്‍ ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2022ല്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താണനിരക്കായ 5.9 ശതമാനത്തില്‍ എത്തിയെന്നായിരുന്നു. കോടിക്കണക്കിന് വായ്പാതുക കിട്ടാക്കടമെന്നനിലയില്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളിയ ശേഷമുള്ള എന്‍പിഎ കണക്കാണിതെന്ന വസ്തുത ധനമന്ത്രി മറച്ചുവച്ചു. നിരവധി സമ്പന്ന രാജ്യങ്ങളുടെ കടം-ജിഡിപി അനുപാതങ്ങള്‍ മൂന്നക്കത്തിലെത്തി നില്ക്കുമ്പോള്‍, ഇന്ത്യയുടെ കടം (2022ല്‍ 59.9 ശതമാനമായിരുന്നു) 56.29 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഐഎംഎഫ് കണക്കുകൂട്ടിയിരിക്കുന്നത് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പൊതു കടബാധ്യത 86.9 ശതമാനമാനവും.
മഹാമാരിയുടെയും ആഗോള സാമ്പത്തിക തക­ര്‍ച്ചയുടെയും പശ്ചാത്തലം കണക്കിലെടുത്താല്‍ ഈ കടബാധ്യത അത്ര ആശങ്കാജനകമാണെന്നു കരുതേണ്ടതില്ല. ഇവിടെയും ഡാറ്റ ഫഡ്ജിങ് കണക്കു തിരിമറിയും കൃത്രിമത്വവും നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുടെ അനുകൂല ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസം പ്രകടമാക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, ജിഎസ്‌ടി വരുമാനം 1.49 ട്രില്യന്‍ രൂപയിലെത്തിയതില്‍ സ്വയം ആശ്വാസം കൊള്ളുകയുമാണ്. എന്നാല്‍ ജിഎസ്‌ടി വരുമാനം 2022 ഏപ്രിലില്‍ 1.68 ട്രില്യണ്‍ രൂപയായിരുന്നു.
നിലവിലെ തീരുമാനമനുസരിച്ച്, ജിഎസ്‌ടി വരുമാനം സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന് പങ്കുവയ്ക്കേണ്ട. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മോഡി സര്‍ക്കാര്‍ അന്തിമമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. അത് ബിജെപി നിരവധി വട്ടം ആവര്‍ത്തിച്ചിട്ടുള്ള കോ ഓപ്പറേറ്റീവ് ഫെഡറലിസം എന്ന മന്ത്രത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യും.


ഇതുകൂടി വായിക്കൂ: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതെങ്ങനെ?


ഇതെല്ലാം ഒരുവശത്ത് നടക്കുമ്പോള്‍തന്നെ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിക്ക് നിഷ്ക്രിയമായിരിക്കാനാവില്ലെന്ന സാഹചര്യവും നിലവിലുണ്ട്. അതതുകാലത്ത് പണത്തിന്റെ ലഭ്യതയിലും ഡിമാന്‍ഡിലും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ കണ്ടില്ലെന്നു നടിക്കാന്‍, കേന്ദ്ര ബാങ്ക് എന്ന നിലയില്‍ ആര്‍ബിഐക്ക് സാധ്യമാവില്ല. അതെത്രമാത്രം ലക്ഷ്യം കാണുമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യത്തെയും ധനകാര്യനയത്തെയും ആശ്രയിച്ചായിരിക്കും.
വരുന്ന രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ളൊരു കാഴ്ചപ്പാട് കണക്കിലെടുത്താല്‍ എംപിസി ചെയ്യേണ്ടത് ആര്‍ബിഐയുടെ റിപ്പോനിരക്ക് ആറ് ശതമാനത്തോട് അടുപ്പിച്ചുതന്നെ നിലനിര്‍ത്തണമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ ദക്ഷിണേഷ്യയിലെ ഗവേഷണ വിഭാഗം മേധാവിയായ അനുഭൂതി സഹായ്, ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ദിനപത്രത്തില്‍ എഴുതിയ ഒരു കുറിപ്പില്‍ പറയുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ അനുയോജ്യമായ നിരക്ക് എന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നതും. അങ്ങനെയൊരു യഥാര്‍ത്ഥ നിരക്ക് സാമ്പത്തിക പുരോഗതിക്ക് ഗുണകരമാവണമെങ്കില്‍ 2024 ആകുമ്പോഴേയ്ക്ക് പണപ്പെരുപ്പനിരക്ക് ഇന്നത്തെ 6.6 ശതമാനത്തില്‍ നിന്ന് താണു 2023 ആകുന്നതോടെ അഞ്ച് ശതമാനത്തിലേക്ക് എത്തുകയും വേണം. ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത് പലിശനിരക്ക് 5.65 ശതമാനമായി പുതുക്കി നിശ്ചയിച്ചെന്നാണ്. ഇതെല്ലാം നടക്കുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.


ഇതുകൂടി വായിക്കൂ: ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍


ഇതിനിടെ ഐഎംഎഫ് ശുപാര്‍ശ ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണകൂടം ചെയ്യേണ്ടത് ക്രമേണയാണെങ്കില്‍ തന്നെയും ധനകാര്യ പണനയരൂപത്തിലുള്ള ഉത്തേജന നടപടികള്‍ പിന്‍വലിക്കണമെന്നാണ്. ഇതിനുപുറമെ കയറ്റുമതി ആന്തരഘടനാ വികസനവും സ്വതന്ത്രവ്യാപാര കരാറുകളും പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. നിക്ഷേപ മേഖലയില്‍ തീരുവകള്‍ വെട്ടിക്കുറയ്ക്കുകയും വിദേശവ്യാപാര മേഖലയുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ ത്വരിതപ്പെടുത്തി ഇന്ത്യ­ന്‍ വിദേശ വ്യാപാര – വാണിജ്യ ഇടപാടുകളും ആഗോള സപ്ലൈ ശൃംഖലകളുമായി കോര്‍ത്തിണക്കണം. പ്രത്യക്ഷ–വിദേശ മൂലധന നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും വേണം. വിപണികളില്‍ ഇടയ്ക്കിടെ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങള്‍ നടക്കുമ്പോളൊഴികെ വിദേശ വിനിമയ ബന്ധങ്ങളില്‍ കഴിയുന്നത്ര അയവുവരുത്തുകയുമാണ് നയപരമായി ചെയ്യേണ്ടത്.
അതേ അവസരത്തില്‍ തന്നെ നാണയനിധി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2023ല്‍ നിലവിലുള്ള ജിഡിപിയുടെ 1.2 ശതമാനമെന്നതില്‍ നിന്ന് 3.1 ശതമാനമായി ഉയരാനിടയുണ്ടെന്നും സൂചിപ്പിക്കുന്നു. ഇതിന് മുഖ്യ കാരണമായിരിക്കുന്നത് റഷ്യ–ഉക്രെയ്ന്‍ സൈനിക ഏറ്റുമുട്ടലുകള്‍ മാറ്റമില്ലാതെ തുടരുന്നു എന്നതുതന്നെയാണ്. എന്തുവന്നാലും 2022–23ലെ സിഎഡി ഉള്‍പ്പെടെ അഭിമുഖീകരിക്കണം. വ്യാപാര –നിക്ഷേപ ഉദാരവല്ക്കരണം കൊണ്ട് ഒരു പരിധിക്കപ്പുറം വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് രൂപയുടെ വിനിമയ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതിന്റെ പേരില്‍ 2021 അവസാനത്തില്‍ നമുക്കുണ്ടായിരുന്ന 638.5 ബില്യന്‍ ഡോളര്‍ വിദേശവിനിമയ ശേഖരം വളരെ സൂക്ഷ്മതയോടെ ചെലവിടാനെ പാടുള്ളു എന്നും ഐഎംഎഫിന് അഭിപ്രായമുണ്ട്. ഗുരുതരമായ തോതില്‍ വി‍പണി അനിശ്ചിതത്വങ്ങള്‍ ഉടലെടുക്കുമ്പോള്‍ വിദേശ വിനിമയ ശേഖരത്തെ ആക്രമിക്കുന്നതില്‍ അപാകതയില്ലെന്നും നാണയനിധി 2022 ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച വിദേശ മേഖലാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: പാപ്പരത്ത ഭീഷണിയില്‍ ലോകരാജ്യങ്ങള്‍


സാര്‍വദേശീയ നാണയനിധിയുടെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തലനുസരിച്ച് വലിയതോതിലുള്ള ശുഭാപ്തിവിശ്വാസത്തിനൊന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എടുത്തുചാടേണ്ട കാര്യമില്ലെന്നാണ് കരുതേണ്ടത്. വിപണികളില്‍ ദൃശ്യമാകുന്ന ഉണര്‍വ് ഒരു താല്കാലിക പ്രതിഭാസമായിട്ടേ കാണാവൂ എന്നാണ് നിഷ്പക്ഷ നിരീക്ഷണം. ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും വളര്‍ച്ചയുടെ ഒരു പ്രധാന സൂചികയായി കരുതേണ്ട ഒന്നാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തുന്ന വര്‍ധന. മോഡി സര്‍ക്കാരിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അവകാശവാദങ്ങള്‍ ശരിവയ്ക്കുന്ന നിലയ്ക്കല്ല തൊഴിലവസര സൃഷ്ടി നടക്കുന്നത്. 2022 ജൂലൈ മാസത്തോടെ ഈ മേഖല വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഇത് നടക്കാതെ പോയിരിക്കുന്നു.
കോവിഡാനന്തര കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ 13 മില്യന്‍ തൊഴിലവസര നഷ്ടം ഭാഗികമായെങ്കിലും ആശ്വാസം നല്കിയത് ഗ്രാമീണ മേഖലയിലായിരുന്നു. എന്നാല്‍, മൊത്തത്തിലെടുത്താല്‍ പ്രതീക്ഷിച്ചിരുന്ന 13 മില്യന്‍ തൊഴിലവസരങ്ങള്‍ക്കു പകരം ജൂലൈ മാസം വരെ 6.3 മില്യന്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് സമാനമായൊരു നഗര തൊഴിലുറപ്പ് പദ്ധതി കൂടി വേണ്ടിവരുമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഫലത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലും തഴയാനുള്ള നയസമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാണാന്‍ കഴിയുന്നത്. ചുരുക്കത്തില്‍ ജനജീവിതം ദുഃസഹമാക്കാന്‍ പോന്നവിധത്തില്‍ വരുമാനത്തകര്‍ച്ചയുടെയും തൊഴിലവസര മേഖലയിലെ മരവിപ്പിന്റെയും പണപ്പെരുപ്പത്തിന്റെയും വിലക്കുതിപ്പിന്റെയും നീരാളിപിടിത്തത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അകപ്പെട്ടിരിക്കുകയാണിപ്പോള്‍.

 

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.