8 May 2024, Wednesday

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; രാഷ്ട്രീയ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2023 8:58 pm

ഏകീകൃത തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും നിയമകമ്മിഷനുകളെയും ക്ഷണിച്ച് ഉന്നതതല സമിതി. ദേശീയ, സംസ്ഥാന, പഞ്ചായത്ത് തെര‌ഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പാക്കാനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സമിതി ചെയര്‍മാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന്റെ അജണ്ട നിശ്ചയിക്കുന്നതിനായി അമിത് ഷായും അര്‍ജുന്‍ റാം മേഘ്‌വാളും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ സമയക്രമങ്ങള്‍ സംബന്ധിച്ച രൂപരേഖയും സമിതി തയ്യാറാക്കും. ഈ മാസം രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ എട്ടംഗ സമിതിക്ക് രൂപം നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സമിതി അംഗമായി തീരുമാനിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. പിന്നീട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഒഴിവാക്കി ആസാദിനെ സമിതിയുടെ ഭാഗമാക്കി.
1967 വരെ രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തിയിരുന്നത്. 1968–69 ല്‍ ചില നിയമസഭകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞതോടെയാണ് ഇത് അവസാനിപ്പിച്ചത്. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്യത്തെ പ്രധാനപാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് കണക്കൂകൂട്ടല്‍. അതേസമയം ഇക്കാര്യത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരും.

Eng­lish sum­ma­ry; One coun­try one elec­tion; Com­mit­tee invites polit­i­cal par­ties for discussion
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.