19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര: ബിജെപി കുരുക്കിലാകും

നിര്‍ണായകമായി ഡിജിറ്റല്‍ തെളിവുകള്‍ 
Janayugom Webdesk
ഹൈദരാബാദ്
October 29, 2022 10:36 pm

തെലങ്കാനയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ നിര്‍ണായകമായി ഡിജിറ്റല്‍ തെളിവുകള്‍. അഴിമതിവിരുദ്ധ കോടതി നിഷേധിച്ച പ്രതികളുടെ പൊലീസ് കസ്റ്റഡി ഹൈക്കോടതി ഇന്നലെ അനുവദിച്ചത് ശക്തമായ ഇലക്ട്രോണിക് തെളിവുകളുടെ പിന്‍ബലത്താലാണെന്ന് സൂചനയുണ്ട്.
കേസില്‍ ബിജെപിയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഹായജി സ്വാമി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരുടെ പങ്ക് വിശദീകരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം എസ്എംഎസ് സന്ദേശങ്ങള്‍, വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍, ഓഡിയോകള്‍ തുടങ്ങിയവയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ടിആര്‍എസ് എംഎല്‍എയുടെ ഡ്രൈവര്‍ രോഹിത് റെഡ്ഡി, എംഎല്‍എമാരായ രേഖ കാന്താറാവു, ഗുവ്വാല ബാലരാജു, ഭീറാം ഹര്‍ഷവര്‍ധന്‍ എന്നിവര്‍ക്ക് പണവും ചെക്കുകളും നല്‍കി വശീകരിക്കാന്‍ ശ്രമിച്ചുവെന്ന് തെലങ്കാന പൊലീസ് തെളിവ് നിരത്തുന്നു. പ്രതികളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ രോഹിത് റെഡ്ഡിയുടെ കൈവശം മൂന്ന് രഹസ്യ കാമറകളും രണ്ട് വോയ്സ് റെക്കോര്‍ഡറുകളും ഉണ്ടായിരുന്നു. കൂടാതെ മൂന്ന് എംഎല്‍എമാരും രോഹിത്തിനെ സഹായിച്ചിരുന്നതായും പൊലീസ് പറയുന്നു.
എംഎല്‍എമാര്‍ മൂന്നര മണിക്കൂര്‍ പ്രതികളുമായി സംസാരിച്ചു. രോഹിത് റെഡ്ഡി “നാരിയൽ പാനി ലേആവോ” എന്ന സിഗ്നൽ നല്‍കിയതോടെ പൊലീസ് ഇവര്‍ ഇരിക്കുന്ന ഹാളിനുള്ളിലേക്ക് പോയി. ഓരോ എംഎൽഎക്കും 50 കോടി രൂപ വീതം നൽകുന്നതു സംബന്ധിച്ച സംഭാഷണം വോയ്‌സ് റെക്കോർഡറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ കൂറുമാറ്റം നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. കര്‍ണാടകയിലും മറ്റുസംസ്ഥാനങ്ങളിലും കൂറുമാറ്റം നടത്തിയിട്ടുണ്ടെന്ന് രാമചന്ദ്ര ഭാരതി പറയുന്നതിന്റെ തെളിവുകളും പൊലീസിന്റെ കൈവശമുണ്ട്.
അതേസമയം ബിജെപി വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിയമസഭാംഗങ്ങളെ വേട്ടയാടി സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപിയുടെ ശ്രമമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എട്ട് സംസ്ഥാനങ്ങളില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി പദ്ധതിയിട്ടു. ഡല്‍ഹിയിലും പഞ്ചാബിലും തെലങ്കാനയിലും ശ്രമം വിജയിച്ചില്ലെന്നും സിസോദിയ പറഞ്ഞു. 

പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

ഹെെദരാബാദ്: ഓപ്പറേഷന്‍ താമര കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികള്‍ കീഴടങ്ങണമെന്ന് ഉത്തരവിട്ട് തെലങ്കാന ഹെെക്കോടതി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ കസ്റ്റഡി അപേക്ഷ റദ്ദ് ചെയ്ത കീഴ്‍ക്കോടതി ഉത്തരവ് ഹെെക്കോടതി റദ്ദാക്കി. സൈബരാബാദ് പൊലീസ് നൽകിയ പുനഃപരിശോധനാ ഹർജിയിലായിരുന്നു നടപടി.
അതേസമയം, കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Oper­a­tion Tama­ra in Telan­gana: BJP will be in trouble

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.