16 June 2024, Sunday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

അടിച്ചമര്‍ത്തല്‍ തുടരുന്നു; രാജ്യസഭയില്‍ 19 പേര്‍ക്ക് സസ്പെന്‍ഷന്‍

നടപടി രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്
റെജി കുര്യന്‍
ന്യൂഡല്‍ഹി
July 26, 2022 3:31 pm

പ്രതിപക്ഷത്തിനെതിരെ അടിച്ചമര്‍ത്തല്‍ നടപടി തുടര്‍ന്ന് മോഡി സര്‍ക്കാര്‍. ജനകീയ വിഷയങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച 19 പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയില്‍ നാല് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് രാജ്യസഭയിലും സര്‍ക്കാര്‍ സമാന രീതിയില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിപിഐ അംഗം പി സന്തോഷ് കുമാര്‍, സിപിഐ (എം) അംഗങ്ങളായ എ എ റഹിം, വി ശിവദാസന്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ സുഷ്മിതാ ദേവി, മൗസം നൂര്‍, ശാന്താ ഛേത്രി, ഡോലാ സെന്‍, ശന്തനു സെന്‍, അഭി രഞ്ചന്‍ ബിസ്വാര്‍, മുഹമ്മദ് നദിമുള്‍ ഹഖ്, ഡിഎംകെയിലെ എം മുഹമ്മദ് അബ്ദുള്ള, എസ് കല്യാണസുന്ദരം, ആര്‍ ഗിരിരാജന്‍, എന്‍ ആര്‍ ഇളങ്കോ, എം ഷണ്‍മുഖം, കനിമൊഴി, ടിആര്‍എസില്‍ നിന്നുള്ള ബി ലിങ്കയ്യാ യാദവ്, രവിഹന്ദ്ര വാഡിരാജു, ദാമോദര്‍ റാവു ദിവകോണ്ട എന്നിവരെയാണ് ഈയാഴ്ചയിലെ ബാക്കിയുള്ള ദിവസങ്ങളില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയത്.
രാജ്യത്തെ വിലക്കയറ്റം, അവശ്യ സാധനങ്ങള്‍ക്ക് ജിഎസ്‌ടി ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച അന്നു മുതല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെയും പ്രസ്തുത ആവശ്യം തള്ളിയതോടെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. അനുനയിപ്പിക്കാന്‍ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും നടത്തിയ നീക്കങ്ങളൊന്നും ഫലിച്ചില്ല. ഇതേ തുടര്‍ന്നാണ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളെ രാജ്യസഭയില്‍ സസ്‌പെന്‍ഡ് ചെയ്തത്. ലോക്‌സഭയ്ക്കു പിന്നാലെ പ്രതിപക്ഷത്തിനെതിരെ രാജ്യസഭയിലും ശത്രുതാ മനോഭാവം തുടരുന്ന സര്‍ക്കാര്‍ നടപടിയില്‍ സഭയ്ക്ക് അകത്തും പുറത്തും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചത് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു. മന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പത്ത് പേരുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സഭ പ്രമേയം പാസാക്കും മുമ്പ് കൂടുതല്‍ പേരുകള്‍ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിട്ടിറങ്ങാന്‍ കൂട്ടാക്കാഞ്ഞതോടെ സമ്മേളനം ഇന്നലത്തേക്ക് പിരിഞ്ഞു.
ലോക്‌സഭയും ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. രാവിലെ സമ്മേളിച്ച സഭ 11.45 വരെയും പിന്നീട് 12.05 പിരിഞ്ഞ് രണ്ടുവരെയും നിര്‍ത്തിവച്ചു. ഉച്ചതിരിഞ്ഞു ചേര്‍ന്ന സഭയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. ധനമന്ത്രി മടങ്ങിയെത്തിയാല്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചയാകാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

 

 

ജിഎസ്‌ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാർ പ്രധാനമായും പ്രതിഷേധിച്ചത്. വിലക്കയറ്റം, ജിഎസ്‌ടി വിഷയങ്ങളിൽ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ കുറച്ചുനേരത്തേക്ക് നിർത്തിവച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ ന്യായീകരണം.

ലോക്‌സഭയിൽ പ്രതിഷേധിച്ചതിന് ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. സഭാ കാലയളവ് വരെയാണ് ഇവരുടെ സസ്പെൻഷൻ. പാർലമെന്റിൽ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവച്ചിരുന്നു.


സിപിഐ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: പണപ്പെരുപ്പവും അവശ്യ സാധനങ്ങൾക്ക് ചരക്കു സേവന നികുതി ചുമത്തിയതുമുള്‍പ്പെടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിന് സിപിഐ അംഗം പി സന്തോഷ് കുമാർ ഉൾപ്പെടെയുള്ള രാജ്യസഭാംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത നടപടി ദൗർഭാഗ്യകരമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. നിർണായക വിഷയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. ജനങ്ങളെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുക്കാതെ പാർലമെന്റ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് വേണമെന്ന ബിജെപി സര്‍ക്കാരിന്റെ ആഗ്രഹമാണ് പി സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ള രാജ്യസഭാംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത നടപടിക്കു പിന്നിലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ചരക്കു സേവന നികുതിയും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് താല്പര്യമില്ല. പാര്‍ലമെന്റിനെ ഭക്തജന സഭ ആക്കുന്നതിനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അത് നടക്കുവാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Nine­teen Oppo­si­tion MPs sus­pend­ed for ruckus in Rajya Sabha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.