27 April 2024, Saturday

Related news

April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024

പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യം ; അഞ്ച് ബില്ലുകള്‍ പാസാക്കിയത് പ്രതിപക്ഷമില്ലാതെ

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 20, 2023 10:54 pm

ജനാധിപത്യം മോഡി ആധിപത്യത്തിലേക്ക് ചുരുങ്ങിയതിന്റെ നേര്‍ക്കാഴ്ചയായി ലോക്‌സഭ. പ്രതിഷേധിച്ച രണ്ട് എം പിമാരെക്കൂടി ഇന്നലെ സഭയില്‍ നിന്ന് പുറത്താക്കി. ജനങ്ങളുടെ പ്രതിനിധികളായി അഭിപ്രായം പറയേണ്ട പ്രതിപക്ഷത്തെ പുറത്താക്കിയ ശേഷം സുപ്രധാന ബില്ലുകള്‍ പാസാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന ബിജെപി വനിതാ അംഗങ്ങളുടെ പരാതിക്കും പുല്ലുവില. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ‌ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടി എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി ഇന്നലെയും തുടര്‍ന്നു.

പ്ലക്കാര്‍ഡുകളുമായി സഭയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള എ എം ആരിഫ്, തോമസ് ചാഴിക്കാടന്‍ എന്നിവരെയാണ് നടപ്പു സമ്മേളനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇതോടെ അച്ചടക്കം പറഞ്ഞ് പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നും പുറത്താക്കിയ പ്രതിപക്ഷാംഗങ്ങളുടെ എണ്ണം 143. ലോക്‌സഭയില്‍ നിന്നും 97, രാജ്യസഭയില്‍ നിന്നും 46. എംപിമാര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സുപ്രധാന ബില്ലുകളില്‍ പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ പോലും സാവകാശം കാട്ടാതെ മോഡി ആധിപത്യത്തിലേക്ക് ചുരുങ്ങുകയായിരുന്നു പാര്‍ലമെന്റ്. ഭാരതീയ ന്യായ സംഹിത രണ്ട്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത രണ്ട്, ഭാരതീയ സാക്ഷ്യ അധീനിയം രണ്ട് ഭേദഗതി ബില്ലുകളാണ് ലോക്‌സഭ ഇന്നലെ പാസാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് ബില്ലുകളിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി അംഗം പരാതിപ്പെട്ടു. വിവരസാങ്കേതിക രംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ പിടിമുറുക്കുന്നതിന് സഹായിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍സ് ബില്ലും ലോക്‌സഭ പാസാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക‌്സഭയിൽ കരട് ബിൽ അവതരിപ്പിച്ചത്.

ജിഎസ്‌ടി ഉള്‍പ്പെടെ നികുതിയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു ആയുധവുമില്ലാത്തതിനാല്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്‌ദീപ് ധന്‍ഖറിനെ തൃണമൂല്‍ അംഗം കല്യാണ്‍ ബാനര്‍ജി അപഹസിച്ചുവെന്നാരോപിച്ച് ബിജെപി അംഗങ്ങളും രംഗത്തെത്തി. രാവിലെ സമ്മേളിച്ച രാജ്യസഭ ഉച്ചയ്ക്ക് മുമ്പ് മൂന്നുവട്ടം സ്തംഭിക്കുകയും ചെയ്തു. സമ്മേളനം നാളെ അവസാനിക്കും.

Eng­lish Sum­ma­ry: Dic­ta­tor­ship of Modi gov­ern­ment in Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.