26 April 2024, Friday

Related news

April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024

സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യോല്പാദന രംഗത്ത് ശുഭസൂചനകൾ: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 4, 2022 10:27 pm

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യോല്പാദനം ആറു ലക്ഷം മെട്രിക് ടണ്ണിനടുത്തെത്തിയെന്നും ഇതു ശുഭസൂചനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2010 വരെ കേരളത്തിന്റെ സമുദ്ര മത്സ്യോല്പാദനം 5.5 — 6.5 ലക്ഷം മെട്രിക് ടണ്ണായിരുന്നെങ്കിലും പിന്നീടു വലിയ ശോഷണമുണ്ടായെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ സർക്കാർ നിരവധി ഇടപെടലുകൾ നടത്തി. ഇതിന്റെ ഫലമായി 2018–19ൽ സമുദ്ര മത്സ്യോല്പാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാൻ കഴിഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം തുടങ്ങിയവയുടെ ഭാഗമായി പിന്നീടു ചെറിയ കുറവു വന്നെങ്കിലും 2021–22 സാമ്പത്തിക വർഷത്തിൽ ശുഭകരമായ സൂചനയാണുണ്ടായിട്ടുള്ളത്. ദേശീയതലത്തിൽ മത്സ്യോല്പാദന മേഖല വളർച്ചയുടെ പാതയിലാണെങ്കിലും കേരളത്തിന്റെ സാധ്യതകൾക്കനുസരിച്ചുള്ള വളർച്ചയുണ്ടാകുന്നില്ല. ഒന്നാമതായിരുന്ന സംസ്ഥാനം ഇപ്പോൾ നാലാം സ്ഥാനത്താണെന്നും ഈ അവസ്ഥ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനൊപ്പം കടൽ രക്ഷാപ്രവർത്തനം ജില്ലാതലത്തിൽ ഏകോപിപ്പിക്കാൻ ഈ സ്റ്റേഷനുകൾ ഉപകാരപ്പെടും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രതിശീർഷ വരുമാനം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു.

കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്നവർക്കു സുരക്ഷിത ഭവനം ഒരുക്കുന്ന പുനർഗേഹം പദ്ധതി രാജ്യത്തിനു മാതൃകയാകുംവിധം നടപ്പാക്കിവരുന്നു. ഫ്ലാറ്റുകൾ നിർമിക്കുന്ന പദ്ധതിയിൽ 114 എണ്ണത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. 784 ഫ്ലാറ്റുകൾക്കു ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നാലു സ്റ്റേഷൻ കേന്ദ്രങ്ങളിലും പ്രാദേശിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിവിധയിടങ്ങളിൽ എംഎൽഎമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Optimism in the Marine Fish­eries of the State: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.