ഞങ്ങൾ കോഴിക്കോട്കാരുടെ പ്രധാന ആഘോഷം വിഷുവാണ്. എങ്കിലും ഓണത്തിനും ആഘോഷങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നു. ഒരുനാഗരിക സ്വഭാവമുള്ള ഓണമായിരുന്നു എന്ന് മാത്രം. നാട്ടിൻ പുറങ്ങളിലെ ഓണത്തിന്റെ ഒരു നിറപ്പകിട്ട് ഞങ്ങൾ പട്ടണവാസികൾക്ക് അവകാശപ്പെടാനാവില്ല. തെളിഞ്ഞ വെയിലും തുമ്പികൾ നിറയുന്ന മുറ്റവും, പാടവരമ്പത്തെ പൂക്കളും ഒന്നുമില്ല. എങ്കിലും ഞങ്ങളും കേമമായി പൂക്കളമിടും. ഞങ്ങൾ കുട്ടികൾ എല്ലാരുംകൂടി അതിരാവിലെ പൂപറിക്കാനായിറങ്ങും. പാർക്കിലും വീടുവീടാന്തരവും കയറിയിറങ്ങും, പൂവിനായി… പലപ്പോഴും ആൾക്കാരുടെ വഴക്കൊക്കെ കേട്ടാവും പൂവ് ശേഖരണം.
കുട്ടിക്കാലത്ത് എന്റെ സുഹൃത്തുക്കളെല്ലാം മുസ്ളിം സമുദായത്തിൽ പെട്ടവരായിരുന്നു. അവരുടെയൊക്കെ വീടുകളിൽ പോയി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലായിരുന്നു ഞാൻ. പ്രത്യേകിച്ചും മുനീറിന്റെ വീട്ടിൽ (ഡോ. എം കെ മുനീർ ). മുനീറിന്റെ വീട്ടിൽ പോയി താമസിക്കുകയും ഭക്ഷണം കഴിക്കുകയും പതിവായിരുന്നു. മുനീറിനെ വീട്ടിൽ വിളിച്ച് ഭക്ഷണം കൊടുക്കാനുള്ള അവസരമായിരുന്നു അന്നൊക്കെ എനിക്ക് ഓണം. എന്റെ പല സുഹൃത്തുക്കൾക്കും പച്ചക്കറി കറികളുടെ രുചി അറിയാനുള്ള അവസരമായിരുന്നു എന്റെ വീട്ടിലെ ഓണം. പായസം, കാളൻ ഇതൊക്കെ അവരുടെ ഇഷ്ട വിഭവങ്ങളായിരുന്നു.
1990–91 ല്‍ സിവിൽ സർവ്വീസ് അക്കാദമിയിലെ പരിശീലന കാലം. അക്കാദമിയിൽ വച്ച് ഒരു ആഗസ്റ്റിലാണ് ശാരദയെ പരിചയപ്പെടുന്നത്. അപ്പോഴേയ്ക്കും ആ വർഷത്തെ ഓണം കഴിഞ്ഞിരുന്നു. 91 ലെ ഓണം നല്ല ഓർമ്മയുണ്ട്. ഞങ്ങൾ നാല് മലയാളികളായിരുന്നു അക്കാദമിയിൽ. ഞാനും ശാരദയും, റെയിൽവേ സർവ്വീസിലെ ശ്രീകുമാർ. പിന്നെ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഓഫീസിലെ ദേവിക. അക്കാദമിയിലെ ഓണം നല്ലൊരോർമ്മയാണ്. ഞങ്ങൾ കേരളീയ വേഷം ധരിക്കുന്നത് കണ്ട് മലയാളികളല്ലാത്ത പലരും കേരളീയ വേഷം ധരിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ചും തമിഴ്‌നാട്ടിലെ ഞങ്ങടെ സുഹൃത്തുക്കൾ.
91 ലെ ഓണത്തിന് ശാരദയുടെ നേതൃത്വത്തിൽ ഒരു കൈകൊട്ടിക്കളി പ്ലാൻ ചെയ്തു. ശാരദയും ശാരദയുടെ വനിതാ സുഹൃത്തുക്കളും ചേർന്ന് വളരെ കഷ്ടപ്പെട്ടാണ് കൈകൊട്ടിക്കളി പഠിച്ചെടുത്തത്. കോഴിക്കോട് നിന്ന് എന്റെ അമ്മ പാട്ട്പാടി ടേപ്പ് അയച്ചു തന്നിരുന്നു. ഇല്ലാത്ത സമയം കണ്ടെത്തി എല്ലാവരും നന്നായി പ്രാക്ടീസ് ചെയ്തു. അതിൽ ഒരു റോൾ മാത്രമാണ് എന്നെ ഏൽപ്പിച്ചിരുന്നത്, ടേപ്പ് ഓണാക്കുക. അവരെല്ലാവരും വേഷമൊക്കെ ധരിച്ച് സ്റ്റേജിൽ നിൽക്കുന്നു. തയ്യാറെടുപ്പ് പൂർത്തിയായില്ലെന്നറിയാതെ ഞാൻ ടേപ്പ് ഓൺ ചെയ്തു. അതുകാരണം കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്തിട്ടും നന്നായി കളിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനുള്ള ചീത്ത വിളി ഈ മുപ്പത് വർഷത്തിനുശേഷവും ഞാൻ കേൾക്കുന്നുണ്ട്. “നീയല്ലേടാ അന്ന് ഞങ്ങടെ കൈകൊട്ടിക്കളി കുളമാക്കിയവൻ” എന്ന് അവരിപ്പോഴും പറയാറുണ്ട്.
സർവ്വീസിൽ കയറിക്കഴിഞ്ഞിട്ട് ഓണക്കാലത്ത് അധികം യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. സാധിക്കുമ്പോഴെല്ലാം കോഴിക്കോടേക്കായിരിക്കും ഞങ്ങൾ പോവാറ്. എന്റെ അച്ഛനും അമ്മയും കോഴിക്കോടായിരുന്നു. ശാരദയുടെ അച്ഛനും അമ്മയും തിരുവനന്തപുരത്തും. പക്ഷേ ഞങ്ങൾടെ കൂടുതൽ ഓണവും തിരുവനന്തപുരത്തായിരുന്നു. ടൂറിസം വകുപ്പിന്റെ ചുമതല വളരെ നേരത്തേ എനിക്ക് കിട്ടിയിരുന്നു. ടൂറിസം വകുപ്പിലെ ജീവനക്കാർക്ക് ഓണക്കാലം ജോലിക്കാലമാണ്. എല്ലാവരും കുടുംബത്തോടൊപ്പം യാത്രയും ആഘോഷവുമായി കഴിയുമ്പോൾ പരിപാടികൾ സംഘടിപ്പിക്കുന തിരക്കിലാവും ടൂറിസം ജീവനക്കാർ. ടൂറിസം ഡയറക്ടറായിരുന്ന മൂന്ന് വർഷക്കാലം വളരെ സമ്മർദ്ദത്തിൽ ജോലി നോക്കുന്ന കാലമായിരുന്നു. വേദികളെല്ലാം ശ്രദ്ധിക്കണം, അവിടെല്ലാം പരിപാടി സംഘടിപ്പിക്കണം. അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പരാതികൾ പരിഹരിക്കണം. ഇതിനിടയിലാണ് ഞങ്ങടെ ഓണം. ശാരദയുടെ അച്ഛനോടും അമ്മയോടുമൊപ്പം ഭക്ഷണം കഴിക്കുക, പിന്നെ നഗരത്തിലെ പരിപാടികൾ കാണുക, കനകക്കുന്ന് കൊട്ടാരത്തിലും മ്യൂസിയത്തും കുട്ടികളുമായി പോവുക… ഇത്രേ ഉണ്ടായിരുന്നുള്ളൂ അക്കാലത്ത് ഞങ്ങടെ ഓണം. കുട്ടികൾ മുതിർന്നു. ഞങ്ങളുടെ ഔദ്യോഗിക തിരക്കുകളും കൂടി. ശരിക്കും ഉത്രാടപ്പാച്ചിലായി മാറിയിരിക്കുന്നു ഇന്ന് ജീവിതം. എങ്കിലും തിരക്കുകൾക്കിടയിലും തിരുവനന്തപുരം ജനതയോടൊപ്പം ഏറ്റവും സന്തോഷകരമായി ഞങ്ങൾ ഇന്നും ഓണം ആഘോഷിക്കുന്നു.
ഡോ. വേണു വി ഐഎഎസ്
(ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.