കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ദേശീയ പട്ടികജാതി കമ്മിഷന് ലഭിച്ചത് 47,000ലധികം പരാതികള്‍. ജാതിയുടെ പേരിലുള്ള അതിക്രമം, ഭൂമി തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. 2020–21 വര്‍ഷം 11,917 പരാതികളും തൊട്ടടുത്ത വര്‍ഷം 13,964 ഉം 2022–23ല്‍ 12,402 ഉം ഇക്കൊല്ലം ഇതുവരെ 9,550 പരാതികളും രജിസ്റ്റര്‍ ചെയ‍്തതായി രേഖകള്‍ വ്യക്തമാക്കുന്നു.
പരാതികള്‍ പരിഹരിക്കുന്നതിന് അടുത്തമാസം മുതല്‍ സംസ്ഥാന ഓഫിസുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ‍്സണ്‍ കിഷോര്‍ മഖ‍്‍വാന പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതെന്നും രാജ്യത്താകെ ദിവസവും 200 മുതല്‍ 300 പരാതികള്‍ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങളുണ്ടായാല്‍ സഹായം നല്‍കുന്നതിനുളള ഹെല്‍പ് ലൈനില്‍ 6,02,177 കോളുകളാണ് ലഭിച്ചത്. ഇതില്‍ 5,843 പരാതികള്‍ രജിസ‍്റ്റര്‍ ചെയ‍്തു. 1,784 എണ്ണം പരിഹരിച്ചു. പകുതിയിലധികം വിളികളും ഉത്തര്‍പ്രദേശില്‍ നിന്നാണ് കിട്ടിയത്, 3,10,623. സാമൂഹ്യനീതിവകുപ്പും ശാക്തീകരണ മന്ത്രാലയവുമാണ് ഹെല്‍പ് ലൈന്‍ നിരീക്ഷിക്കുന്നത്.
രാജ്യത്ത് എസ്‌സി-എസ് ടി അതിക്രമം തടയല്‍ നിയമപ്രകാരം ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് 13 സംസ്ഥാനങ്ങളിലാണ്. ഈ നിയമം അനുസരിച്ച് 2022ല്‍ 97.7 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ‍്തത്. 2022ല്‍ രജിസ‍്റ്റര്‍ ചെയ‍്ത 51,656 കേസുകളില്‍ ഉത്തര്‍പ്രദേശില്‍ 12,287 (23.78 ശതമാനം), രാജസ്ഥാനില്‍ 8,651 (16.75 ശതമാനം), മധ്യപ്രദേശ് 7,732 (14.97 ശതമാനം) എന്നിങ്ങനെയാണ്.
ബിഹാര്‍ 6,799 (13.16 ശതമാനം), ഒഡിഷ 3,576 (6.93 ശതമാനം), മഹാരാഷ‍്ട്ര 2,706 (5.24 ശതമാനം) എന്നിവിടങ്ങളാണ് ജാതി അതിക്രമങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍. മൊത്തം കേസുകളുടെ 81 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.