Sunday
25 Aug 2019

പഗ്ഡി സംഭാല്‍ ജാട്ടാ പഗ്ഡി സംഭാല്‍

By: Web Desk | Monday 13 May 2019 10:51 PM IST


k dileep

ചരിത്രത്തിന്റെ ഭിന്നമായ ഘട്ടങ്ങളിലാണെങ്കിലും സാമൂഹ്യ-രാഷ്ട്രീയ അവസ്ഥകളുടെ സാജാത്യം മൂലം സമകാലീന ഇന്ത്യ 20-ാം നൂറ്റാണ്ടിന്റെ തുടക്ക കാലത്തെ ഇന്ത്യയെ അനുസ്മരിപ്പിക്കുന്നു. 19-ാം നൂറ്റാണ്ടില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തപ്പെട്ടതോടെ ഇന്ത്യയുടെ ഭരണം പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലൊതുങ്ങി. നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലല്ലാതിരുന്ന 600- ഓളം നാട്ടുരാജ്യങ്ങളില്‍ ബ്രിട്ടീഷുകാരോട് കുറു പുലര്‍ത്തുന്ന ഫ്യൂഡല്‍ പ്രഭുക്കളുടെയും, നാട്ടു രാജാക്കന്മാരുടെയും ഒരു പുതിയ ജന്മി, മാടമ്പി വര്‍ഗത്തെ അവര്‍ സൃഷ്ടിച്ചു. ഇതിലൂടെ രണ്ടു കാര്യങ്ങള്‍ അവര്‍ ഉറപ്പുവരുത്തി. നാട്ടുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അവരെ വിദേശികളല്ല ഭരിക്കുന്നത് എന്നൊരു പ്രതീതി ഉണ്ടാക്കി. ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാനായി വളരെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാതെയും, ഒരു ചിലവും കൂടാതെയും ഈ നാട്ടുരാജ്യങ്ങളിലെ പാവപ്പെട്ട കര്‍ഷകരുടെ മുഴുവന്‍ വരുമാനവും ബ്രിട്ടീഷ് ഖജനാവിലേക്ക് എത്തിക്കുവാനും കഴിഞ്ഞു. ഫ്യൂച്ചര്‍ റിസള്‍ട്ട്‌സ് ഓഫ് ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന 1853 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ കാള്‍മാര്‍ക്‌സ് ഇങ്ങനെ നിരീക്ഷിച്ചു. ‘മഹാഭൂരിപക്ഷം മഹാരാജാക്കന്‍മാരും ഒരു പാരമ്പര്യവും ഇല്ലാത്തവരും വളരെയടുത്ത കാലത്ത് ബ്രിട്ടീഷ് ഉപജാപങ്ങളിലൂടെ രാജ്യാധികാരം പിടിച്ചെടുത്തവരുമായിരുന്നു. ഇംഗ്ലീഷ് സ്വേച്ഛാധിപത്യത്തോട് ഏറ്റവും അടിമത്ത മനോഭാവം പുലര്‍ത്തിയിരുന്ന ദാസന്മാരായി വര്‍ത്തിച്ചുപോന്നത് ഈ നാട്ടു രാജാക്കന്മാര്‍ ആയിരുന്നു. ഇവരായിരുന്നു അറപ്പുളവാക്കുന്ന ബ്രിട്ടീഷ് സമ്പ്രദായത്തിന്റെ ശക്തി സ്രോതസും ഇന്ത്യയുടെ പുരോഗതിക്കുള്ള ഏറ്റവും വലിയ വിഘാതവും.’ ”വളച്ചൊടിച്ച ചരിത്രരേഖകളുംകള്ള ജീവചരിത്രങ്ങളും നിര്‍മ്മിച്ച് ഈ മഹാരാജാക്കന്‍മാര്‍ ഇന്ത്യാ ചരിത്രത്തിലെ മഹാന്മാരായ ഭരണാധികാരികളുടെയും പുരാതന രാജവംശങ്ങളുടെയും അനന്തരാവകാശികളാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിച്ചു” ഈ നിരീക്ഷണം ഏറ്റവും കൃത്യമായിരുന്നു എന്ന് ഇന്ന് നമുക്കറിയാം.
ബ്രിട്ടീഷ് ഭരണാധികാരികള്‍ നടത്തിയ ഭീകരമായ ചൂഷണം കര്‍ഷകരെ പാപ്പരാക്കി. സര്‍ക്കാരും ജന്മിയും കൊള്ളപ്പലിശക്കാരും ചേര്‍ന്ന് കര്‍ഷകനെ പിഴിഞ്ഞു. ഉല്‍പാദനത്തിന്റെ 75 ശതമാനവും നികുതിയായി പിരിച്ചെടുത്തു. ബര്‍മയിലും, അഫ്ഗാനിസ്ഥാനിലും ചൈനയിലും സാമ്രാജ്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ യുദ്ധങ്ങളുടെ ചെലവ് ഇന്ത്യക്കുമേല്‍ ‘ഭരണെച്ചലവുകള്‍’ എന്ന പേരില്‍ അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ പൊതുകടം അതിഭീമമായി വര്‍ധിച്ചു. 1870 കളിലും 80 കളിലും രൂക്ഷമായ ക്ഷാമം 1896-1900 കാലഘട്ടത്തില്‍ ഇന്ത്യയിലെ പകുതിയോളം ജനങ്ങളെ ബാധിച്ച കൊടുംപട്ടിണിയായി മാറി. മനുഷ്യരും, വളര്‍ത്തുമൃഗങ്ങളും മരിച്ചു വീണ് ഗ്രാമങ്ങള്‍ അനാഥമായി. 1876 നും 1878 നും ഇടയില്‍ തെക്കേ ഇന്ത്യയില്‍ മദ്രാസ്, ബോംബെ, മൈസൂര്‍ ഹൈദരാബാദ് പ്രവിശ്യയില്‍ മാത്രം 6.1 കോടിക്കും 10.3 കോടിക്കുമിടയില്‍ ജനങ്ങള്‍ പട്ടിണിമൂലം മരിക്കുകയുണ്ടായി. 1770 ലെ ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവരുടെ സംഖ്യ മാത്രം പത്തുകോടിയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ അധികാരം സ്ഥാപിക്കുന്ന 1765 കാലഘട്ടം (ബക്‌സര്‍ യുദ്ധത്തില്‍ കമ്പനി വിജയിക്കുകയും ബംഗാളില്‍ നികുതി പിരിക്കാനുള്ള അവകാശം നേടുകയും ചെയ്ത വര്‍ഷം) മുതല്‍ 1948 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് പട്ടിണികൊണ്ടും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികള്‍ മൂലവും 50 കോടി ജനങ്ങളെങ്കിലും ഏറ്റവും ചുരുങ്ങിയത് ഇന്ത്യയില്‍ മരിച്ചുവീണു. വളര്‍ത്തു മൃഗങ്ങളുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയും ഗ്രാമങ്ങളിലെ ഈ കൊടും പട്ടിണിയാണ് ഇന്ത്യയിലെ നഗരങ്ങളില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച തുണിമില്ലുകളിലും, മറ്റു വ്യവസായ ശാലകളിലും നരകയാതനകളനുഭവിച്ചും ജോലിചെയ്യുവാന്‍ നഗരങ്ങളിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി കുടിയേറിയ കര്‍ഷക തൊഴിലാളിയെ പ്രേരിപ്പിച്ചത്. 1908 ല്‍ ഇന്ത്യന്‍ ഫാക്ടറി തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്റ് കമ്മിറ്റി, ഇന്ത്യന്‍ ഫാക്ടറി ലേബര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു; ”അതി ദീര്‍ഘമായ ജോലി സമയത്തെക്കുറിച്ചുള്ള ആരോപണം തെളിയിക്കപ്പെട്ടിരിക്കുന്നു. ഫാക്ടറികളില്‍ 17 ഉം 18 ഉം മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന സാഹചര്യം ഞങ്ങള്‍ കണ്ടു. അരിമില്ലുകളിലും ഗോതമ്പ് മില്ലുകളിലും പലപ്പോഴും തൊഴിലാളികള്‍ 20 ഉം 22 ഉം മണിക്കൂര്‍ ജോലി ചെയ്യുന്നു. അച്ചടിശാലകളിലാവട്ടെ ആളുകള്‍ ദിവസവും 22 മണിക്കൂര്‍ വീതം ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യുന്നു. 24 മണിക്കൂര്‍ സ്ഥിരമായി ജോലി ചെയ്യുന്നത് കാണണമെങ്കില്‍ തുണിമില്ലുകളിലേക്ക് നോക്കുക. ഏഴുവയസില്‍ കുറവുള്ള കുട്ടികള്‍ പോലും ജോലിക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അതികഠിനമായ ശിക്ഷകളാണ് നല്‍കിയിരുന്നത്.” ഈ റിപ്പോര്‍ട്ടാണ് പിന്നീട് ആഴ്ചയില്‍ ഒരു ദിവസം അവധിയും 12 മണിക്കൂര്‍ ജോലി സമയവും നിശ്ചയിക്കുന്നതിന് അടിസ്ഥാനമായത്.
ഇതേ കാലഘട്ടത്തില്‍ തന്നെ ബംഗാള്‍ വിഭജനത്തിനെതിരായി ബംഗാളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന പ്രതിഷേധ സമരങ്ങളും പൊതുയോഗങ്ങളും ഹര്‍ത്താലുകളും ജാഥകളും നടന്നു. വളരെ പെട്ടെന്നു തന്നെ ഈ പ്രസ്ഥാനം നഗരങ്ങളിലെ തൊഴിലാളികള്‍ക്കിടയിലും ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കിടയിലും വ്യാപിച്ചു. ബംഗാളിലെ സ്വദേശി പ്രസ്ഥാനം ഇന്ത്യയുടെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കി.
എന്നാല്‍ പഞ്ചാബില്‍ 1900 ത്തില്‍ ഭൂമി കൈമാറ്റനിയമം ഭേദഗതി ചെയ്തുകൊണ്ട് ബ്രിട്ടീഷ് കോളനി ഭരണാധികാരികള്‍ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയിലെ അവകാശം ഇല്ലാതാക്കി. അവരുടെ ഭൂമിയില്‍ കര്‍ഷകര്‍ വെറും കുടിയാന്മാരായിമാറി. ഇതിനെതിരെ സര്‍ദാര്‍ അജിത്‌സിങ് സഹോദരന്മാര്‍ കിഷന്‍ സിങും, സ്വരണ്‍ സിങും. സൂഫി അംബ പ്രസാദ് എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ കര്‍ഷകപ്രസ്ഥാനം 1987 ഏപ്രില്‍ 7-ാം തീയതി 12000 ത്തോളം കര്‍ഷകരുടെ ഒരു മാര്‍ച്ച് ലാഹോറില്‍ നടത്തി. ഏപ്രില്‍ 29 ന് റാവല്‍ പിണ്ഡിയില്‍ നടന്ന പ്രതിഷേധ സമ്മേളനത്തിലാണ് വളരെ പഴയ ഒരു നാടോടി ദേശഭക്തിഗാനം ‘പഗ്ഡി സംഭാല്‍ ജാട്ടാ പഗ്ഡി സംഭാല്‍ ‘ (കര്‍ഷകാ നിന്റെ തലപ്പാവ് സംരക്ഷിക്കൂ നിന്റെ ആത്മാഭിമാനം സംരക്ഷിക്കൂ) സര്‍ഭാര്‍ അജിത് സിംഗ്, ആലപിക്കുന്നതും ഒരു കാട്ടുതീപോലെ ഈ ഗാനത്തിന്റെ അലയൊലികള്‍ ഗ്രാമീണ ജനതയിലേക്ക് പടരുന്നതും. (വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ദാര്‍ അജിത് സിങിന്റെ സഹോദരനും പ്രചോദനകാരികളിലൊരാളുമായ കിഷന്‍ സിങിന്റെ മകനുമായ ഷഹീദ് ഭഗത്‌സിംഗ്. എന്ന ചെറുപ്പക്കാരന്‍ ഈ നാടോടി ഗാനം പനരുജ്ജീവിപ്പിച്ചു.) കര്‍ഷകസമരം വിജയിച്ചു. ഒരു പക്ഷെ ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന വിജയിച്ച ആദ്യ സമരമായിരിക്കും പഞ്ചാബിലെ കര്‍ഷക സമരം. പക്ഷെ 1907 മെയ് മാസത്തില്‍ സര്‍ദാര്‍ അജിത് സിങിനെയും, ലാലാ ലജ്പത്‌റായി എന്ന വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയും ബര്‍മയിലേക്ക് നാടുകടത്താല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രക്ഷോഭം ആ തീരുമാനം നടപ്പിലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ അനുവദിച്ചില്ല. 1909 ല്‍ ഇറാനിലേക്ക് പോയ സര്‍ദാര്‍ അജിത് സിങ് പിന്നീടുള്ള വര്‍ഷങ്ങളില്‍ റോം, ജനീവ, പാരിസ്, റിയോ ഡി ജനീറോ എന്നിവിടങ്ങളിലെല്ലാമായാണ് കഴിഞ്ഞത്. സുഭാഷ് ചന്ദ്ര ബോസിനൊപ്പം യൂറോപ്പില്‍ ഐഎന്‍എയെ സഹായിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. 1946 ല്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ തിരിച്ചെത്തിയ സര്‍ദാര്‍ അജിത് സിങ് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമാണ് ഡല്‍ഹിയില്‍ വച്ച് അന്തരിച്ചത്. മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍”ദൈവമേ എന്റെ ദൗത്യം സഫലമായി’ എന്നായിരുന്നു.
സമാന സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യ വീണ്ടും അഭിമുഖീകരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍ ഇന്ന് ദാരിദ്ര്യവും പട്ടിണിയും മൂലം ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകരുടെ പട്ടിണി മാറ്റാനോ എന്തിന് കൃഷിഭൂമിയിലേക്ക് ജലസേചന സൗകര്യം ഏര്‍പ്പെടുത്താനോ പോലും നടപടികളുണ്ടാവുന്നില്ല. ഇപ്പോള്‍ പേറ്റന്റ് നിയമങ്ങള്‍ കുത്തകകള്‍ക്കനുകൂലമായി മാറ്റിയത് ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ ബ്രിട്ടീഷ് ഭരണ കാലത്തേതിന് തുല്യമാക്കിയിരിക്കുന്നു. പെപ്‌സികോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനി അവരുടെ ലെയ്‌സ് എന്ന ഉല്‍പന്നത്തില്‍ ഉപയോഗിക്കുന്ന എഫ്എല്‍ 2027 എന്നയിനം ഉരുളക്കിഴങ്ങാണ് ആകെ നാലേക്കറില്‍ താഴെ ഭൂമിയുള്ള ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ കൃഷി ചെയ്തിരിക്കുന്നത് എന്നും പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആക്ട് 2001 പ്രകാരം തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഈ ഉരുളക്കിഴങ്ങ് സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിക്കുകവഴി പേറ്റന്റ് വ്യവസ്ഥ ലംഘിച്ചു വെന്നമുള്ള കേസില്‍ ഒരു കോടി രൂപ വീതമാണ് ഈ പാവപ്പെട്ട കര്‍ഷകര്‍ക്ക് പിഴ വിധിക്കപ്പെട്ടത്. നിയമങ്ങള്‍ കമ്പനികള്‍ക്കനുകൂലമായിരിക്കേ കോടതികള്‍ക്ക് മറിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാനുമാവില്ല. ഇതേ നിയമമുപയോഗിച്ച് ഇത്തരം ബഹുരാഷ്ട്ര കമ്പനികള്‍ അവര്‍ നേടിയെടുത്തുവെന്ന് പറയുന്ന പോറ്റന്റുകളുമായി കോടതിയില്‍ പോയാല്‍ ഈ നാട്ടിലൊരാള്‍ക്കും നെല്ലും ഗോതമ്പും, ചക്കയും. മാങ്ങയുമൊന്നും കൃഷി ചെയ്യാനാവാത്ത അവസ്ഥ ഉടനെ വന്നുചേരും. പിന്നെ പിഴകൂടി വന്നാല്‍ കിടപ്പാടവും പോവും. 1770 ലെ ബംഗാള്‍ ക്ഷാമം മുതലിങ്ങോട്ടുള്ള പട്ടിണി മരണങ്ങളുടെ തനിയാവര്‍ത്തനം ഒരു സാധ്യത മാത്രമല്ല ഒരു യാഥാര്‍ഥ്യം തന്നെയായി മാറും.
ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളുടെ തുടക്കം 1908 ലെ ഇന്ത്യന്‍ ഫാക്ടറി ലേബര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ നിന്നാണ്. 1862 ലെ റയില്‍വേ തൊഴിലാളി സമരം മുതലുള്ള സമരങ്ങളുടെയും പണിമുടക്കുകളുടെയും ഫലമായാണ് ആ കമ്മിഷന്‍ രൂപീകൃതമായത്. പിന്നീട് കാലാനുസൃതമായി അനേകം കമ്മിഷനുകള്‍ രൂപീകരിക്കപ്പെടുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തതിനു പിറകില്‍ തൊഴിലാളികളുടെ വലിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. വരും വരായ്കകള്‍ ഒന്നും നോക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലവിലുള്ള 44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളാക്കി ചുരുക്കാനുള്ള തീരുമാനമെടുക്കുകയാണ്. സമീപ ഭാവിയില്‍ തന്നെ’ 1908 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ലേബര്‍ കമ്മിഷന്റെ നിരീക്ഷണം വീണ്ടും പ്രസക്തമാവും എന്നതിലും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ രാജ്യം 1900 കളില്‍ നേരിട്ട അതേ സാഹചര്യത്തെ നേരിടാന്‍ തയ്യാറെടുക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ”കര്‍ഷകാ നിന്റെ തലപ്പാവ് സംരക്ഷിക്കു” എന്ന നാടോടി ഗാനം അന്ന് എങ്ങനെ ജനതയുടെ ആത്മാഭിമാനം സംരക്ഷിച്ചോ അതേ ചരിത്ര നിയോഗമായിരിക്കും രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജെഎന്‍യുവിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്ന ഇന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ഹൃദയങ്ങളേറ്റുവാങ്ങിയ ‘ആസാദി’ എന്ന ഗാനത്തിനും.