ആവശ്യം അംഗീകരിച്ചു; പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

Web Desk
Posted on October 10, 2019, 2:24 pm

കൊച്ചി: പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെതായിരുന്നു ഉത്തരവ്.

മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗതാഗതയോഗ്യമാണോയെന്ന് ഉറപ്പ് വരുത്താതെ പൊളിക്കരുതെന്നും, ഭാര പരിശോധന വേഗത്തില്‍ നടപ്പാക്കണമെന്നും ഇ. ശ്രീധരന്റെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കരുതെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ പാലം പൊളിക്കാനുള്ള നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.