14 July 2024, Sunday
KSFE Galaxy Chits

പ്രതിസന്ധിയിൽ പൊട്ടിത്തകർന്ന് പപ്പടം നിർമാതാക്കൾ

സ്വന്തം ലേഖിക
ആലപ്പുഴ
August 12, 2023 11:51 pm

അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ വീണ്ടും പപ്പട വ്യവസായം ‘പൊടിയുന്നു’. വില കൂട്ടാതെ എണ്ണം കുറച്ച് പപ്പടം വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് പരമ്പരാഗത തൊഴിലാളികൾ. ശരാശരി 20 രൂപ വരുന്ന പപ്പട പായ്ക്കറ്റിൽ മുൻപ് 14 എണ്ണം ഉണ്ടായിരുന്നിടത്ത് 11–12 എണ്ണമേയുള്ളൂ. ഊണായാലും ബിരിയാണിയായാലും ആലപ്പുഴക്കാർക്ക് പപ്പടം മസ്റ്റാണ്. ജില്ലയിൽ നൂറിലേറെ പപ്പട നിർമാണ യൂണിറ്റുകളുണ്ട്. തമിഴ്‌നാടൻ പപ്പടം വിപണിയിലുണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ ഉണ്ടാക്കുന്ന പപ്പടത്തിനാണ് രുചിക്കൂടുതലും ആവശ്യക്കാരേറെയും. ഒരു ദിവസം അഞ്ചു കിലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടമുണ്ടാക്കുന്നവർ മാത്രമേ ഇപ്പോൾ പരമ്പരാഗത രീതിയെ ആശ്രയിക്കുന്നുള്ളൂ. 

ഓണം പപ്പട വില്പനയുടെ ചാകരക്കാലമാണ്. പപ്പടക്കാരം, ഉഴുന്ന് എന്നിവയുടെ വിലക്കയറ്റമാണ് വെല്ലുവിളി. ഉഴുന്നുപൊടി കിലോയ്ക്ക് 90 രൂപയിൽനിന്ന് ഒറ്റയടിയ്ക്ക് 120 രൂപയിലെത്തി. ഇതിന് പുറമെ കൂലിയും വൈദ്യുതി ചാർജ് അടക്കമുള്ള മറ്റ് ചെലവുകളിൽ വന്ന വർദ്ധനവും മേഖലയെ പിന്നോട്ടടിക്കുകയാണെന്ന് സംരഭകർ പറയുന്നു. ഉഴുന്നു മാവും പപ്പടക്കാരവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും, അരിപ്പൊടിയോ കപ്പപ്പൊടിയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. 

ഉഴുന്നു വിലയുടെ അടിസ്ഥാനത്തിൽ പപ്പട വിലയിലും ഏറ്റക്കുറച്ചിലുകൾ വരും. അവസരം മുതലാക്കി വ്യാജ പപ്പടം വിപണിയിലെത്തിക്കുന്നവരുണ്ട്. ഉഴുന്നിന് പകരം മൈദയാണ് അവർ ഉപയോഗിക്കുന്ന പ്രധാന ചേരുവ. മൈദ കിലോയ്ക്ക് 40 രൂപയിൽ താഴെയാണ് വില. എന്നാൽ സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരില്ല, രുചിയുമുണ്ടാവില്ല.
ഉത്പാദന ചെലവ് കുറവായതിനാൽ ചെറിയ തുകയ്ക്ക് കൂടുതൽ എണ്ണം കൊടുക്കാനാവും. ”വിലക്കയറ്റം രൂക്ഷമായതോടെ ഉത്പാദന ചെലവ് 60 ശതമാനമാണ് വർദ്ധിച്ചത്. പലർക്കും മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ്.

Eng­lish Sum­ma­ry: Papadam man­u­fac­tur­ers broke in the crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.