26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

ജനങ്ങള്‍ക്ക് നേതാവിന്റെ കരിയര്‍ ഒരു പ്രശ്നമേയല്ല

ഡോ. അമല്‍ സി രാജന്‍
September 28, 2021 5:57 pm

രു വ്യക്തി ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയിൽ അംഗത്വമെടുക്കുന്നതും അതുപേക്ഷിക്കുന്നതുമെല്ലാം തികച്ചും വ്യക്തിപരമായി തോന്നാമെങ്കിലും അതങ്ങനെയല്ല. ആ വ്യക്തി മുന്നോട്ടുവയ്ക്കുന്ന ജീവിതലക്ഷ്യം കൂടി ഈയൊരു തിരഞ്ഞെടുപ്പിനു പിന്നിലെ രാഷ്ട്രീയമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത. രാഷ്ട്രീയത്തെ കരിയറായി കാണുന്ന ആർക്കും തനിക്കു കൂടുതൽ മികച്ചതെന്നു തോന്നുന്ന അവസരങ്ങൾ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. പ്രായോഗികമായി അവരതിൽ വിജയിക്കുകയും ചെയ്തേക്കാം.

ജനങ്ങളെ സംബന്ധിച്ചിടത്തോളം നേതാവിന്റെ കരിയര്‍ ഒരു പ്രശ്നമേയല്ല. പാർട്ടിയുടെ വലിപ്പമോ വഹിച്ച പദവിയോ അധികാരത്തിലിരുന്ന കാലയളവോ ജനകീയതയുടെ അളവുകോലാകുന്നുമില്ല. ആർക്കു വേണ്ടി, എന്തിനു വേണ്ടി, എങ്ങനെ ജീവിക്കുന്നു എന്നതു മാത്രമാണ് കാര്യം. ഓരോ വിഷയങ്ങളിലുമെടുക്കുന്ന നിലപാടുകളും മനുഷ്യരോടു കാണിക്കുന്ന കരുതലും മാത്രമാണ് അവിടുത്തെ പരിഗണനാ വിഷയം. അതുകൊണ്ടാണ് സിപിഐ എന്ന പാർട്ടിയുടെ നേതാവായ ആർ നല്ലകണ്ണ് തമിഴ് രാഷ്ട്രീയത്തിലെ ഉന്നതശീർഷനായി ഇന്നും തുടരുന്നത്.

 

സംശുദ്ധ രാഷ്ട്രീയം എന്നൊന്ന് ഇപ്പോഴുമുണ്ട്. അത്തരം ആദർശങ്ങളിൽ ജീവിക്കുന്ന നേതാക്കളും അണികളുമുണ്ട്. ജാതി വിരുദ്ധപോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് സഖാവ് നല്ലകണ്ണ് സിപിഐയിൽ ചേരുന്നത്. കൗമാരം പിന്നിടുന്നതിനുമുൻപേ ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടി വന്നയാൾ. ഒരു വീടുപോലും ഇന്നും സ്വന്തമായി ഇല്ലാത്തയാൾ. സിപിഐയെപ്പോലെ അംഗബലം കുറഞ്ഞ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ മത്സരിച്ച് 42 ശതമാനം വോട്ടുനേടിയ ചരിത്രമുണ്ട് നല്ലകണ്ണിന്. മറ്റൊരു പാർട്ടിയിലാണെങ്കിൽ ലഭിക്കുമായിരുന്ന വിജയങ്ങളേയും സ്ഥാനമാനങ്ങളേയുംപ്പറ്റി മറ്റാരേക്കാളും ബോധ്യം നല്ലകണ്ണിനുണ്ടാകുമെന്ന് തീർച്ചയാണ്. പക്ഷേ അദ്ദേഹം ഇക്കാലമത്രയും സിപിഐയിൽ തുടർന്നു. സിപിഐയുടെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ പതാക ഉയർത്തിയത് തൊണ്ണൂറു വയസ് പിന്നിട്ട നല്ലകണ്ണാണ്.

ഒപ്പം ബിഹാറിൽ നിന്നൊരു കഥയുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ബിഹാറിൽ ഉദിച്ചുയർന്നൊരു യുവനേതാവുണ്ടായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ താരമായിരുന്നു അദ്ദേഹം. പേര് രാംവിലാസ് പാസ്വാൻ. പിന്നാക്കരാഷ്ട്രീയം ഭാവി പ്രധാനമന്ത്രിയായി വരെ കരുതിയ യുവനക്ഷത്രം. പിന്നീടദ്ദേഹം കോൺഗ്രസിന്റെയും ബിജെപിയുടെയും സഖ്യകക്ഷി നേതാവായി, മന്ത്രിയായി. വിജയിച്ച രാഷ്ട്രീയക്കാരനായി അദ്ദേഹം ജീവിച്ചു മരിച്ചു.

 

രാഷ്ട്രീയത്തിൽ രണ്ടു വഴികളുണ്ട്. ഒന്ന് നല്ലകണ്ണിന്റെ വഴി. രണ്ട് പാസ്വാന്റെ വഴി. നമ്മുടെ രാഷ്ട്രീയം ഏതു വഴിക്ക് പോകണം എന്നു നിശ്ചയിക്കേണ്ടത് നമ്മളാണ്. പാസ്വാൻ മരിച്ചപ്പോൾ കനയ്യകുമാർ ഇങ്ങനെയെഴുതി: ‘അനുകൂലികളും എതിരാളികളും അദ്ദേഹത്തെ ഒരുപോലെ ആദരിച്ചു, കുമ്പിടുക’.
എതിരാളികളും അനുകൂലികളും ഒരുപോലെ ബഹുമാനിക്കുന്നുണ്ടോ എന്നതിലല്ല കാര്യം. ജനങ്ങൾ ബഹുമാനിക്കുന്നോ ഇല്ലയോ എന്നതിലാണ്. അവിടെയാണ് നല്ലകണ്ണ് വിജയിച്ചതും പാസ്വാൻ പരാജപ്പെട്ടതും. പാസ്വാൻ വിജയിയും നല്ല കണ്ണ് മണ്ടനുമാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിനെന്തോ പ്രശ്നമുണ്ട്.

Eng­lish Sum­ma­ry: Peo­ple not both­er about car­ri­er of leader

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.