23 December 2024, Monday
KSFE Galaxy Chits Banner 2

ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്

Janayugom Webdesk
September 22, 2023 5:00 am

വകേരള നിർമ്മിതിയുടെ ഭാഗമായി എല്‍ഡിഎഫ് തുടര്‍സർക്കാർ നടത്തിയ മുന്നേറ്റം ജനങ്ങളിലുണ്ടാക്കിയ പ്രതികരണം അറിയുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് കേരളീയം 2023 പരിപാടിയെന്ന് അറിയിച്ചിട്ടുണ്ട്. പ്രകടനപത്രികയനുസരിച്ച് നടപ്പാക്കിയ കാര്യങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോ എന്നറിയാനും അവരുടെ അഭിപ്രായവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശവുമറിയാനാണ് സര്‍ക്കാര്‍ ജനങ്ങളിലേക്കിറങ്ങുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ച, മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബഹുജന സദസ് എന്നിവയാണ് പരിപാടി. ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, മുതിര്‍ന്ന പൗരന്‍മാര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ മുതലുള്ള സമൂഹത്തിന്റെ പരിച്ഛേദമാണ് പങ്കെടുക്കുക. ഒരര്‍ത്ഥത്തില്‍, ജനങ്ങളെ അറിയാനും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാനും ആഗ്രഹിക്കുന്ന ജനകീയ സര്‍ക്കാരിന്റെ അഭിപ്രായ സര്‍വേയാകുമിത്. ആത്മവിശ്വാസമുള്ള ഒരു ഭരണകൂടത്തിനു മാത്രം കഴിയുന്നതാണ് നേരിട്ട് ജനങ്ങളുമായി സംവദിക്കുക എന്നത്. നാട് കത്തിയെരിയുമ്പോള്‍ മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് പോലും ഓടിയൊളിക്കുന്ന കേന്ദ്ര സര്‍ക്കാരും ജനാധിപത്യ സര്‍ക്കാരും തമ്മിലുള്ള മാറ്റമാണിത്. എന്നാല്‍ പരിപാടി ബഹിഷ്കരിക്കുമെന്നാണ് കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പര്യടന പരിപാടികളിലും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അറിയിച്ചത്. മണ്ഡലങ്ങളില്‍ പരിപാടിയുടെ നേതൃത്വം എംഎല്‍എമാര്‍ക്കായിരിക്കേ യുഡിഎഫ് എംഎല്‍എമാര്‍ ജനങ്ങളെ ഒഴിവാക്കി മാറിനില്‍ക്കുമോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ; നവകേരളത്തിന്റെ ഊര്‍ജം


സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്നത്. അതുകൊണ്ടാണത്രേ രണ്ട് പരിപാടികളും ബഹിഷ്കരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് പിഎം വിശ്വകർമ്മ പദ്ധതി എന്നൊരു തട്ടിപ്പ് പരിപാടി കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലുള്‍പ്പെടെ രാജ്യത്തുടനീളം കോടികള്‍ ചെലവഴിച്ച് ഒരേസമയമായിരുന്നു ഉദ്ഘാടന മഹാമഹം. മരപ്പണി, സ്വർണപ്പണി, കൊത്തുപണി, അലക്ക് തുടങ്ങി പരമ്പരാഗത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള 13,000 കോടിയുടെ പദ്ധതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തിരികെവിളിക്കുന്ന മോഡി ഭരണകൂടത്തിന്റെ പദ്ധതി ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലുകളെ ശക്തിപ്പെടുത്തുന്നതാണെന്ന് ആരോപണമുണ്ടായിട്ടും അതിനെതിരെയോ ഉദ്ഘാടനധൂര്‍ത്തിനെതിരെയോ ഒന്നും മിണ്ടാത്ത കോണ്‍ഗ്രസും കേരളത്തിലെ യുഡിഎഫുമാണ് ജനങ്ങളിലേക്ക് ജനപ്രതിനിധികള്‍ നേരിട്ട് ഇറങ്ങുന്ന കേരളീയം പരിപാടിയുമായി നിസഹകരിക്കുമെന്ന് പറയുന്നത്. അത് അവരുടെ രാഷ്ട്രീയപാപ്പരത്തം എന്നല്ലാതെ എന്തുപറയാന്‍. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും അത്ഭുതകരമായ വളർച്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കൈവരിച്ചത്. വിദ്യാഭ്യാസ, ആരോ​ഗ്യ, കാര്‍ഷിക മേഖലകൾ, വൻകിട പദ്ധതികൾ, വ്യാവസായിക വളർച്ച എന്നിങ്ങനെ സമസ്ത മേഖലകളിലും ഏറെ മുന്നോട്ടുപോകാൻ സംസ്ഥാനത്തിനു കഴിഞ്ഞു. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ കൈവരിച്ച മികവും നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കാനും സർക്കാർ സേവനങ്ങൾ സംബന്ധിച്ച് അവബോധം നൽകാനും കേരളമൊട്ടാകെ ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന പ്രമേയത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയുടെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു. വികസനനേട്ടങ്ങളും, സേവനങ്ങളും, സർക്കാർ സംബന്ധമായ അറിവുകളും, കൗതുകക്കാഴ്ചകളും കേരളമാകെ ഇരുകയ്യും നീട്ടിയാണ് വരവേറ്റത്.


ഇതുകൂടി വായിക്കൂ; നവകേരള സ്റ്റോര്‍ ഒരു ലോകമാതൃക


വ്യാജവാർത്തകൾകൊണ്ട് പുകമറ സൃഷ്ടിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുമ്പോഴും ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ക്രമത്തില്‍ നിറവേറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുകയാണ്. അതിദരിദ്രരില്ലാത്ത കേരളം എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു. സർക്കാർ ദത്തെടുത്ത 64,006 കുടുംബങ്ങളില്‍ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക് എത്തിക്കുന്ന ഘട്ടമാണ് പൂർത്തിയായത്. ഓണക്കാലത്ത് മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമായി ആറ് ലക്ഷത്തിലേറെ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. 60 ലക്ഷം പേർക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകി. സമ്പൂർണ ഇ–ഗവേണൻസ് സംസ്ഥാനമായി കേരളം മാറിയത് ഇക്കഴിഞ്ഞ മേയിലാണ്. ഇങ്ങനെ 2021ലെ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനാഭിപ്രായം തേടുമെന്നത് ജനങ്ങളില്‍ വിശ്വാസമുള്ള ഭരണകൂടത്തിന്റെ നിലപാടാണ്. ശരിയായ ജനാധിപത്യത്തിന്റെ ശക്തിയും അതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.