പീപ്പിൾസ് റെസ്റ്റ് ഹൗസുകൾ വഴി ഒരു വർഷം കൊണ്ട് സർക്കാരിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനു പുറമേ പൊതുജനങ്ങൾക്ക് ഏഴു കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസ് ആക്കി മാറ്റിയതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 67000 ആളുകളാണ് ഈ വർഷം റെസ്റ്റ് ഹൗസുകൾ ഉപയോഗിച്ചത്. നേരത്തേ റെസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ നൽകി കാത്തിരിക്കണമായിരുന്നു. റെസ്റ്റ് ഹൗസുകൾ നവീകരിച്ച് ബുക്കിംഗ് ഓൺലൈനാക്കിയതോടെ ഇതിനു മാറ്റംവന്നു. മുറികളുടെ ലഭ്യതയുൾപ്പെടെ നേരത്തേ അറിയാനുള്ള സംവിധാനമായി. താമസക്കാരുടെ അഭിപ്രായം സ്വരൂപിച്ചും സർക്കാരിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ചുമായിരിക്കും നവീകരണപ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്ന് മന്ത്രി പറഞ്ഞു.
2021 നവംബർ ഒന്നിനാണ് പിഡബ്ള്യുഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയത്. രണ്ടുപേർക്ക് താമസിക്കാവുന്ന എ സി മുറികൾക്ക് ആയിരം രൂപയും നോൺ എ സി മുറികൾക്ക് അറുനൂറ് രൂപയുമാണ് വാടക. സംസ്ഥാനത്തുടനീളം പൊതുമരാമത്ത് വകുപ്പിനു കീഴിൽ 155 റെസ്റ്റ് ഹൗസുകളാണ് നിലവിലുള്ളത്. അവയിൽ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികലാണ് resthouse. pwd. kerala. gov. in എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. ചലച്ചിത്ര, നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ ഇ കെ വിജയൻ, എം കെ മുനീർ, പി ടി എ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ലിന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന സ്വാഗതവും സൂപ്രണ്ടിംഗ് എൻജിനീയർ എ മുഹമ്മദ് നന്ദിയും പറഞ്ഞു.
English Summary: People’s Rest House: Minister Muhammad Riaz said that the profit to the public is 7 crores
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.