23 December 2024, Monday
KSFE Galaxy Chits Banner 2

വ്യക്തിത്വ വികസനവും സാമൂഹ്യ ജീവിതവും

അജിത് കൊളാടി
വാക്ക്
March 26, 2022 5:43 am

ഠനം ഒരു നിരന്തര പ്രവർത്തനമാണ്. തന്റെ പരിസരവുമായി ഇടപെടുമ്പോൾ ഉണ്ടാകുന്ന വ്യക്തിപരവും ജീവശാസ്ത്രപരവുമായ ഒരു പരിണാമം ആണ് പഠനം. നമ്മളെല്ലാം ഇടപെടുന്നത് ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളോടാണ്. ഒരാളുടെ വ്യക്തിത്വ വികസനം സാംസ്കാരികതയുടെ സവിശേഷ ഉപകരണങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഈ ഉപകരണങ്ങൾ മാനസികമാവാം, ഭൗതികോപകരണങ്ങളുമാകാം. ഭാഷ, മാധ്യമ സാങ്കേതിക വിദ്യകൾ, ബൗദ്ധിക പ്രക്രിയകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, തുടങ്ങിയവ മാനസിക ഉപകരണങ്ങൾ ആണ്. സംവേദനത്തെയും ചലനത്തെയും മെച്ചപ്പെടുത്തുന്ന ഉപകരണങ്ങൾ, പുസ്തകങ്ങൾ, എഴുത്തുപകരണങ്ങൾ, കമ്പ്യൂട്ടർ തുടങ്ങിയവ ഭൗതികോപകരണങ്ങളാണ്. പട്ടിക ഇനിയും നീട്ടാം. സാംസ്കാരികോപകരണങ്ങൾ രണ്ടുതരത്തിലാണ് ഒരാളുടെ വ്യക്തിത്വത്തിൽ പ്രവർത്തിക്കുന്നത്. ആദ്യം സമൂഹതലത്തിൽ നിന്നു കൊണ്ട് അയാളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നു. രണ്ടാമത് അയാളുടെ ഉള്ളിൽ തന്നെ അതു നടക്കുന്നു.


ഇതുകൂടി വായിക്കൂ: സർവ മനുഷ്യർക്കും മഹാസന്തോഷം


കാലത്തിന്റെ ഭ്രമണത്തിൽ ചിന്തയ്ക്കു വരുന്ന വ്യതിയാനം വിജ്ഞാനത്തെ വിസ്ഫോടനമാക്കുന്നു. അത്തരം ഗതിവ്യതിയാനങ്ങൾ നവീനമായ ആശയത്തെ സൃഷ്ടിക്കുന്നു. ഗഹനമായ പഠനം എന്നത് വൃക്തിയുടെ സമഗ്രമായ വികാസമാണ്. യഥാർത്ഥത്തിൽ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത് വിദ്യാർത്ഥിയുടെ സമ്പൂർണ വികാസമാണ്. ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ അത് സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പരിസരം നൽകുന്ന ഉൾപ്രേരണകളും ഒരാളിൽ അന്തർലീനമായ ശേഷികളും പാരസ്പര്യത്തോടെ പ്രവർത്തിക്കുമ്പോഴാണ് അയാളുടെ വ്യക്തിത്വം വികസ്വരമാകാൻ തുടങ്ങുന്നത്. ആത്മപരിശോധനയിലൂടെ അവനവനെ ദിനംതോറും നവീകരിക്കുമ്പോഴാണ് വ്യക്തിത്വം ചൈതന്യവത്താകുന്നത്. കൂടുതൽ അന്വേഷിക്കുന്നതിലൂടെ, പുതിയ അറിവിനെ ഉൾക്കൊള്ളുന്നതിലൂടെ, വ്യക്തിത്വത്തെ നവീകരിക്കാം.
വ്യക്തിയുടെ “തനിമ” എന്നോ, വ്യക്തിയുടെ “സ്വത്വം” എന്നോ വ്യക്തിത്വത്തെ നിർവചിക്കാം. ഇവ ഏതായാലും അത് വ്യക്തിയിൽ രൂഢമൂലമാണ്. ചില്ലറ വ്യതിയാനങ്ങളോടെ മറ്റു ചിലരിൽ ആ സ്വഭാവസവിശേഷതകൾ കാണുമെങ്കിലും ആ വ്യക്തിയുടെ വ്യക്തിത്വത്തിൽ അതിസൂക്ഷ്മതയിൽ പ്രകടമാക്കുന്ന ചില തന്തുക്കൾ ഉണ്ടാകും. അത് പ്രശ്നങ്ങളുടെയും സമീപനങ്ങളുടെയും വെളിച്ചത്തിൽ പ്രകടമാവുകയും ചെയ്യും. അത്തരം വ്യവസ്ഥാപിത തന്തുക്കളാണ് ആ വ്യക്തിയുടെ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നത്. ഇതിന് കാരണമാകുന്ന ഘടകങ്ങൾ, ചിന്തകൾ, വികാരങ്ങൾ, മനോഭാവങ്ങൾ, താല്പര്യങ്ങൾ, ലക്ഷ്യങ്ങൾ, പ്രതികരണങ്ങൾ, ജന്മസിദ്ധമായ ഘടകങ്ങൾ, മൂല്യബോധം ഇവയൊക്കെയാണ്.


ഇതുകൂടി വായിക്കൂ: ഇങ്ങനെ ഒരു മനുഷ്യൻ, ഈ ഭൂമിയിൽ


വ്യക്തിത്വത്തെ വ്യക്തിയുടെ ശീലങ്ങൾ സ്വാധീനിക്കും. കർമതലത്തിൽ, ചിന്താ തലത്തിൽ, സംഭാഷണതലത്തിൽ എല്ലാം ശീലങ്ങൾ സ്വാധീനിക്കുന്നു. വായനയിലൂടെ, ദൃശ്യമാധ്യമങ്ങളിലൂടെ, മാതാപിതാക്കളിലൂടെ, സുഹൃത്തുക്കളിലൂടെ, സാഹചര്യങ്ങളിലൂടെ ശീലങ്ങൾ ഉണ്ടാകുന്നു. ചിന്തകൾ ശീലത്തെയും ശീലങ്ങൾ ചിന്തയെയും പ്രേരിപ്പിക്കുക പതിവാണ്. കാലദേശാവസ്ഥകൾക്കനുസൃതമായി ശീലങ്ങളുടെ വേർതിരിവിൽ വ്യതിയാനം വരാറുണ്ട്. എന്നാൽ അടിസ്ഥാന ശീലങ്ങൾ ലോകത്തിന്റെ ഏതു കോണിലും ഉണ്ടാകും. സത്യം പറയുക, ദയകാണിക്കുക, സഹിഷ്ണുത പ്രകടിപ്പിക്കുക, സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുക തുടങ്ങിയവ. എന്നാൽ ഇന്നത്തെ ലോകത്തിന് ഇതിനൊക്കെ പ്രസക്തി നഷ്ടപ്പെടുന്നു എന്നതാണ് ദുരന്തം. ഇപ്പോൾ സ്വാർത്ഥതയും ദുരാഗ്രവും വിദ്വേഷവും വെറുപ്പും പണത്തിനോടുള്ള ആസക്തിയും അധികാരമോഹവും ശീലങ്ങളായി.
ഒരു വ്യക്തിയുടെ പ്രതികരണങ്ങളിലൂടെയാണ് അയാളുടെ വ്യക്തിത്വം പ്രത്യക്ഷമാകുന്നത്. ഒരു സന്ദർഭവുമായി ബന്ധപ്പെട്ട്, ഒരു വ്യക്തി എങ്ങനെ പെരുമാറുന്നുവെന്നതാണ് അയാളുടെ പ്രതികരണം. ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, മത നായകരുടെ പ്രതികരണങ്ങൾ നോക്കൂ. ഭൂരിഭാഗവും ആക്രോശങ്ങളാണ്. നുണകളുടെ പ്രവാഹമാണ്. പരസ്പരം വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കലാണ് ഇന്നത്തെ രീതി. ഒരു വ്യക്തിയുടെ വാക്കുകൾ, അയാളുടെ ചെയ്തികൾ, സംഘബോധത്തിന്റെയും സ്വയം ബോധത്തിന്റെയും അടിസ്ഥാനത്തിൽ ആ വ്യക്തി ചെയ്യുന്ന കർമ്മങ്ങൾ, മുൻവിധിയോടെയുള്ള സമീപനങ്ങൾ, തീരുമാനങ്ങളിലധിഷ്ഠിതമായ താല്പര്യങ്ങൾ, ചിന്തകൾ നിശ്ചലമാകുന്ന അവസ്ഥ, മാറ്റം ഒരിക്കലും തനിക്ക് ബാധകമല്ല എന്ന സമീപനം, തെറ്റുകൾ തിരുത്താൻ കാണിക്കുന്ന ധൈര്യവും മനോഭാവങ്ങളും (ഇന്ന് തെറ്റുകൾ തിരുത്താൻ ധൈര്യമുള്ളവർ വിരളം), ഇതെല്ലാം ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ജീവിതത്തിലെ അച്ചടക്കം, സഹാനുഭൂതി, കൃത്യനിഷ്ഠ, സാമൂഹികബോധവും സാമൂഹ്യ പ്രതിബദ്ധതയും ”ഞാൻ” എന്ന ഭാവമില്ലായ്മ, ആത്മധൈര്യം ഇവയൊക്ക അസാമാന്യ വ്യക്തിത്വമുള്ളവരുടെ ഗുണങ്ങളാണ്. അന്യന്റെ വ്യക്തിത്വം അംഗീകരിക്കാനും സ്നേഹിക്കുവാനുമുള്ള സുന്ദരമായ മനസുവേണം. ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ നിറവേറ്റാൻ ഉയർന്ന വ്യക്തിത്വങ്ങൾക്ക് കഴിയും. വ്യക്തിത്വം എന്നും തിളക്കമാർന്നതാകാൻ, ഭയം, അസഹിഷ്ണുത, അപകർഷതാബോധം എന്നിവ ഒഴിവാക്കിയേ തീരൂ. തന്റെ കുറവുകൾ അറിയാനും തന്റെ പരിധികൾ തിരിച്ചറിയാനും കഴിയുന്ന ആൾക്ക് വ്യക്തിത്വഹാനി ഉണ്ടാവില്ല. അവ തിരിച്ചറിഞ്ഞ് കഠിനാധ്വാനത്തിലൂടെ, സമചിത്തതയോടെ, അയാൾ സ്വയം ഉയർത്തും. പല ചിന്തകരും പറഞ്ഞിട്ടുണ്ട്, “ഒരാൾക്ക് അവനെക്കുറിച്ചുള്ള ബോധമല്ല ആദ്യം വേണ്ടത്, അവനവനെ കുറിച്ചുള്ള ജ്ഞാനമാണ് ” എന്ന്. ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാനാകും.


ഇതുകൂടി വായിക്കൂ: നേരിന്റെയും നന്മയുടെയും പ്രതീകം


വ്യക്തിത്വമുള്ള ജനത അധിവസിക്കുന്ന രാഷ്ട്രം സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഐക്യവും സംജാതമാകുന്ന സമഗ്രവ്യക്തിത്വമായി മാറും. ചിന്തിക്കുന്ന, സംവേദനക്ഷമതയുള്ള, സ്നേഹമുള്ള, സാഹോദര്യബോധമുള്ള ഒരു മനുഷ്യനായി മാറുക എന്നതാണ് ഏറ്റവും പ്രമുഖമായത്. ജീവിതം സർഗാത്മകമാക്കുക എന്നതാണ് പ്രധാനം. ഓരോരുത്തരും മനുഷ്യവിഭവമാകുമ്പോൾ അവ സാമൂഹിക മാറ്റത്തിന് കാരണമാകും. നമ്മുടെ ഭൗതിക മണ്ഡലത്തിലും സാമൂഹിക മണ്ഡലത്തിലും സാംസ്കാരിക മണ്ഡലത്തിലും ഉള്ള മനുഷ്യവിരുദ്ധ സമീപനങ്ങളെ മാറ്റാൻ അറിവിനും സത്യസന്ധവ്യക്തിത്വങ്ങൾക്കും സാധിക്കും. അനീതികളെ ചെറുക്കാനും വിമർശന ചിന്ത വളർത്താനും കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാനും സാംസ്കാരിക തനിമ തിരിച്ചറിയാനും വളർത്താനും സാമൂഹിക നീതിക്കുവേണ്ടി പ്രവർത്തിക്കുവാനും വിവേകപൂർണവും സന്തുലിതവുമായ വികസനം ഉണ്ടാക്കാനും അറിവിന്റെ നിർമ്മാണത്തിനും വിനിമയത്തിനും നേതൃത്വം നൽകാനും അന്ധവിശ്വാസങ്ങളെ സധൈര്യം ചെറുക്കാനും കറകളഞ്ഞ വ്യക്തിത്വങ്ങൾ എന്നും ചരിത്രത്തിൽ മുന്നിൽ നിന്നിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകങ്ങളായി ചരിത്രം രചിച്ചു അവർ. കാലം ആവശ്യപ്പെടുന്നത്, മനുഷ്യനെ സ്നേഹിക്കാനുള്ള മനസാണ്. മനുഷ്യനെ മനുഷ്യനായി കാണാനുള്ള ആത്മാർത്ഥതയാണ്. ഉയർന്ന ചിന്തയും ദാരിദ്ര്യവും ചൂഷണവും മൃഗീയമായ അസമത്വവും അനുഭവിക്കുന്ന മനുഷ്യന് വിമോചനത്തിനു വേണ്ട സത്യസന്ധമായ കർമ്മവും ആണ് ഇന്നാവശ്യം. അതാണ് വ്യക്തിത്വ വികാസത്തിലൂടെ സാധിക്കേണ്ടത്. സങ്കുചിത മനസുകളുടെ എണ്ണം കൂടി വരുമ്പോൾ, അതിന്റെ വളർച്ചയെ തടയേണ്ടത് വിശാലമനസ്കരാണ്. അവരാണ് യഥാർത്ഥ വ്യക്തിത്വങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.