30 April 2024, Tuesday

ഇങ്ങനെ ഒരു മനുഷ്യൻ, ഈ ഭൂമിയിൽ

ജി സാജൻ
March 13, 2022 3:09 am

മലയാളികൾക്ക് മറ്റേതൊരു മലയാളിയെക്കാളും ഒരുപക്ഷേ പ്രിയങ്കരനായിരുന്നു ലാറി ബേക്കർ. മലയാളിയുടെ വാസ്തുശില്പ ശൈലിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. എന്നാൽ ബേക്കറിനെക്കുറിച്ചു മലയാളത്തിൽ സമഗ്രമായ ഒരു ജീവചരിത്രം ഉണ്ടായിട്ടില്ല. അവിടെയാണ് ഗീതാഞ്ജലി കൃഷ്ണൻ എഴുതിയ ‘മാനം തൊട്ട മണ്ണ് ’ ഏറെ പ്രസക്തമാവുന്നത്. ബെർമിങ്ഹാമിലെ ബാല്യം മുതൽ ചൈനയിലെ യുദ്ധഭൂമിയിലൂടെ ഇന്ത്യയിലെത്തുന്ന ലാറി കേരളത്തിന്റെ മരുമകനാകുന്നതും കേരളത്തിന്റെ വാസ്തുശില്പ ശൈലിയെ അഗാധമായി സ്വാധീനിക്കുന്നതും എല്ലാം ചേർത്ത് ധാരാളം അപൂർവ ചിത്രങ്ങളോടെ 275 പേജിൽ ഗീതാഞ്ജലി എഴുതുന്ന ഈ കഥ അപൂർവ സുന്ദരം എന്ന് തന്നെ വിശേഷിപ്പിക്കപ്പെടണം. യുദ്ധവിരോധിയും സമാധാന വാദിയുമായ Quak­er ആയിരുന്നതിനാൽ യുദ്ധഭൂമിയിലെ ആംബുലൻസ് സർവീസിലായിരുന്നു ബേക്കർ.

ലണ്ടനിൽ താമസിക്കുമ്പോൾ ഒരു ദിവസം വളരെ യാദൃച്ഛികമായാണ് ഒരു ബോർഡ് ലാറിയുടെ കണ്ണിൽ പെട്ടത്.
“മിഷൻ ടു ലെപ്പേഴ്സ്. ലോകമെമ്പാടുമുള്ള കുഷ്ഠ രോഗികളെ സഹായിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ ഒരു സംഘടന ആയിരുന്നു അത്. അവർക്കു ഇന്ത്യയിൽ ഒരു ആര്‍കിടെക്ടിനെ ആവശ്യമുണ്ട് എന്നറിഞ്ഞതോടെ ലാറി രണ്ടാമതൊന്ന് ആലോചിച്ചില്ല. അങ്ങനെ 1945 ൽ തന്നെ ലാറി ഇന്ത്യയിൽ തിരിച്ചെത്തി. ഉത്തരപ്രദേശിലെ ഫൈസാബാദിൽ മിഷനറിമാരുടെ കൂടെയായിരുന്നു ലാറിയുടെ ജോലിയും ജീവിതവും. മിഷനറിമാരുടെ ആർഭാട ജീവിതം ലാറിയെ ആകർഷിച്ചതേയില്ല. ആദ്യം ഒരു സൈക്കിൾ സംഘടിപ്പിക്കുകയാണ് ആ യുവാവ് ആദ്യം ചെയ്തത്. ക്രമേണ മിഷനറിമാർ നൽകിയ ബംഗ്ലാവിൽ നിന്നും മാറി കുഷ്ഠ രോഗികൾക്കായി ജീവിതം സമർപ്പിച്ച ഡോ. പി ജെ ചാണ്ടിയോടൊപ്പമായി പ്രവർത്തനവും താമസവും. എന്നാൽ മിഷനറിമാരുടെ കൂടെയുള്ള തൊഴിൽ ലാറിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കാനും ഗ്രാമീണ ഇന്ത്യയെ കൂടുതൽ മനസ്സിലാക്കാനും സഹായിച്ചു. കാശ്മീർ മുതൽ കന്യാകുമാരി വരെ ലാറി സഞ്ചരിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടു. എന്നാൽ ഒരു ഇന്ത്യൻ ഭാഷയും പഠിച്ചില്ല. ഭക്ഷണ രീതിയോ വസ്ത്ര ധാരണ രീതിയോ മാറ്റിയില്ല.

അതിനിടയ്ക്കാണ് ഡോ ചാണ്ടിയുടെ സഹോദരി ഡോ എലിസബത് ഫൈസാബാദിലേക്ക് വരുന്നത്. അലഹബാദിൽ നിന്ന് അവരെ ഫൈസാബാദിലേക്കു കൊണ്ടുപോകാനുള്ള ചുമതല ലാറിക്കാണ്. റയിൽവേ സ്റ്റേഷനിൽ എങ്ങനെ ലാറിയെ തിരിച്ചറിയും? ലാറി കത്തിനൊപ്പം ഒരു നീളൻ കാലൻ ഒട്ടകത്തിന്റെ ഫോട്ടോയും വച്ചിരുന്നു. അതിന്റെ പിറകിൽ ‘എന്നെ തിരിച്ചറിയാൻ’ എന്ന് എഴുതുകയും ചെയ്തു. സരസമായ ഈ ചെറുപ്പക്കാരനെക്കുറിച്ചു സ്വാഭാവികമായും എലിസബത്തിന് വലിയ കൗതുകമായി.
അലഹബാദ് റയിൽവെ സ്റ്റേഷനിൽ ഒരു സംഭവമുണ്ടായി. ‘ഇവിടെ ഒരു ലേഡി ഡോക്ടർ ലഭ്യമാണോ’ എന്നൊരു അന്വേഷണം പ്ലാറ്റ്ഫോമിലെ ലൗഡ് സ്പീക്കറിൽ കേട്ട് ലാറി കാര്യം അന്വേഷിച്ചു. അവിടെ ഗ്രാമത്തിൽ നിന്ന് വന്ന ഒരു പെൺകുട്ടിക്ക് പ്രസവ വേദന. ഉടൻ തന്നെ ഡോ എലിസബത്ത് ചുമതല ഏറ്റെടുക്കുകയും പെൺകുട്ടിയെ പ്രസവത്തിനു സഹായിക്കുകയും ചെയ്തു.
എന്തായാലും ഈ യാത്രയും അനുഭവങ്ങളും ഇരുവരിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രണയത്തിന്റെ തുടക്കമാവുകയും ചെയ്തു.
ഫൈസാബാദിലെ കുഷ്ഠ രോഗ ആശുപത്രിയുടെ അവസ്ഥ അതി ദയനീയമായിരുന്നു. ശരീരത്തിൽ പുഴു അരിക്കുന്ന നൂറു കണക്കിന് രോഗികൾ. ഇവരെ രാത്രിയും പകലും പരിചരിക്കുകയായിരുന്നു എലിസബത്തും ലാറിയും.

എന്നാൽ വിവാഹത്തിന് തൊട്ടുമുൻപ് ഇരുവരെയും ഞെട്ടിച്ചുകൊണ്ട് ലാറി തനിക്ക് കുഷ്ഠ രോഗം ബാധിച്ചു എന്ന് കണ്ടെത്തി. ചൈനയിലെ മൂന്നുവർഷത്തെ ജീവിതത്തിൽ നിന്നാവണം ഈ രോഗം കിട്ടിയത്. എന്നാൽ ഈ രോഗബാധയൊന്നും ഇരുവരെയും പിന്തിരിപ്പിച്ചില്ല. വിവാഹത്തിന് ശേഷം ലാറിയും എലിസബത്തും ഹിമാലയത്തിലേക്കാണ് പോയത്. അവരുടെ ആദ്യ ദിവസങ്ങൾ ഏറെ മനോഹരമായാണ് ഗീതാഞ്ജലി വിവരിക്കുന്നത്. അവരുടെ കൂടെ നമ്മളും യാത്ര ചെയ്യുന്നത് പോലെ. എന്ന് മാത്രമല്ല, ലാറിയോളം മലയാളിക്ക് പരിചയമില്ലാത്ത എലിസബത്തിന്റെ ജീവിതവും ഗീതാഞ്ജലി നമുക്ക് പറഞ്ഞു തരുന്നുണ്ട്. വിദഗ്ധയായ സർജൻ. ഏതു പ്രതികൂല സാഹചര്യത്തിലും പണിയെടുക്കാൻ മടിയില്ലാത്ത അപൂർവ വ്യക്തിത്വം. ഇവരൊരുമിച്ചാണ് പിത്തോർഗഡിൽ ആദ്യത്തെ ആശുപത്രിക്കു രൂപം നൽകുന്നത്.

അന്ന് ആ ഹിമാലയൻ ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ല. ആശുപത്രിയിൽ മരുന്നില്ല. ആശുപത്രിയോ ഡോക്ടറെയോ ആദ്യമായി കാണുന്നവരാണ് പല രോഗികളും. ദിവസവും മൂന്നു കിലോമീറ്റര്‍ നടന്നാണ് ഇരുവരും ആശുപത്രിയിലേക്ക് പോവുക. രാത്രി വളരെ താമസിച്ചു തിരിച്ചെത്തി ചപ്പാത്തിയും സബ്ജിയും ഉണ്ടാക്കി കഴിച്ചു സ്ലീപ്പിങ് ബാഗിലേക്കു നുഴഞ്ഞു കയറും. എലിസബത്തിന്റെ സഹായിയായ നേഴ്സ് ആയും അനസ്തീസിസ്റ്റ് ആയും ലാറി പ്രവർത്തിച്ചു. ഒരു ജോലി ചെയ്യാനും ലാറിക്ക് മടിയുണ്ടായിരുന്നില്ല. ഇവരുടെ പ്രവർത്തനങ്ങൾ അറിഞ്ഞ ചൈനയിലെ ക്വാക്കർ സുഹൃത്തുക്കൾ ഒരു ലാറി ബേക്കർ സൊസൈറ്റി രൂപീകരിക്കുകയും ആശുപത്രിക്കു വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. ഈ സുഹൃത്തുക്കൾ ജീവിതാവസാനം വരെ ഇവരുടെ കൂടെ നിന്നു. അതിനിടയിൽ തന്റെ ഭാര്യയെ രക്ഷിച്ചതിനു പ്രത്യുപകാരമായി ഒരു ഗ്രാമവാസി കുറച്ചു സ്ഥലം ആശുപത്രി പണിയാൻ നൽകി. അവിടെ ആദ്യം പണിത കെട്ടിടത്തിലൂടെയാവും പിൽക്കാലത്തു ലാറി ബേക്കർ ശൈലി എന്ന് നമ്മൾ വിളിക്കുന്ന കെട്ടിട നിർമാണ രീതിയുടെ പിറവി എന്ന് ഗീതാഞ്ജലി സൂചിപ്പിക്കുന്നു. കുന്നിൻ ചെരുവ് ഇടിച്ചു നിരത്താതെ പല തട്ടുകളിൽ മുറികൾ നിർമിച്ചു അവിടെ ലഭ്യമായ കല്ലും മരവും കളിമണ്ണും അടക്കമുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ചുമൊക്കെയാണ് ലാറി ഈ കെട്ടിടം പണിതത്.

അവിടെ ലാറി പണിത കെട്ടിടം ഒരു ആശുപത്രി ആണ് എന്ന് തോന്നുകയേ ഇല്ല. ഒരു കുട്ടിയുടെ കളിപ്പാട്ടക്കോട്ടയോ മുത്തശ്ശിക്കഥയിലെ കൊട്ടാരമോ ആണെന്ന് തോന്നും. മിത്രാനികേതൻ എന്നായിരുന്നു ആ കെട്ടിടത്തിന്റെ പേര് എന്നത് നമുക്ക് ഏറെ കൗതുകമുണ്ടാക്കും. കാരണം പിന്നീട് വാഗമണിലും വെള്ളനാടുമൊക്കെ താമസിച്ച വീടുകൾക്കും ഇതേ പേര് തന്നെയാണ് ലാറി നൽകിയത്. പിത്തോറഗഡിൽ രണ്ടു പ്രൈമറി സ്കൂളുകളും ബേക്കർമാർ ആരംഭിച്ചു. ഇന്ന് അതൊരു കോളേജാണ്. ക്രമേണ ലക്നൗവിൽ നിന്നും അലഹബാദിൽ നിന്നുമൊക്കെ ബേക്കറിന് കെട്ടിടങ്ങൾ പണിയാനുള്ള ക്ഷണം കിട്ടിത്തുടങ്ങി. പല സ്ഥലങ്ങളിലും യാത്ര ചെയ്തു ബേക്കർ കെട്ടിടങ്ങൾ പണിതു. 1948 മുതൽ 1963 വരെയാണ് ബേക്കർമാർ ചന്ദാഗിൽ കഴിഞ്ഞത്. അറുപത്തി മൂന്നിൽ ഇൻഡോ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബേക്കർ ദമ്പതികൾക്ക് ചന്ദാഗ് വിടേണ്ടി വരുന്നത്. മാത്രമല്ല കുട്ടികൾ വിദ്യയും തിലകും വലിയ കുട്ടികളായിക്കഴിഞ്ഞിരുന്നു. അവരുടെ പഠനം തുടരണം, അങ്ങനെയാണ് ഇരുവരും വാഗമണിൽ എത്തിച്ചേരുന്നത്. അവിടെ കുരിശുമലയിൽ പണിത കെട്ടിടങ്ങളിലൂടെയാണ് ലാറി ബേക്കർ എന്ന വ്യത്യസ്തനായ വസ്തു ശില്പിയെ കേരളം കണ്ടെത്തുന്നത്. വാഗമണ്ണിൽ പണിത ആശുപത്രിക്കും മിത്രാനികേതൻ എന്ന് തന്നെയായിരുന്നു പേര്. ക്രമേണ അറുപത് കിടക്കകളുള്ള വലിയ ആശുപത്രിയായി അത് വളർന്നു.

ഈ കെട്ടിടങ്ങൾ കണ്ട ആകര്‍ഷണത്തിൽ നിന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലാറിക്ക് ക്ഷണം കിട്ടുന്നത്. ഇതാണ് ജനകീയ നിർമിതിയുടെ തുടക്കം എന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയിലെ വലിയ ഭദ്രാസനപ്പള്ളിയാണ് അങ്ങനെ ആദ്യമായി പണിത കെട്ടിടങ്ങളിൽ ഒന്ന്. തുടർന്ന് വെള്ളനാട് പണിത കെട്ടിടം കൂടി ആയതോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന ഒരു വസ്തുവിദ്യാശൈലിയായി ഇത് മാറി. കേരളത്തിന്റെ കാലാവസ്ഥക്കും ഇവിടെ ലഭ്യമാവുന്ന നിർമാണ സാമഗ്രികൾക്കും അനുസരിച്ചുള്ള ശൈലി ക്രമേണ ബേക്കർ വികസിപ്പിച്ചെടുത്തു. തിരുവനന്തപുരത്തു പണിത സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നിർമാണത്തോടെയാണ് മുഴുവൻ കേരളത്തിന്റെയും ശ്രദ്ധ ബേക്കറിലേക്കു പതിഞ്ഞത്.

ഈ വിശാലമായ ക്യാമ്പസിനാവശ്യമായ സിമന്റും കമ്പിയും ഇഷ്ടികയും 40 % കുറവാണു എന്ന അറിവ് പരമ്പരാഗത കെട്ടിട നിര്‍മാണക്കാരെ പരിഭ്രാന്തരാക്കി. അവർ ഈ രീതിക്കെതിരെ വലിയ പ്രതിഷേധമുണ്ടാക്കി. എന്നാൽ അന്ന് മുഖ്യ മന്ത്രിയായിരുന്ന സി അച്യുതമേനോൻ കുലുങ്ങിയില്ല. ഈ പ്ലാനുമായി മുന്നോട്ട് പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മനോഹരമായ ക്യാമ്പസ് ഉണ്ടായത്. പിൽക്കാലത്തു ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെ ഈ സെന്റർ ആകര്‍ഷിച്ചതിനു ഒരു കാരണം അസാമാന്യമാം വിധം സുന്ദരമായ ഈ കാമ്പസ് കൂടിയായിരുന്നിരിക്കണം.

പിന്നീട് കേരളത്തിൽ ബേക്കർ പണിത എല്ലാ പ്രധാനപ്പെട്ട കെട്ടിടങ്ങളുടെയും വിശദാംശങ്ങളും മനോഹരമായ ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്. ബേക്കറിന്റെ നിർമാണ ശൈലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടി വന്നേക്കാം. എന്നാൽ സുസ്ഥിരതയുടെ ദർശനം കാലാതീതമായി തന്നെ നിലനിൽക്കും. അതുകൊണ്ടാണ് ബേക്കർ ശൈലി ഒരു വാസ്തുവിദ്യ എന്നതിനപ്പുറം വലിയൊരു ദർശനമായി വളരുന്നത്. മഹാനായ ഈ മനുഷ്യനെ വീണ്ടും വീണ്ടും ഓർക്കാൻ ഗീതാഞ്ജലിയുടെ പുസ്തകം ഏറെ പ്രയോജനപ്പെടും.

മാനം തൊട്ട മണ്ണ്
ലാറി ബക്കര്‍ ജീവിതവും രചനകളും
ഗീതാഞ്ജലി കൃഷ്ണന്‍
കോസ്റ്റ്ഫോര്‍ഡ്
വില: 300 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.