September 24, 2023 Sunday

Related news

September 17, 2023
May 24, 2023
May 12, 2023
February 21, 2023
February 3, 2023
January 30, 2023
August 6, 2022
July 1, 2022
June 17, 2022
June 9, 2022

പെട്രോൾ, ഡീസൽ, പാചകവാതകം വില കുത്തനെ കൂടും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 2, 2022 9:18 pm

റഷ്യ‑യുക്രൈൻ യുദ്ധം എണ്ണക്ഷാമം ഉണ്ടാക്കുമെന്ന അഭ്യൂഹം പരന്നതോടെ ക്രൂഡ് ഓയിൽ വില 110 ഡോളർ കടന്നത് രാജ്യത്തെ പെട്രോൾ‑ഡീസൽ വില കുത്തനെ കൂട്ടുമെന്നുറപ്പായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് താല്ക്കാലികമായി മാറ്റിവച്ച വിലക്കയറ്റം അടുത്തയാഴ്ചയോടെ വീണ്ടും ജനങ്ങൾക്കുമേൽ അടിച്ചേല്പിക്കാനാണ് സാധ്യത. യുപി നിയമസഭയിലേക്കുള്ള ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഏഴിനാണ്. അതിനു ശേഷമാകും എണ്ണക്കമ്പനികൾ വിലകൂട്ടുക. ലിറ്ററിന് 10 മുതൽ 12 രൂപ വരെ വിലകൂടുമെന്നാണ് എണ്ണക്കമ്പനിവൃത്തങ്ങൾ നല്കുന്ന സൂചന. ഗാർഹിക പാചകവാതകവിലയിലും മാറ്റമുണ്ടാകും.

യൂറോപ്യൻ രാജ്യങ്ങളിലെ എണ്ണ ആവശ്യകതയുടെ 40 ശതമാനവും നിറവേറ്റുന്നത് റഷ്യയാണ്. യുദ്ധപശ്ചാത്തലത്തിൽ വിവിധരാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കിയിട്ടുണ്ട്. ഇറക്കുമതിക്ക് പുതിയ ഉറവിടം കണ്ടെത്താനായില്ലെങ്കിൽ അന്താരാഷ്ട്രതലത്തിൽ എണ്ണക്ഷാമവും വിലയറ്റവും ഉണ്ടാകാൻ ഇടയാക്കും. ഇന്ത്യയുൾപ്പെടെ വർധിച്ച ഇന്ധന നികുതി ചുമത്തുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് കനത്തഭാരമായിരിക്കും അതുണ്ടാക്കുക.

കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെൽ നല്കുന്ന വിവരമനുസരിച്ച് മാർച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാരലിന് 102 യുഎസ് ഡോളറിന് മുകളിലാണ് വില. പെട്രോൾ, ഡീസൽ വില അവസാനമായി വർധിപ്പിച്ച കഴിഞ്ഞ നവംബറിൽ ക്രൂഡ്ഓയിൽ ശരാശരി 81.5 യുഎസ് ഡോളറായിരുന്നു. ഇടയ്ക്ക് ക്രൂഡോയിൽ വില 94 ഡോളറെത്തിയിരുന്നെങ്കിലും ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് മൂലം എണ്ണവിലകൂട്ടാൻ കഴിഞ്ഞില്ല. ഇതിലൂടെയുണ്ടായ നഷ്ടം പരിഹരിക്കാൻ വിലകൂട്ടുന്നതല്ലാതെ മറ്റുമാർഗങ്ങൾ എണ്ണക്കമ്പനികൾക്ക് മുമ്പിലില്ല.

ഇന്ധനവില കൂട്ടുമെന്ന മുന്നറിയിപ്പു നല്കിക്കൊണ്ട് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കഴിഞ്ഞദിവസം കേന്ദ്രം കുത്തനെ കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106.50 രൂപ കൂ​ട്ടി​യ​തോടെ സി​ലി​ണ്ട​റി​ന് 2,009 രൂ​പ​യാ​യി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് നേരിയ തോതിൽ വില കുറച്ചിരുന്നു. അതാണിപ്പോൾ കൂട്ടിയത്. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ തല്ക്കാലം മാ​റ്റ​മില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അതും കൂട്ടാനിടയുണ്ട്.

കെഎസ്ആർടിസിയുൾപ്പെടെ ബൾക്ക് പർച്ചേസ് വിഭാഗത്തിലെ ഡീസൽ വില ഇന്ത്യൻ ഓയിൽ കോർപറേഷൻ കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. പ്രതിദിനം അമ്പതിനായിരത്തിൽ കൂടുതൽ ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നവർക്കാണ് വിലവർധനവ് ഏർപ്പെടുത്തിയത്. ലിറ്ററിന് 6.73 രൂപയുടെ വർധന ഏർപ്പെടുത്തിയതോടെ ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.24 രൂപയും ഡീസലിന് 93.37 രൂപയുമാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ യഥാക്രമം 104.17 രൂപയും 91.42 രൂപയും കോഴിക്കോട് 104.87 രൂപയും 92.11 രൂപയുമാണ് നിരക്ക്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസൽ ലിറ്ററിന് 86.67 രൂപയുമാണ്.

10 മുതൽ 12 രൂപ വരെ

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവ പെട്രോൾ, ഡീസൽ എന്നിവ ലിറ്ററിന് 5.70 രൂപ നഷ്ടത്തിലാണ് ഇപ്പോൾ വില്പന നടത്തുന്നത്. കമ്പനികൾക്ക് ലഭിക്കേണ്ട ലിറ്ററിന് 2.50 രൂപ നിരക്കിലുള്ള ലാഭം കൂടി ചേർത്ത് ചില്ലറ വിൽപ്പന വിലയിൽ ലിറ്ററിന് ഒമ്പതു രൂപയെങ്കിലും വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു മാസങ്ങളുടെ നഷ്ടം കൂടി പരിഹരിക്കണമെങ്കിൽ ലിറ്ററിന് 10 മുതൽ 12 രൂപ വരെയെങ്കിലും കൂടുമെന്നാണ് നിഗമനം.

Eng­lish Summary:Petrol, diesel and LPG prices will go up sharply
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.