27 April 2024, Saturday

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 27, 2023
June 16, 2023
June 16, 2023
June 15, 2023
June 15, 2023

കേരളവുമായി സഹകരിച്ച് പ്രവർത്തിക്കും; ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ

Janayugom Webdesk
ഹവാന
June 15, 2023 9:12 pm

കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുന്ന അടുത്ത അവസരത്തിൽ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേൽ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡൽ കാസ്ട്രോയോടും ചെ ഗുവേരയോടുമുള്ള ആരാധനയും അദ്ദേഹം ക്യൂബൻ പ്രസിഡന്റിനെ അറിയിച്ചു. 1994 ൽ അന്താരാഷ്ട്ര ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിനായി ഹവാന സന്ദർശിച്ച കാര്യവും മുഖ്യമന്ത്രി ഓർത്തെടുത്തു.

വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്.

പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങൾ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളിൽ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആരോഗ്യ വിദഗ്ധർക്കുള്ള പരിശീലന പരിപാടികൾ, ഗവേഷണ പരിപാടികൾ തുടങ്ങി ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകൾ ധാരാളമാണ്.

കായിക രംഗത്തെ സഹകരണമാണ് കൂടിക്കാഴ്ചയിലുയർന്ന മറ്റൊരു വിഷയം. വോളീബോൾ, ജൂഡോ, ട്രാക്ക് ആൻഡ് ഫീൽഡ് മേഖലകളിൽ ക്യൂബയുണ്ടാക്കിയ അന്താരാഷ്ട്ര നേട്ടങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചർച്ചയിലുയർന്നു. ഇതുവഴി സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ഒരു ബന്ധം വളർത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘത്തിലെ അംഗങ്ങൾ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാവിധ സഹകരണവും ക്യൂബൻ പ്രസിഡന്റ് ഉറപ്പുനൽകി.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ് , ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Eng­lish Sum­ma­ry: cm pinarayi vijayan meet­ing with cuban president
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.