4 March 2024, Monday

Related news

June 27, 2023
June 16, 2023
June 16, 2023
June 15, 2023
June 15, 2023
June 15, 2023
June 15, 2023
June 14, 2023
April 13, 2023
November 8, 2022

ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

Janayugom Webdesk
ഹവാന
June 15, 2023 7:16 pm

ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോ​ഗ്യരംത്തെ ഉയർന്ന ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോ​ഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു.

അന്താരാഷ്‌ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബയോടെക്‌നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രം​ഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക.

ആരോ​ഗ്യ- അനുബന്ധ മേഖകളിൽ ആ​ഗോള പങ്കാളിത്തവും നിക്ഷേപവും സ്വാ​ഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി (BioCuba­Far­ma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആ​രോ​ഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രം​ഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും. ആരോഗ്യ , ഗവേഷണ, നിർമ്മാണ രം​ഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും സംസാരിച്ചു.

ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (CIM) ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

മന്ത്രി കെ എൻ ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Eng­lish Sum­ma­ry: cuba expressed will­ing­ness to coop­er­ate with ker­ala health sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.