കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പുരപ്പുറ സൗരോര്‍ജ പദ്ധതിയായ പിഎം സൂര്യ ഘര്‍ മുഫ്തി ബിജിലി യോജന (പിഎം സൂര്യ) യും ലക്ഷ്യം കണ്ടില്ല. പദ്ധതി അംഗീകാരത്തിനായി 24 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും കേവലം 24 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ അനുമതി ലഭിച്ചത്. 76 ശതമാനം അപേക്ഷകളും ഫയലില്‍ ഉറങ്ങുകയാണ്. ഈവര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതിയിലാണ് അപേക്ഷ സമര്‍പ്പിച്ചവര്‍ അനന്തമായി കാത്തിരിക്കുന്നത്. രാജ്യത്തെ ഒരു കോടി ഭവനങ്ങളില്‍ പുരപ്പുര സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയാണ് മുടന്തി നീങ്ങുന്നത്. സൗരേര്‍ജ പാനല്‍ സ്ഥാപിക്കാനുള്ള ചെലവിന്റെ 60 ശതമാനം സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനത്തില്‍ ആകൃഷ്ടരായാണ് 25 ലക്ഷത്തോളം പേര്‍ പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സജ്ദ അഹമദിന്റെ ചോദ്യത്തിന് മറുപടി നല്‍കിയ കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായിക്കാണ് ഇതുവരെ 616,019 പേര്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയതെന്ന് വ്യക്തമാക്കിയത്. ആകെ 2,582,535 പേര്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 24 ശതമാനം പേര്‍ക്കാണ് അനുമതി ലഭിച്ചതെന്ന് വ്യക്തം. രജിസ്റ്റര്‍ ചെയ്തശേഷമുള്ള ഭവന സന്ദര്‍ശനം, ഉപകരണം വിതരണം ചെയ്യുന്ന കമ്പനി തെരഞ്ഞെടുപ്പ്, സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വരുന്ന വീഴ്ചയും കാലതാമസവുമാണ് പദ്ധതിയെ പിന്നോട്ടടിപ്പിക്കുന്നതെന്ന് മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രാലയ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെടാത്തതാണ് പദ്ധതി വൈകുന്നതിന് ഇടവരുത്തുന്നതെന്ന് ഡല്‍ഹി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ദി കൗണ്‍സില്‍ ഓണ്‍ എനര്‍ജി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടറിലെ പ്രോഗ്രാം മേധാവിയായ ഭഗവാന്‍ ത്യാഗി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് കൂടുതലായി അംഗീകരിച്ചിട്ടുള്ളത്. യഥാക്രമം 90.65 ശതമാനം, 60.13, 41.84, 38.29, 36.49 ശതമാനം കണക്കിലാണ് ഈ സംസ്ഥാനങ്ങളില്‍ പുരപ്പുര സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചത്. പുതുച്ചേരിയും ഡല്‍ഹിയുമാണ് കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
രാജ്യത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറയ്ക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിസംഗത കാരണം പാതിവഴി പോലും പിന്നിടാതെ മുടന്തിനീങ്ങുന്നത്. വായുമലിനീകരണം, കാലാവസ്ഥാ വ്യതിയനം എന്നിവയ്ക്ക് ബദലായി പാരമ്പര്യേതര ഊര്‍ജ സ്രോതസ് ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപാനവും ഇതോടെ അവതാളത്തിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.