23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 27, 2024
November 24, 2024
October 30, 2024
October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024

ഗവർണറുടെ അധികാരം — ഒരു തെലങ്കാന മാതൃക

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
March 13, 2022 6:00 am

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ തെലങ്കാന നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ച് ഏഴ് മുതൽ ആരംഭിച്ചു. കേവലം ഒരു അജഗളസ്തനമായ ഗവർണർ പദവിയും ഗവർണറുടെ അധികാരങ്ങളും സംസ്ഥാന ഭരണത്തിലുള്ള ഇടപെടലുകളും സജീവ ചർച്ചയായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തെലങ്കാന സർക്കാർ കൈക്കൊണ്ട സമീപനം ഏറെ പ്രാധാന്യം അർഹിക്കുന്നു. തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവുവും തെലങ്കാന ഗവർണർ തമിലിസൈ സൗന്ദര രാജനുമായി ഭരണപരമായ ചില തർക്കങ്ങൾ നിലനിന്നിരുന്നു എന്നെല്ലാം മുൻപു തന്നെ ധാരാളം വാർത്തകൾ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് തെലങ്കാന മാതൃക കൂടുതൽ ശ്രദ്ധ നേടുന്നത്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് പുതിയ റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ച മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്മേൽ വിവിധ സംസ്ഥാനങ്ങൾ അവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദർഭം കൂടിയാണിത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 175 ഉം 176 ഉം ഗവർണർ നിയമസഭാ സമ്മേളനത്തിലേക്ക് സന്ദേശം അയക്കുന്നതും സഭയെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നു. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സമ്മേളനത്തിലും ഓരോ വർഷവും നടക്കുന്ന സമ്മേളനത്തിന്റെ ആരംഭത്തിലും ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 1951 ലെ ഭരണഘടനാ ഭേദഗതിക്കു മുൻപ് നിയമസഭയുടെ ഓരോ സമ്മേളനത്തിന്റെ ആരംഭത്തിലും ഗവർണർ സഭയെ അഭിസംബോധന ചെയ്യണമെന്നായിരുന്നു. സന്ദേശമായാലും അഭിസംബോധന ആയാലും മന്ത്രിസഭയുടെ സഹായത്തിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് അരുണാചൽപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി കേസിൽ 2016 ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. നിയമസഭയിൽ ഗവർണർ നടത്തുന്ന ഈ പ്രസംഗത്തിൽക്കൂടിയാണ് എന്തിനാണ് സമൻസ് നൽകി നിയമസഭാംഗങ്ങളെ വിളിപ്പിച്ചിരിക്കുന്നത് എന്ന് ഗവർണർ വിശദീകരിക്കുന്നത്. നിയമസഭാ സമ്മേളനം പ്രൊറോഗ് (സമ്മേളനം അവസാനിപ്പിക്കുക) ചെയ്യുന്നത് ഗവർണർ ആണ്. ഒരു വർഷാവസാനം ഗവർണർ പ്രൊറോഗ് ചെയ്ത സമ്മേളനം അടുത്ത വർഷം വീണ്ടും ആരംഭിക്കുമ്പോൾ ഗവർണറുടെ അഭിസംബോധന അനിവാര്യമാണ്.


ഇതുകൂടി വായിക്കാം; രാജസ്ഥാൻ ഗവർണറുടെ വൈകിപ്പിക്കൽ തന്ത്രം


എന്നാൽ ഒരിക്കൽ ആരംഭിച്ച സമ്മേളനം അഡ്ജേൺ (അഡ്ജേണ്‍-നിർത്തിവയ്ക്കൽ) ചെയ്യാനുള്ള അധികാരം സ്പീക്കർക്കുള്ളതാണ്. സ്പീക്കർ അഡ്ജേൺ ചെയ്ത ഒരു നിയമസഭാ സമ്മേളനം വീണ്ടും ആരംഭിക്കുമ്പോൾ ഗവർണറുടെ പ്രസംഗം ആവശ്യമില്ല. മുൻവർഷം ആരംഭിച്ച നിയമസഭാ സമ്മേളനം സ്പീക്കറുടെ അഡ്ജേൺമെന്റിനു ശേഷം അടുത്തവർഷം ആണ് ആരംഭിക്കുന്നതെങ്കിലും അത് പുതിയ വർഷത്തിലെ ആദ്യ സമ്മേളനമായി കാണേണ്ടതില്ല. അതുകൊണ്ടുതന്നെ ഗവർണറുടെ പ്രസംഗവും ആവശ്യമില്ല. കാരണം ഒരു നിയമസഭാ സമ്മേളനം ടെർമിനേറ്റ് ചെയ്യപ്പെടുന്നത് ഗവർണറുടെ പ്രൊറോഗേഷനിൽക്കൂടിയാണ്. സ്പീക്കറുടെ അഡ്ജേൺമെന്റിന്റെ ദൈർഘ്യം എത്ര നീണ്ടതാണെങ്കിലും അത് സമ്മേളനത്തെ ടെർമിനേറ്റ് ചെയ്യുന്നില്ലായെന്ന് മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാമദാസ് അഥ്‌വാലെയുടെ കേസിൽ 2010 ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന നിയമസഭയുടെ കഴിഞ്ഞ സമ്മേളനം സ്പീക്കർ അഡ്ജേൺ ചെയ്യുകമാത്രം ചെയ്തിട്ടുള്ളതായതുകൊണ്ട് ബജറ്റ് അവതരിപ്പിക്കാനായിട്ടാണെങ്കിലും വീണ്ടും ചേരുമ്പോൾ ഭരണഘടനയനുസരിച്ചും സുപ്രീം കോടതി വിധികളുടെയടിസ്ഥാനത്തിലും ഗവർണറുടെ അഭിസംബോധന ആവശ്യമില്ല. 2021 സെപ്റ്റംബറിൽ തുടങ്ങി ഒക്ടോബർ എട്ട് വരെയുണ്ടായിരുന്ന തെലങ്കാന നിയമസഭയുടെ തുടർ സമ്മേളനമാണ് 2022 മാർച്ച് ഏഴിന് ആരംഭിച്ച ബജറ്റ് സമ്മേളനം. 2021 ഒക്ടോബറിൽ സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല. 1962 ലും 1987 ലും 1989ലും ഉൾപ്പെടെ പല വർഷങ്ങളിലും ലോക്‌സഭ പ്രൊറോഗ് ചെയ്യാതെ അഡ്ജേൺ ചെയ്യുക മാത്രം ചെയ്തിട്ടുണ്ട്. സമാന സ്വഭാവത്തിലുള്ള സംഭവങ്ങൾ പതിമൂന്നും പതിനാലും ലോക്‌സഭയിലും ഉണ്ടായിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റുകളോട് രാഷ്ട്രീയ തിട്ടൂരത്തിന്റെയടിസ്ഥാനത്തിൽ വിലപേശുന്ന ഗവർണർമാർക്ക് തെലങ്കാന സർക്കാർ നൽകുന്ന പാഠം കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിൽ ചിലപ്പോൾ കുറച്ചു വിള്ളലുകൾ ഉണ്ടാക്കിയേക്കാമെങ്കിലും ഗൗരവമായ ചിന്തകൾക്കു വഴിയൊരുക്കും. ഗവർണർ അഭിസംബോധന ചെയ്തില്ലെങ്കിലും തെലങ്കാന നിയമസഭ ബജറ്റ് ചർച്ച ചെയ്യുകയും വിവിധ ധനാഭ്യർത്ഥനകൾ പാസാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.