26 April 2024, Friday

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി; വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം നാളെ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
May 25, 2022 9:28 pm

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എന്നിവർ ചേർന്നു സ്വീകരിച്ചു.
പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി 26ന് രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുനെയിലേക്കു തിരിക്കും.

വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം നാളെ രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ നമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
വനിതാ മന്ത്രിമാർ, വനിതാ സ്പീക്കർമാർ, വനിതാ ഡെപ്യൂട്ടി സ്പീക്കർമാർ, പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങൾ, സംസ്ഥാന നിയമസഭകളിലെയും ലെജിസ്‌ലേറ്റിവ് കൗൺസിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികർ തുടങ്ങി 120 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

Eng­lish Sum­ma­ry: Pres­i­dent Ram Nath Kovind arrives in Ker­ala; The two-day con­fer­ence of women mem­bers will be inau­gu­rat­ed tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.