March 30, 2023 Thursday

Related news

March 15, 2023
March 9, 2023
March 8, 2023
March 6, 2023
March 4, 2023
March 3, 2023
February 10, 2023
February 5, 2023
January 20, 2023
January 6, 2023

നായകർ മടങ്ങുന്നത് ഇങ്ങനെ

രമേശ് ബാബു
മാറ്റൊലി
December 30, 2022 4:15 am

“ധീരോദാത്തനതിപ്രതാപ ഗുണവാൻ വിഖ്യാത­വംശൻ ധരാപാലൻ നായക­നഞ്ചു­സന്ധി­കളതി ഖ്യാതം… ” ധൈര്യവും പരാക്രമവുമുള്ള ഗുണവാനും പ്രതാപവാനുമായ നായകൻ കഥാഗതിയിലെ പല സന്ധികളിലൂടെ അഥവാ ഘട്ടങ്ങളിലൂടെ കടന്ന് നിർവഹണസന്ധിയെന്ന അവസാന വിജയവും ഉത്കർഷവും ഭവിക്കുകയും ചെയ്യുന്നു- ഇതാണ് ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നായകസങ്കല്പം. ഖത്തറിലെ ലുസെെൽ സ്റ്റേഡിയം സാക്ഷ്യംവഹിച്ച ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിശ്വകിരീടം നേടിക്കൊടുത്ത ഐതിഹാസികമായ പ്രകടനത്തിനൊടുവിൽ നായകൻ ലയണൽ മെസി സ്വർണക്കപ്പുമായി മടങ്ങുന്നത് കണ്ടപ്പോൾ ഭരതമുനിയുടെ നായകവർണനകളാണ് ഓർമ്മയിൽ ഓടിയെത്തിയത്. കാൽപ്പന്തുകളിയിൽ കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി ലോകത്തെ മുഴുവൻ കോരിത്തരിപ്പിച്ച മെസി വിശ്വകിരീടമണിഞ്ഞ് വിടവാങ്ങുമ്പോൾ കാലം കാത്തുവച്ചൊരു കാവ്യനീതിയുടെ സാക്ഷാത്ക്കാരമായാണ് കാണികൾക്ക് അത് അനുഭവപ്പെട്ടത്. ഫുട്ബോൾ ചരിത്രത്തിൽ ലോകം ഇതുപോലൊരു മത്സരമോ ഇതിനപ്പുറമൊരു ഫെെനലോ ഇതിനുമുൻപ് ദർശിച്ചിട്ടുണ്ടാവില്ല. കാൽപ്പന്തുകളിയുടെ അപ്രവചനീയത മുഴുവൻ പ്രകടമാക്കിയ ഫെെനൽ 120 മിനിറ്റും ശ്വാസമടക്കിയാണ് കാണികൾ കണ്ടിരുന്നത്. തന്റെ അവസാന ലോകകപ്പിൽ നിന്ന് മെസി വിടവാങ്ങുന്നത് സ്വന്തം കരിയറിൽ ഒട്ടേറെ പൊൻതൂവലുകൾ ചാർത്തിക്കൊണ്ടും രാജ്യത്തിനും ജനതയ്ക്കും ആരാധകർക്കും അഭിമാനം ആകാശത്തോളം നല്കിക്കൊണ്ടുമായിരുന്നു. ഏഴ് കളിയിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കുമ്പോൾ അദ്ദേഹം ഗോൾഡൻ ബോൾ പുരസ്കാരം രണ്ടുതവണ നേടുന്ന ആദ്യതാരം കൂടിയായി. ഇത്തവണ ഗോൾഡൻ ബോളും കിരീടവും ഒരുമിച്ച് സ്വന്തമാക്കി എല്ലാ അർത്ഥത്തിലും മെസി വിശ്വവിജയി ആകുകയായിരുന്നു.

അതുപോലെതന്നെ ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ, സെമിഫെെനൽ, ഫെെനൽ എന്നീ ഘട്ടങ്ങളിലും ഗോൾ നേടുന്ന ആദ്യതാരമായും മാറി. ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങളിൽ പങ്കെടുത്ത താരമെന്ന ഖ്യാതിയും ഇനി മെസിക്ക് സ്വന്തമാണ്. കളിയുടെ ആദ്യഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോട് 1–2ന് അടിയറവ് പറഞ്ഞിടത്തുനിന്ന് പറന്നുയർന്നാണ് മെസിയും കൂട്ടരും സ്വർണക്കപ്പിൽ മുത്തമിട്ടത്. കളിക്ക­­­ളത്തിൽ നിരവധി തവണ മെസിയുടെ കണ്ണീർ വീണിട്ടുണ്ട്. 2014, 2015, 2016ൽ ഒക്കെ ലോകം അതിന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2016ലെ കോപ്പ അമേരിക്ക ഫെെനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ചിലിയോട് തോറ്റ നിരാശയിൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ‘പോകരുതേ ലിയോ’ എന്ന ആരാധകരുടെ നിലവിളികളുടെ ഒടുവിലാണ് അവർക്കായി അദ്ദേഹം തിരിച്ചുവന്നത്. തിരിച്ചുവന്ന മെസി ഈ ലോകകപ്പോടെ അർജന്റീനയുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിടുക മാത്രമല്ല, തന്റെ കരിയറിന് പൂർണതയേകി ലോക ഫുട്ബോൾ ചരിത്രത്തിൽ അനശ്വരനുമായി. കാലം കാത്തുവച്ച ഈ വിജയം കഠിനാധ്വാനികൾക്ക് എന്നും ആവേശവും പ്രചോദനവും പാഠവുമായിരിക്കും. അർജന്റീനയോട് ഇഞ്ചോടിഞ്ഞ് പോരാടിനിന്ന ഫ്രാൻസിനെ ഷൂട്ടൗട്ടിലെത്തിച്ച കിലിയൻ എംബാപ്പെയ്ക്കും തല ഉയർത്തിത്തന്നെ നിൽക്കാം. കളിയിൽ എട്ട് ഗോൾ നേടിയ എംബാപ്പെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് പ്രതിഭാവിലാസം കൊണ്ടുമാത്രമാണ്. ലോകകപ്പ് ഫെെനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമായി എംബാപ്പെ എന്ന ഉജ്ജ്വല കളിക്കാരൻ. “വാമോസ് വാമോസ് അർജന്റീന വാമോസ് വാമോസ് എഗെനാർ” എന്ന വാഴ്ത്തുപാട്ടാണ് എങ്ങും ഉയർന്നതെങ്കിലും സത്യത്തിൽ ഈ കളിയിൽ ഫ്രാൻസും വിജയി തന്നെ.


ഇതുകൂടി വായിക്കൂ:കൂട്ടി വായിക്കേണ്ട കാര്യങ്ങൾ 


ഫുട്ബോൾ കളിയുടെ ജീവനായിരുന്ന വലിയൊരു നിര ഖത്തർ ലോകകപ്പ് തങ്ങളുടെ വിടവാങ്ങൽ വേദിയാക്കിയത് കാണികളുടെ നൊമ്പരമായിരുന്നു. ലയണൽ മെസിയെ കൂടാതെ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് അടക്കമുള്ള താരനിര അവരുടെ അവസാന ലോകകപ്പിലാണ് പങ്കെടുത്തത്. തലമുറമാറ്റം അനിവാര്യമാണെങ്കിലും പിരിയുന്ന ഈ നായകന്മാർ സ്മരണകളിൽ അവശേഷിപ്പിച്ചുപോയ ആവേശത്തിന്റെ അനർഘ നിമിഷങ്ങൾ കാണികളെ എക്കാലവും ത്രസിപ്പിച്ചുകൊണ്ടിരിക്കും. ‘ഒരു നായകൻ ഒരു യഥാർത്ഥ വ്യക്തിയാണ്. അല്ലെങ്കിൽ ഒരു പ്രധാന സാങ്കല്പിക കഥാപാത്രമാണ്. അവൻ അപകടത്തെ അഭിമുഖീകരിച്ച് ചാതുര്യം, ധെെര്യം അല്ലെങ്കിൽ ശക്തി എന്നിവയിലൂടെ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്നു, സ്വയം മാതൃകയാകുന്നു’ എന്ന യവന നായക സങ്കല്പം കാൽപ്പന്ത് കളിയിലെ നായകർ അന്വർത്ഥമാക്കുന്നുണ്ട്. ഇവരുടെ അനുഭവങ്ങളും സാധനയും സമർപ്പണവും ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിമലോർജമാണ് പകരുന്നത്. ഖത്തർ ലോകകപ്പിൽ മധ്യപൗരസ്ത്യ രാഷ്ട്രങ്ങളും ഏഷ്യൻ രാജ്യങ്ങളും ശക്തമായ സാന്നിധ്യമറിയിച്ച സ്ഥിതിക്ക് ഇന്ത്യ ഈ ദിശയിൽ പരിശ്രമങ്ങൾ ത്വരിതപ്പെടുത്താൻ ഇനി വെെകിക്കൂട. ഭാരതീയരുടെ പാരമ്പര്യ സങ്കല്പങ്ങളിലെല്ലാം പര്യവസാനം ശുഭാന്തമാണ്. കാൽപ്പന്തുകളിയിലും ഒരു ഇന്ത്യൻ ശുഭാന്ത്യ നാടകം അരങ്ങേറട്ടെയെന്ന് തീവ്രമായി അഭിലഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.