15 November 2024, Friday
KSFE Galaxy Chits Banner 2

ഡോ. എം കുഞ്ഞാമൻ അവശേഷിപ്പിച്ച ചോദ്യങ്ങൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
December 7, 2023 4:45 am

സ്വയം അവസാനിപ്പിച്ചെങ്കിലും ഡോ. എം കുഞ്ഞാമന്റെ ജീവിതം അവശേഷിപ്പിച്ച ചോദ്യങ്ങൾ അവസാനിക്കുന്നില്ല. അത് ഉമിത്തീപോലെ സമൂഹത്തിൽ നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നു. കുഞ്ഞാമന്റെ ജീവിതം ആരംഭിക്കുന്നത് സ്വാമി വിവേകാനന്ദൻ മലബാറിലൂടെ സഞ്ചരിച്ച കാലത്തൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയിൽ; നവോത്ഥാനപരിശ്രമങ്ങൾ സഫലമായിയെന്നു നമ്മൾ കരുതുന്ന കേരളത്തിൽ. ജാതിമത ചിന്തകളെ സമ്പൂർണമായി നിരസിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം ആളിക്കത്തിയ പാലക്കാട്ട്. നായാടി മക്കൾക്ക് ആടയും അന്നവുംകൊടുത്തു മനുഷ്യരാക്കിയ സ്വാമി ആനന്ദതീർത്ഥന്റെ പ്രവർത്തന പരിധിയിൽ. ഹിന്ദുമതത്തിന്റെ പല്ലും നഖവുമേറ്റ് ഇഴഞ്ഞുനീങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ഇരുട്ടും ഭയവും മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം.
കുട്ടിക്കാലത്ത് അടിച്ചേല്പിക്കപ്പെടുന്ന അപകർഷതാബോധത്തിൽ നിന്ന്, മരണംവരെയും മോചനമുണ്ടാവില്ലെന്ന തിരിച്ചറിവിലൂടെ അപകർഷതയില്ലാതെ വളരേണ്ടുന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ച് ലോകത്തോട് സംസാരിച്ച അനുഭവസ്ഥനായിരുന്നു കുഞ്ഞാമൻ. കെ ആർ നാരായണനുശേഷം ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ പരീക്ഷയിൽ ദളിത് സമൂഹത്തിൽ നിന്നും ഒന്നാം റാങ്ക് നേടിയ ഈ പ്രഗത്ഭനെ വേണ്ടവിധം വിനിയോഗിക്കാൻ കേരളത്തിന് കഴിഞ്ഞോ? ആസൂത്രണ ബോർഡിന്റെയോ ഏതെങ്കിലും സർവകലാശാലയുടെയോ നേതൃത്വം ഏല്പിക്കുകവഴി ആ ഉജ്വല മലയാളിപ്രതിഭയെ പ്രയോജനപ്പെടുത്താൻ കേരളത്തിനായില്ല.


ഇതുകൂടി വായിക്കൂ: പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയിൽ നിന്ന് ഉയര്‍ന്നു വന്ന പ്രതിഭ


ഡോ. പൽപ്പുവിന്റെ അനുഭവം രാജഭരണകാലത്തായിരുന്നെങ്കിൽ കുഞ്ഞാമന്റെ അനുഭവം ഐക്യകേരള സൃഷ്ടിക്കുശേഷമായിരുന്നു. അതേ, ഒറ്റക്കുഴിയിൽ നിന്നും നായയുടെ കടിയേറ്റുകൊണ്ട് കഞ്ഞി വാരിക്കുടിച്ചപ്പോൾ നായയെക്കുറിച്ച് സ്നേഹത്തോടെ ഓർത്ത ആ വലിയ മനസ് കേരളത്തിന് മനസിലായില്ല. ദ്രൗപദി മൂർമു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോൾ, ഭാരത ഭരണകക്ഷിയുടെ മുഖത്തുനോക്കി, വ്യക്തികളെ സ്വീകരിക്കുകയും സമൂഹത്തെ തിരസ്കരിക്കുകയും ചെയ്യുന്നവർ എന്ന കുഞ്ഞാമന്റെ പ്രതികരണം, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ രാഷ്ട്രപതിയെ ഒഴിവാക്കിയ സമയത്തുപോലും നമുക്ക് മനസിലായില്ല.
ജാതിപ്പേരു വിളിക്കരുതെന്നും സ്വന്തം പേരുവിളിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അധ്യാപകന്റെ കൈ കുഞ്ഞാമന്റെ ചെകിട്ടത്ത് വീണത് സ്വതന്ത്ര ഭാരതത്തിലായിരുന്നു. പുസ്തകവും കുപ്പായവും കൂടാതെ, കഞ്ഞിയോ ഉപ്പുമാവോ കഴിക്കാൻ വേണ്ടിമാത്രം സ്കൂളിൽ പോയിരുന്ന ഒരു ബാല്യം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു എന്ന വാസ്തവനാളമെങ്കിലും മലയാളി മറക്കാതിരിക്കണം.


ഇതുകൂടി വായിക്കൂ: മുന്നേ നടന്നവര്‍, സൂര്യകിരണമായ് പെയ്തവര്‍


മറ്റൊരു കേരളം സാധ്യമാണ് എന്ന അന്വേഷണപരമ്പരയിൽ സ്വന്തം ചിന്തകളെ കൂട്ടിയിണക്കിയ കുഞ്ഞാമൻ. ഒരു അപകർഷതയുമില്ലാതെ എതിര് കുറിച്ചിട്ട കുഞ്ഞാമൻ. അതിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോൾ, പുരസ്കാരത്തിനായി എഴുതിയതല്ലെന്ന് പറഞ്ഞ് സത്യസന്ധമായി നിരസിച്ച വലിയ പ്രതിഭ. എതിര് എന്ന ജീവിതരേഖ, ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരമാണെന്നും അത് പരാജിതന്റെ കഥയാണെന്നും ചോരകൊണ്ടു കുറിക്കുമ്പോൾ, കോവിഡ് കാലം കഴിഞ്ഞിട്ടുപോലും മാസ്ക് ഉപേക്ഷിക്കാൻ മടിക്കുന്ന മലയാളിയുടെ മനസാണ് കുഞ്ഞാമൻ ലക്ഷ്യമാക്കിയത്.
വിമർശിക്കാതിരിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ എന്ന് ഇഎംഎസിനെക്കൊണ്ട് പറയിപ്പിച്ച കുഞ്ഞാമൻ. വ്യക്തിദുഃഖങ്ങളെ ഉള്ളിലൊതുക്കി, കേരളത്തിന്റെ ധനഘടനയെ വിശകലനം ചെയ്ത കുഞ്ഞാമൻ. പൂനയിലെ ദളിത് ഹോട്ടൽ ശൃംഖലയെ പ്രതിപാദിക്കുകവഴി, സഹോദരൻ അയ്യപ്പന് ശേഷവും കേരളത്തിൽ ദളിത് ഹോട്ടലുകൾ ഉണ്ടായില്ലെന്ന ജാതിദുർമുഖത്തെ വെളിപ്പെടുത്തിയ കുഞ്ഞാമൻ. പാലക്കാട്ടെ വാടാനാംകുറിശിയിൽ നിന്നും ധനതത്വശാസ്ത്രത്തിന്റെ നെറുകയിലേക്ക് പോരാടിക്കയറിയ കേരളത്തിന്റെ സ്വന്തം അമർത്യാസെൻ ആയിരുന്നു ഡോ. എം കുഞ്ഞാമൻ.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.