1991 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ് പ്ലേസ് ഓഫ് വർഷിപ്പ് (സ്പെഷ്യൽ പ്രൊവിൻസ്) ആക്ട്-1991. ഈ നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15 ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവസവിശേഷത എന്തായിരുന്നോ അത് തുടരണമെന്നാണ് വ്യവസ്ഥ. അതിന്റെ ചരിത്രമോ ഭൂതകാലമോ ഒന്നും പരിഗണിക്കരുത് എന്ന് മാത്രമല്ല കോടതി വ്യവഹാരത്തിനും നിയമം വിലക്കേർപ്പെടുത്തുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 നു ശേഷമാണ് ആരാധനാലയത്തിന് മതപരമായതോ അല്ലാതെയോ ഉള്ള മാറ്റം വരുത്തിയതെങ്കിൽ ഈ നിയമം ബാധകമല്ലായെന്നും വ്യക്തമാക്കിയിരുന്നു. രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കവും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ബാബരി മസ്ജിദ് തകർത്തിട്ട് ഈ വർഷം ഡിസംബർ ആറിന് 30 വർഷം തികയും. ബഹുഭാഷാ പണ്ഡിതനായ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യഭരണം നടക്കുമ്പോഴാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ നിർമ്മിച്ചത് എന്ന് വിശ്വസിച്ചിരുന്ന മസ്ജിദിന്റെ മിനാരങ്ങൾ ഓരോന്നായി കർസേവകർ തകർത്ത് നിലംപരിശാക്കിയത്. അന്നുതന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ വർഗീയ ശക്തികൾ കാശിയും മഥുരയും തങ്ങളുടെ അടുത്ത ലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിരുന്നു. അയോധ്യയിൽ ബാബരി പള്ളി നിന്ന സ്ഥലത്ത് രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ശിലാസ്ഥാപനം നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അയോധ്യയുമായി ബന്ധപ്പെട്ട സംഘ്പരിവാറുകാരുടെ മുദ്രാവാക്യത്തിന് ഇനി വലിയ പ്രസക്തിയില്ലാതാവുകയും അടുത്ത തെരഞ്ഞെടുപ്പുകൾക്ക് ഹൈന്ദവ ധ്രുവീകരണത്തിനായി പുതിയ മുദ്രാവാക്യം ആവശ്യമാവുകയും ചെയ്തു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല ക്ഷേത്രാരാധനയിലും ഈശ്വര കോപത്തിലും അന്ധമായി വിശ്വസിക്കുന്ന ഒരു വലിയ ഇന്ത്യൻ ജനസമൂഹത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയണമെങ്കിൽ പുതിയ ധ്രുവീകരണ മുദ്രാവാക്യങ്ങൾ വേണമെന്ന് സംഘ്പരിവാർ ശക്തികൾക്ക് നന്നായി അറിയാം. അതിനാലാണ് വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുമെതിരെ പുതിയ മുദ്രാവാക്യവുമായി അവർ രംഗത്തെത്തിയത്.
ഹൈന്ദവ പുരാണമനുസരിച്ച് 64 ജ്യോതിർലിംഗങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ 12 എണ്ണമാണ് പ്രസിദ്ധമായിട്ടുള്ളത്. അതിൽ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലേത്. ഡൽഹിയിലെ കുത്തബുദ്ദീൻ ഐബക്കിന്റെ ആക്രമണത്തിൽ 1194 ൽ നശിപ്പിച്ച കാശി ക്ഷേത്രം ഡൽഹി സുൽത്താനായിരുന്ന ഇൽത്തുമിഷ് പിന്നീട് പുനർ നിർമ്മിച്ചെങ്കിലും സിക്കന്തർ ലോധിയുടെ ആക്രമണത്തിൽ വീണ്ടും തകർക്കപ്പെട്ടു. മഹാനായ മുഗൾ ചക്രവർത്തി അക്ബറിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മന്ത്രിയായ രാജാ തോഡർമാളിന്റെ നേതൃത്വത്തിലാണ് 1585 ൽ ഇന്നത്തെ കാശി വിശ്വനാഥക്ഷേത്രം പുനർ നിർമ്മിച്ചത്. പക്ഷെ മുഗൾവംശത്തിലെ ആറാം ഭരണാധികാരിയായ ഔറംഗസേബ് ഈ ക്ഷേത്രത്തിനെതിരെ തിരിയുകയും ക്ഷേത്രം വീണ്ടും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തായി 1669 ൽ ഔറംഗസേബ് പണിയിച്ചതാണ് ഇന്നത്തെ ഗ്യാൻവ്യാപി മസ്ജിദ്. ഔറംഗസേബ് തകർത്ത കാശി ക്ഷേത്രം പിന്നീട് 1780ൽ മറാത്താ ഭരണാധികാരിയായിരുന്ന അഹില്യാ ബായി ഹോക്കർ പുനർനിർമ്മിച്ച് നൽകി. അന്നുമുതൽ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും സ്വതന്ത്ര ഇന്ത്യ പിറവിയെടുക്കുമ്പോഴും തുടർന്നും കാശി വിശ്വനാഥ ക്ഷേത്രവും അതിനു പടിഞ്ഞാറായി ഗ്യാൻവാപി മസ്ജിദും തലയുയർത്തി നിൽക്കുന്നു. ഇരുമതവിശ്വാസികൾക്കോ, ക്ഷേത്രാരാധകർക്കോ, മസ്ജിദ് പ്രവർത്തകർക്കോ തർക്കമില്ലാതെ മതസൗഹാർദ്ദത്തോടെ അവ അവിടെ നിൽക്കുന്നു. ആയിരക്കണക്കിനു ജനങ്ങൾ വന്നു പോകുന്നു. ആർക്കും പ്രശ്നമില്ലാതെ ശാന്തമായി നാട് മുന്നോട്ടു പോയി. 1992 ലെ ബാബരി മസ്ജിദ് സംഭവത്തിനുശേഷമാണ് ഗ്യാൻവാപി വീണ്ടും തർക്കമാകുന്നത്. 2019 ൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ”കാശി വിശ്വനാഥ കോറിഡോർ പ്രോജക്ട്” ന് ശിലയിട്ടു. കാശി ക്ഷേത്രത്തെയും ഗംഗാ നദിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതും വലിയ വാണിജ്യ വിപണന സൗകര്യങ്ങൾ ഒരുക്കുന്നതുമായ പദ്ധതിയാണിത്.
50,000 ചതുരശ്ര അടി വിസ്തൃതിയിൽ കോറിഡോർ പൂർത്തിയാക്കുന്നതിന് ക്ഷേത്ര പരിസരത്ത് കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് ചെറുകിട വ്യാപാരികളെയെല്ലാം അവിടെ നിന്ന് ഒഴിപ്പിച്ചു. 2021 ഡിസംബറിൽ ഒന്നാംഘട്ടം മോഡി ഉദ്ഘാടനവും ചെയ്തു. അതോടുകൂടി സംഘ്പരിവാറുകാർ ഗ്യാൻവാപി പള്ളിക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് യുപിയിലെ മഥുര. ശ്രീകൃഷ്ണന്റെ പിതാവ് തടവിൽ കഴിഞ്ഞിരുന്ന തടവറയും മറ്റും ക്ഷേത്രത്തിന്റെ ഭാഗമായി ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. മുഹമ്മദ് ഗസ്നി എന്ന വിദേശ ആക്രമണകാരി മറ്റു പല ക്ഷേത്രങ്ങളെയും കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തതുപോലെ മഥുര ശ്രീകൃഷ്ണ ജന്മസ്ഥലത്തെ ക്ഷേത്രവും സ്വർണാഭരണങ്ങളും ഭണ്ഡാരവും കൊള്ളയടിച്ചു. ഔറംഗസേബിന്റെ കാലഘട്ടത്തിൽ 1669ൽ ക്ഷേത്ര മന്ദിരങ്ങൾ തകർക്കുക മാത്രമല്ല ഷാഹി ഈദ് ഗാഹ് മസ്ജിദ് നിർമ്മിക്കുകയും ചെയ്തു. ഇതെല്ലാം ചരിത്രമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മഥുര പിടിച്ചടക്കുകയും മഥുരയിലെ ക്ഷേത്ര സ്ഥലമുൾപ്പെടെ ലേലം ചെയ്യുകയും ചെയ്തു. അതിൽ ക്ഷേത്രവും ഔറംഗസേബ് നിർമ്മിച്ച ഷാഹി ഈദ് ഗാഹ് പള്ളിയും ഉൾപ്പെടുന്ന 13.37 ഏക്കർ സ്ഥലം ലേലത്തിൽ പിടിച്ചയാൾക്ക് എതിരെ പള്ളിയുടെ അധികാരികൾ അലഹബാദ് സിവിൽ കോടതിയിൽ കേസിനു പോയെങ്കിലും കോടതി ലേലത്തിൽ വസ്തു പിടിച്ച വ്യക്തിക്കനുകൂലമായ നിലപാടെടുത്തു. 1968ൽ ശ്രീകൃഷ്ണ ജന്മഭൂമി സേവാസംഘവും ഷാഹി ഈദ് ഗാഹ് പള്ളി അധികാരികളും തമ്മിൽ ഒരു കരാർ ഉണ്ടാക്കി. പള്ളി നിൽക്കുന്ന സ്ഥലം പള്ളിക്കാർക്കും ക്ഷേത്രവും പരിസരവും ട്രസ്റ്റിനും എന്നും തീരുമാനിച്ചു. പരസ്പരം കരാറിനെ അംഗീകരിച്ച് ഇരുകൂട്ടരും സൗഹാർദ്ദമായി മുന്നോട്ടു പോയി. 1992 ൽ ബാബരി മസ്ജിദ് സംഭവത്തിനു ശേഷം മനോഹർലാൽ ശർമ്മ എന്നൊരാൾ മഥുര ജില്ലാ കോടതിയിൽ, 1968 ലെ കരാർ റദ്ദു ചെയ്യണമെന്നും 1991 ലെ ആരാധനസ്ഥലങ്ങൾ സംബന്ധിച്ച് കേന്ദ്ര നിയമം അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്, ഒരു കേസ് ഫയൽ ചെയ്തു.
തുടർന്ന് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി സ്ഥലമാണെന്ന് അവകാശപ്പെട്ട് ക്ഷേത്ര ട്രസ്റ്റിന്റെയും ഷാഹി ഈദ് ഗാഹ് പള്ളിയുടെയും കൈവശമുള്ള മുഴുവൻ സ്ഥലവും ക്ഷേത്രത്തിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സിവിൽ കേസുകൾ സിവിൽ കോടതി, ജില്ലാ കോടതി, അലഹബാദ് ഹൈക്കോടതികളിലെല്ലാം ഫയൽ ചെയ്യപ്പെട്ടു. ഇതെല്ലാം ബാബരി മസ്ജിദ് കർസേവകർ തകർത്തതിനു ശേഷമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടുതന്നെ അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി ശിലാ പൂജയ്ക്ക് എത്തിയതും കാശി വിശ്വനാഥ ക്ഷേത്ര കോറിഡോറിനു ശിലാ സ്ഥാപനം നടത്തിയതും ഹിന്ദുത്വ തീവ്രവാദ ശക്തികൾക്ക് കൂടുതൽ ഊർജം പകർന്നു. പാർലമെന്റ് പാസാക്കിയ 1991 ലെ ആരാധനസ്ഥലത്തെ സംബന്ധിച്ച നിയമത്തിൽ ആരാധനാലയങ്ങൾ ആരുടെ കൈവശമാണോ അത് അങ്ങനെ തന്നെ തുടരുന്ന സ്ഥിതി നിലനിർത്തുന്നത് ലംഘിച്ചുകൊണ്ട് ഒരു വിഭാഗം മത തീവ്രവാദികൾക്ക് ഭ്രാന്തമായി മുന്നോട്ടു പോകാൻ അവസരവും അനുവാദവും നൽകുന്നത് ഇന്ന് മോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടമാണ്. നാനാജാതി മതസ്ഥരും സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ഒരു രാജ്യത്ത് മതധ്രുവീകരണത്തിൽക്കൂടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനുള്ള ബിജെപിയുടെ ഫാസിസ്റ്റ് തന്ത്രം ഇനിയും ആർക്കാണ് മനസിലാകാനുള്ളത്? ഭരണഘടന ഉറപ്പു നൽകുന്ന പല മൗലിക അവകാശങ്ങളും ഭരണകൂടം തന്നെ ഇന്ത്യൻ പൗരന്മാർക്ക് നിഷേധിക്കുകയല്ലേ? പാർലമെന്റ് പാസാക്കിയ നിയമങ്ങളുടെ സംരക്ഷകരാകേണ്ടുന്ന ഭരണകൂടം അവയുടെ നഗ്നമായ ലംഘനത്തിന് കുടപിടിക്കുകയല്ലേ ചെയ്യുന്നത്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.