26 April 2024, Friday

രാജീവ് ഗാന്ധി വ ധക്കേസ്: നളിനിയടക്കം ആറുപേരെ മോചിപ്പിക്കാന്‍ ഉത്തരവ്

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 11, 2022 1:41 pm

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലിലുള്ള ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. കേസുമായി ബന്ധപ്പെട്ട് നളിനി ശ്രീഹരന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, ജയ്‌കുമാര്‍ എന്നിവര്‍ 31 വര്‍ഷമായി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളന് ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി നേരത്തെ മോചനം അനുവദിച്ചിരുന്നു. പേരറിവാളന്റെ ജയില്‍ മോചനം അനുവദിച്ച സാഹചര്യം ഈ പ്രതികള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. 

കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെങ്കിലും തീരുമാനം ഗവര്‍ണര്‍ നടപ്പിലാക്കാതിരുന്ന നടപടിയും കോടതി വിധിയില്‍ പരാമര്‍ശിച്ചു. പ്രതികള്‍ തടവില്‍ പ്രശ്നക്കാരായിരുന്നില്ല. മറ്റേതെങ്കിലും കേസ് പ്രതികളുടെമേല്‍ ഇല്ലെങ്കില്‍ ആറു പ്രതികളെയും മോചിപ്പിക്കാനാണ് കോടതി ഉത്തരവായത്. 1991 മേയ് 21 ന് രാത്രി തമിഴ്‍നാട്ടിലെ ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 

1999 മേയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവച്ചു. 24 കൊല്ലത്തിന് ശേഷം 2014ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അതേസമയം സുപ്രീം കോടതി ഉത്തരവ് തീര്‍ത്തും അസ്വീകാര്യവും പിഴവുകള്‍ നിറഞ്ഞതുമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഈ കേസില്‍ രാജ്യത്തിന്റെ മനസാക്ഷിയെ മനസിലാക്കാന്‍ സുപ്രീം കോടതിക്കായില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

Eng­lish Sum­ma­ry: Rajiv Gand­hi mur­der case accused Nali­ni released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.