March 31, 2023 Friday

Related news

March 30, 2023
March 30, 2023
March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023

ത്രിപുര ബിജെപിയില്‍ കലാപം; മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ബിജെപി വിട്ടു

Janayugom Webdesk
അഗര്‍ത്തല
January 31, 2023 9:21 pm

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ത്രിപുര ബിജെപിയില്‍ കലാപം. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവും സിറ്റിങ്ങ് എംഎല്‍എയുമായ അതുല്‍ ദേബ്ബര്‍മ്മന്റെ രാജി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായി. കഴിഞ്ഞരണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴോളം എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നും രാജിവച്ചിട്ടുണ്ട്.
പട്ടികവര്‍ഗ വിഭാഗങ്ങളെ സംഘടിപ്പിക്കുന്ന സംഘ്പരിവാറിന്റെ വനവാസി കല്യാണ്‍ അശ്രമിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് ദേബ്ബര്‍മ്മന്‍. പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ എംഎല്‍എ സ്ഥാനവും ദേബ് ബര്‍മ്മന്‍ രാജിവച്ചിട്ടുണ്ട്.
ബിജെപിയുടെ ഡോക്ടര്‍മാരുടെ സെല്ലിന്റെ ചുമതലയുള്ള ഡോ. തൊമോജിത്ത് നാഥ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രഞ്ജന്‍ സിന്‍ഹ എന്നിവരും നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ ത്രിപുരയില്‍ ബിജെപിയുടെ പ്രധാന രാഷ്ട്രീയ മുഖം കൂടിയായിരുന്നു ഡോ. തൊമോജിത്ത് നാഥ്. വലിയൊരു വിഭാഗം അണികള്‍ക്കൊപ്പമാണ് തൊമോജിത്ത് നാഥിന്റെ രാജി.

മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. രാജ്യസഭ എംപി കൂടിയായ ബിപ്ലവ് കുമാര്‍ ദേവ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വം നിരസിക്കുകയായിരുന്നു. സീറ്റ് നിഷേധിച്ചതില്‍ ബിപ്ലവ് ദേവും അനുയായികളും നീരസത്തിലാണ്. പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായിട്ടില്ലെങ്കിലും ബിപ്ലവ് ദേവ് വിഭാഗത്തിന്റെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നത് ബിജെപിക്ക് നിര്‍ണായകമാണ്. സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു എംഎല്‍എയായ മിമി മജുംദാര്‍ സീറ്റ് നിഷേധത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തരായ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ വ്യാപകമായി അടിച്ചു തകര്‍ത്തിരുന്നു.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ബലം കുറഞ്ഞതും ബിജെപിക്ക് തിരിച്ചടിയാകും. പട്ടികവര്‍ഗ്ഗ മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയായ ഐപിഎഫ്‌ടിയില്‍ നിന്നും പുതിയ പാര്‍ട്ടിയായ തിപ്ര മോതയിലേക്ക് അണികള്‍ ഒഴുകിയിട്ടുണ്ട്. 2018ല്‍ ആകെയുള്ള 19 പട്ടികവര്‍ഗ സംവരണ സീറ്റില്‍ ഐപിഎഫ്‌ടി എട്ടെണ്ണം വിജയിച്ചിരുന്നു. കൂടാതെ ഒമ്പത് സീറ്റുകളില്‍ ബിജെപിക്ക് വിജയം നേടാനും ഐപിഎഫ്‌ടിയുടെ സഹായത്തോടെ സാധിച്ചിരുന്നു. ഇത്തവണ ഐ­പിഎഫ്‌ടി അഞ്ച് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. 

Eng­lish Summary:Rebellion in Tripu­ra BJP; Senior RSS leader quits BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.