നിയമാനുസൃതം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കോടതികൾ മാനിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. സഹകരണ സംഘങ്ങൾ നിയമവും ചട്ടവും അനുസരിച്ച് പാസാക്കുന്ന പ്രമേയങ്ങളും തീരുമാനങ്ങളും കോടതികൾ അംഗീകരിക്കണം. സഹകരണ സംഘങ്ങളുടെ ജനറൽബോഡിയുടെ താൽപ്പര്യങ്ങൾ എന്തായിരുന്നെന്ന് പരിശോധിച്ച് കോടതികൾ സമയം കളയരുതെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ബംഗാൾ സെക്രട്ടറിയറ്റ് കോ–- ഓപ്പറേറ്റീവ് ലാൻഡ് മോർട്ടേജ് ആൻഡ് ഹൗസിങ് സൊസൈറ്റി പഴയ കാര്യാലയം പൊളിക്കാനും പുതിയ കാര്യാലയം നിർമിക്കാനും എടുത്ത തീരുമാനത്തിന് എതിരായ ഹൈക്കോടതി ഉത്തരവിന് എതിരായാണ് സുപ്രീംകോടതിയെ സമീപിച്ചത്.പഴയ കാര്യാലയം പൊളിച്ചുപണിയാൻ മൂന്നാമതൊരു കക്ഷിയുമായി കരാറിൽ ഏർപ്പെടാൻ സൊസൈറ്റിക്ക് അധികാരം ഇല്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
സൊസൈറ്റിയുടെ ജനറൽബോഡി അംഗങ്ങൾ ഒറ്റക്കെട്ടായി അവരുടെ കാര്യാലയം പുതുക്കിപ്പണിയാനുള്ള തീരുമാനം എടുത്ത സാഹചര്യത്തിൽ, അതിന്റെ പിന്നിലെ കാര്യകാരണങ്ങൾ ചികഞ്ഞ് സമയം കളയേണ്ട കാര്യം കോടതികൾക്കില്ല. ഒരാൾ എല്ലാവർക്കും എല്ലാവരും ഓരോരുത്തർക്കും എന്ന അടിസ്ഥാന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്.
സംഘാംഗങ്ങളുടെയും പൊതുവിൽ സംഘത്തിന്റെയും സാമ്പത്തിക, സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തീരുമാനങ്ങളും പ്രമേയങ്ങളും പുറപ്പെടുവിച്ചാൽ കൃത്യമായ കാരണങ്ങളില്ലാതെ അത് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
English Summary:
Rights of co-operative societies should be respected; decisions taken by cooperative societies should be accepted by the court according to law and regulations: Supreme Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.