17 November 2024, Sunday
KSFE Galaxy Chits Banner 2

വർധിക്കുന്ന ആത്മഹത്യയും അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയും

പാര്‍ത്ഥ് പാണ്ഡെ
September 8, 2022 5:30 am

ന്ത്യയിലെ കുറ്റകൃത്യങ്ങൾ എന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ സമീപകാല റിപ്പോർട്ട് പുറത്തുവന്നില്ലായിരുന്നുവെങ്കിൽ വളരെയധികം ആഘോഷിക്കപ്പെടുന്ന ഒന്നായിരുന്നു രാജ്യത്തിന്റെ ജിഡിപിയുടെ 13.5 ശതമാനം വളർച്ചനിരക്കെന്ന പ്രവചനം. 2021ലെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് എൻസിആർബി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, കൊള്ള, കൊലപാതകങ്ങൾ എന്നിവ മഹാമാരിക്കു മുമ്പുള്ള കാലത്തേതിനെക്കാൾ വർധിച്ചിരിക്കുന്നുവെന്നതിന്റെ കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ഇവയാകട്ടെ രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളാണ്. മൊത്തത്തിലുള്ള കുറ്റകൃത്യ നിരക്ക് ലക്ഷം പേരിൽ കണക്കാക്കിയാൽ 2020ൽ 487.8ൽ നിന്ന് 2021ൽ 445.9 ആയി കുറഞ്ഞുവെങ്കിലും അപകട മരണങ്ങളും ആത്മഹത്യകളും വളരെ ഗണ്യമായി ഉയർന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തുടർച്ചയായ രണ്ടാം വർഷവും ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിപക്ഷവും ദിവസ വേതനക്കാരാണെന്ന പ്രത്യേകതയുമുണ്ട്. 2020ൽ 37,666 പേർ ആത്മഹത്യ ചെയ്തിടത്ത് 2021ൽ 42,024 ആയി ഉയർന്നു. സ്വയം തൊഴിൽ ചെയ്യുന്നവരുടെ ആത്മഹത്യാ നിരക്ക് 2020ൽ 17,332 ആയിരുന്നത് 2021ൽ 20, 231 ആയി. 16.73 ശതമാനത്തിന്റെ വർധനയാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യാ നിരക്കിലുണ്ടായ വർധന ഞെട്ടിക്കുന്നതാണ്. 2015ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 1,33,623 ആയിരുന്നത് 22 ശതമാനം വർധിച്ച് 2021ൽ 1,64,33 ആയി. എല്ലാ വിഭാഗങ്ങളുടെയും ആത്മഹത്യയുടെ കാരണങ്ങളിൽ പ്രധാനം വ്യക്തിപരമായവയാണ് എന്നാണ് — കുടുംബ പ്രശ്നം, രോഗം, പ്രണയം, വിവാഹം എന്നിവ വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതികമായി അത് ശരിയാകാമെങ്കിലും അസംഘടിത മേഖലയിലുള്ളവരുടെ നിലനില്പിനെയും ഭാവിയെയും കുറിച്ചുള്ള ആശങ്കകളാണ് ആത്മഹത്യാ വർധനയ്ക്കുള്ള പ്രധാനകാരണമെന്നാണ് സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെടുക. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയുടെ മൊത്തത്തിലുള്ള ആഘാതത്തിൽ നിന്ന് കരകയറാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ജിഡിപി പോലുള്ള ബൃഹത്തായ സാമ്പത്തിക സൂചികകൾക്കപ്പുറത്തേക്ക് കടക്കണമെന്നും മഹാമാരി വൻതോതിൽ ബാധിച്ച മേഖലകളെ പരിഗണിക്കണമെന്നുമുള്ള സൂചനയാണ് എൻസിആർബി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ: കോവിഡ് മഹാമാരിയും തൊഴിലാളി വർഗവും


കോവിഡ് മഹാമാരിയെ തുടർന്നുള്ള സാഹചര്യങ്ങൾ അസംഘടിത മേഖലയിലെ താഴ്ന്ന വരുമാനക്കാരിൽ മാനസികാരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ ഒരിക്കലും മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇത് കൂടുതൽ വഷളായെന്നത് വസ്തുതയാണ്. 2014 നും 2021 നും ഇടയിൽ ദിവസ വേതന തൊഴിലാളികൾക്കിടയിലെ ആത്മഹത്യാ നിരക്കിലുണ്ടായ വർധന 166 ശതമാനമായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നതിന്റെ കാരണങ്ങൾ രണ്ടാണ്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാണ് അവ. കോവിഡിനെ നേരിടുന്നതിന് സ്വീകരിച്ച മാർഗങ്ങളാണ് സാമൂഹിക പ്രതിസന്ധിക്കു കാരണമായത്. ഈ തീരുമാനങ്ങളുടെ ഉപോല്പന്നമാണ് സാമ്പത്തിക പ്രതിസന്ധി. 2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യനാളുകളിലെ പരിഭ്രാന്തിയും ഭയവും പലരും ഇപ്പോഴും മറന്നിരിക്കാനിടയില്ല. അദൃശ്യവും അനിർവചനീയവുമായ വൈറസ് ആളുകളെ നിർദാക്ഷിണ്യം ലക്ഷ്യമിടുമെന്ന പ്രചരണവും ഭീതിയും എല്ലാവരേയും സ്വന്തം വീടിനുള്ളിലേക്ക് ഒതുങ്ങുവാൻ നിർബന്ധിതരാക്കി. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് ഈ അവസ്ഥ മാനസിക പ്രശ്നങ്ങളുണ്ടാക്കുമെന്നത് നിസ്തർക്കമാണ്.
ഇവിടെ നാമെല്ലാവരും ഒരുമിച്ചാണ് എന്ന് അധികൃതരും നേതാക്കളും ആവർത്തിച്ച് പറഞ്ഞുവെങ്കിലും മഹാമാരിക്കാലത്തെ ജനങ്ങളുടെ അനുഭവം വ്യത്യസ്തമായിരുന്നു. അവരവരുടെ സാമൂഹ്യ — സാമ്പത്തിക മൂലധനത്തിന്റെ നിർണയത്തിലാണ് മഹാമാരിക്കാലത്തെ ചിലര്‍ അതിജീവിക്കുകയോ കൂടുതൽ പേർക്കും അതിന് സാധിക്കാതെ പോകുകയോ ചെയ്തത്.


ഇതുകൂടി വായിക്കൂ: നിഗൂഢതയുടെ ദൃശ്യാന്വേഷണങ്ങൾ


ഒരുഭാഗത്ത് കുറച്ചുപേർ ടെലിവിഷനുകളിൽ അവർക്കിഷ്ടപ്പെട്ട പരിപാടികൾ കാണുകയായിരുന്നു. അതേസമയം വലിയൊരു വിഭാഗം രാജ്യത്തിന്റെ തെരുവുകളിലുമായിരുന്നു. കാൽനടയായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു അവർ. ചിലർക്ക് ഏറ്റവും ചെലവേറിയ മരുന്നുകൾ പോലും ലഭ്യമാക്കാനാവുന്ന വിധം ആഡംബരമുണ്ടായിരുന്നു; മറ്റുള്ളവർക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും താങ്ങാൻ കഴിയുമായിരുന്നില്ല. ഔപചാരിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വേതനം ചെറുതായാലും വലുതായാലും ലഭ്യമായിരുന്നു എന്നതിനാൽ ഒരു പരിധിവരെ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നു. എന്നാൽ അസംഘടിത മേഖലയിൽ ജോലിയെടുക്കുന്നവർ വരുമാനമില്ലാത്തതിനാൽ പകർച്ച വ്യാധിയുടെ കാലത്ത് ഏറ്റവും ദയനീയ അവസ്ഥയെയാണ് അഭിമുഖീകരിച്ചത്. വരുമാനമൊന്നുമില്ലാത്തതിനാൽ മിക്കവരും ഒന്നുകിൽ വായ്പയെടുക്കാൻ നിർബന്ധിതരായി, അല്ലെങ്കിൽ അവരുടെ ആകെയുണ്ടായ കരുതൽ സമ്പാദ്യം എടുത്തുപയോഗിക്കേണ്ടിവന്നു.
കോർപറേറ്റ് മേഖല പ്രതിസന്ധിയെ സമ്പത്ത് വർധിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ താഴെത്തട്ടിലുള്ള ആളുകൾക്ക്, അവരുടെ ഭാവിയെത്തന്നെ ബാധിക്കുന്ന പ്രത്യാഘാതമായാണ് അനുഭവപ്പെട്ടത്.
ഇതിനൊപ്പംതന്നെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ആഗോള വിതരണ ശൃംഖലയിൽ വലിയ തടസങ്ങൾ സൃഷ്ടിച്ചു. സാമ്പത്തിക തകർച്ചയോടെ, ചരക്കുകളുടെയും ഉപജീവന അവസരങ്ങളുടെയും ദൗർലഭ്യവുമുണ്ടായത് പലരുടെയും നട്ടെല്ല് തകർക്കുന്ന സ്ഥിതിയിലായി. മറ്റ് സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെങ്കിലും, പണപ്പെരുപ്പ നിരക്ക് ഏകദേശം ആറ് ശതമാനമാണ്. ഇത് ഇതിനകം തന്നെ വരുമാനക്കുറവിനു കാരണമാവുകയും ചെയ്തു. അതുകൊണ്ട് ഈ വിഭാഗങ്ങൾക്ക് കൂടുതൽ നഷ്ടപ്പെടുകയും അതിജീവിക്കാനുള്ള അവസരം പോലും ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഒരുവിഭാഗം അതിസമൃദ്ധമാകുകയും അതേസമയം മറ്റു വിഭാഗങ്ങൾ കൂടുതൽ ബാധ്യതകൾ ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുന്നുവെന്നതാണ് കോവിഡാനന്തരം ഇന്ത്യയുടെ യഥാർത്ഥ ചിത്രം.


ഇതുകൂടി വായിക്കൂ:  അസമത്വ ഭാരതം


രൂക്ഷമായ ഈ എല്ലാ പിഴവുകളും ഒരേ മാനസികാവസ്ഥയിലാണ് കലാശിക്കുന്നത്, നിരാശയിൽ. വളർച്ചയുടെ അഭാവം, അവസരങ്ങൾ നഷ്ടപ്പെടൽ, വ്യക്തികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും നഷ്ടവും, ജീവിതത്തിലെ സ്തംഭനാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ രക്ഷാമാർഗം ആഗ്രഹിക്കുന്ന വ്യക്തികളെ നിരാശയിലാക്കുവാൻ മാത്രമാണ് വഴിയൊരുക്കുന്നത്. സമ്പന്നർക്ക് മനഃശാസ്ത്രജ്ഞരെ സമീപിച്ച് ഇതിന് പരിഹാരം കാണാനുള്ള അവസരമുണ്ട്. ഇല്ലാത്തവർക്ക്, മാനസികാരോഗ്യ പരിഹാരത്തിന് സംവിധാനങ്ങളില്ല. അതുകൊണ്ട് യാഥാർത്ഥ്യബോധമുള്ള പരിഹാരമാണ് അംഗീകരിക്കപ്പെടേണ്ടത്. അതിൽ ഏറ്റവും പ്രധാനം അസംഘടിത മേഖലയിലുള്ള വലിയ ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികളാണ്. സൗജന്യ ഭക്ഷ്യ വിതരണവും പ്രതിരോധ വാക്സിനുകളും കൊണ്ടുമാത്രം പ്രശ്ന പരിഹാരമാകില്ല. ഈ വിഭാഗങ്ങളെ സാമ്പത്തിക വീണ്ടെടുക്കലിന് പ്രാപ്തരാക്കുന്ന നടപടികളാണുണ്ടാകേണ്ടത്. സാമ്പത്തികമായി അവരെ മെച്ചപ്പെടുത്തുകയെന്നത് പ്രധാനമാണ്. അതിന് തൊഴിലുറപ്പു പദ്ധതികളെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
അത് അവർക്ക് ഉപജീവനമാർഗം നല്കുന്നതിന് സഹായകമാകും. അടുത്ത കാനേഷുമാരി വേളയിൽ ഇതു മുൻകൂട്ടി കണ്ടുള്ള ആസൂത്രണമുണ്ടാകണം. രാജ്യത്തിലെ എല്ലാ വിഭാഗത്തെയും രക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര മാർഗം പണപ്പെരുപ്പം നിയന്ത്രണമാണ്. ലോകം കൂടുതൽ അസ്ഥിരമായ ഇടമായി മാറുമ്പോൾ, രാജ്യങ്ങൾ സമാനമായ സാഹചര്യങ്ങളെ നന്നായി നേരിടുന്നതിന് സജ്ജരാകുകയും വേണം. അസംഘടിത തൊഴിലാളികൾക്കുവേണ്ടി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഏറ്റവും പ്രധാനം. അടിയന്തര ഭക്ഷണ കിറ്റുകൾ, യാത്രാ ക്രമീകരണങ്ങൾ, വായ്പകൾ ലഘൂകരിക്കൽ എന്നിവയും ആവശ്യമാണ്. നിരാശരായ തൊഴിലാളിവർഗം ഏതൊരു രാജ്യത്തിനും അങ്ങേയറ്റം അപകടകരമാണ്; അതുകൊണ്ടുതന്നെയാണ് ആത്മഹത്യ നാൾക്കുനാൾ വർധിക്കുന്നത്. ഈ പശ്ചാത്തലത്തിൽ എൻസിആർബി വിവരങ്ങളെ ഒറ്റപ്പെടുത്തിയും അത് മാനസിക രോഗികളുടെയോ വ്യക്തികളുടെയോ കുറ്റകൃത്യങ്ങളായും കാണാതെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഗുരുതര പ്രശ്നങ്ങളുടെ പ്രതിഫലനമായി അഭിമുഖീകരിക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.