26 April 2024, Friday

സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ചു നിര്‍മ്മിച്ചത് 3838 കി.മീ. റോഡ്

പി ആർ റിസിയ
തൃശൂർ
October 5, 2021 8:23 pm

പരിസ്ഥിതിക്കും ആരോഗ്യത്തിനും വിപത്തായ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കിയത് 3838.04 കിലോമീറ്റർ റോഡ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ സഹായത്തോടെ ശേഖരിച്ച് സംസ്കരിച്ച് ഉപയോഗിച്ചാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശേഖരിച്ച 2399.13 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് ടാറിംഗിന് പ്രയോജനപ്പെടുത്തിയത്. 

2016–17ലാണ് റോഡ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് അസംസ്കൃത വസ്തുവാക്കിയത്. മാലിന്യനിർമ്മാർജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യാമെന്നതാണ് പ്രത്യേകത. പ്ലാസ്റ്റിക് ചേർക്കുന്ന റോഡുകൾ കൂടുതൽ കാലം നിലനിൽക്കും. റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിൻ അളവ് ഏഴ് ശതമാനം വരെ കുറയ്ക്കാനും കഴിയും. ഒരു കിലോമീറ്റർ റോഡിന് ഒരു ടൺ പ്ലാസ്റ്റിക്കാണ് ആവശ്യം. ക്ലീൻ കേരളയുടെ വിവിധ ജില്ലകളിലുള്ള ഖരമാലിന്യ ശേഖര യൂണിറ്റുകൾ വഴിയാണ് (ആർആർഎഫ്) പ്ലാസ്റ്റിക് വേർതിരിച്ച് ഷ്രഡ് ചെയ്ത് ഗ്രാന്യൂളുകളായി മാറ്റുന്നത്. 50 മൈക്രോണും അതിനു താഴെമുളള പ്ലാസ്റ്റിക്കാണ് ഇതിനുപയോഗിക്കുന്നത്. ഈ ഗ്രാന്യൂളുകൾ പിന്നീട് പ്ലാന്റുകളിൽ എത്തിച്ച് ടാറുമായി ചേർത്താണ് റോഡ് നിർമ്മിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത അതോറിറ്റിക്ക് ക്ലീൻ കേരള കൈമാറിയത് 12.18 മെട്രിക് ടൺ പൊടിച്ച പ്ലാസ്റ്റിക് ആണ്. പിഡബ്ല്യൂഡിക്ക് 947.76 മെട്രിക് ടണ്ണും, തദ്ദേശ സ്ഥാപനങ്ങൾക്ക് 1151.2 മെട്രിക് ടൺ പ്ലാസ്റ്റിക്കും കൈമാറി. ഇതുപയോഗിച്ച് ആദ്യഘട്ടത്തിൽ 2016–-17ൽ വെറും 51 കിലോമീറ്റർ റോഡ് ആണ് പൂർത്തീകരിച്ചത്. എന്നാൽ 2017–-18ൽ ഇത് 357 കിലോമീറ്ററും 2018–-19 വർഷം 495 കിലോമീറ്ററും 2019–20ൽ 1073 കിലോമീറ്ററും പൂർത്തീകരിക്കാനായി. 

കഴിഞ്ഞ വർഷമാണ് ഈ രംഗത്ത് റെക്കോഡ് പുരോഗതി കൈവരിക്കാനായത്. 2020–21ൽ മാത്രം 1710 കിലോമീറ്റർ റോ‍ഡാണ് പ്ലാസ്റ്റിക് മാലിന്യത്താൽ നിർമ്മിച്ചത്. ഈ വർഷം ഇതുവരെ 147 കിലോമീറ്റർ റോഡ് പൂർത്തിയാക്കി.തദ്ദേശ സ്ഥാപനങ്ങളും പിഡബ്ല്യുഡിയും നിർമ്മിക്കുന്ന റോഡുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന സർക്കാർ ഉത്തരവാണ് ഈ ഉദ്യമത്തിന് ശക്തിപകർന്നത്.
eng­lish sum­ma­ry; rode Made by recy­cling plas­tic waste
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.