24 June 2024, Monday

15 രൂപയുടെ പെട്രോള്‍: ബിജെപിയുടെ മറ്റൊരു ‘ജുംല’

ഡോ. ഗ്യാന്‍ പഥക്
July 12, 2023 4:15 am

ജൂലൈ നാലിന് രാജസ്ഥാനിലെ പ്രതാപ്ഗഢിൽ സംഘടിപ്പിച്ച റാലിയിൽ, പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാൻ പുതിയനിർദേശം മുന്നോട്ടുവച്ചതായി കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആ ദിവസത്തെ രാജസ്ഥാനിലെ പെട്രോൾ വില ലിറ്ററിന് 113.48 രൂപയായിരുന്നു. 2024ല്‍ മോഡി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ പെട്രോൾ 15 രൂപയ്ക്ക് വിൽക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവന ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് ‘ജുംല’ അല്ലേ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ മാത്രമല്ല, കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 70 ശതമാനം ജനങ്ങളെയും ആകർഷിക്കുക എന്ന ഉദ്ദേശ്യം ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. ഭക്ഷ്യധാന്യങ്ങളിൽ നിന്ന് എഥനോൾ ഉല്പാദിപ്പിക്കുകയും 60 ശതമാനം പെട്രോളില്‍ കലർത്തുകയും ചെയ്യുന്നതിലൂടെ 16 ലക്ഷം കോടി രൂപയുടെ ഇറക്കുമതിച്ചെലവ് ഇന്ത്യ ലാഭിക്കും. ആ തുക കർഷകരുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കും എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിന് സമാനമായൊരു ‘ജുംല’ ഉണ്ടായിരുന്നു, വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നുമുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയുടെ വാഗ്ദാനം. എന്നാല്‍, പിന്നീട് പാർട്ടി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് ഇതൊരു ‘ജുംല’ ആയിരുന്നു എന്നാണ്. 2018ൽ, പണം നിക്ഷേപിക്കുന്ന കൃത്യമായ തീയതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒരു വിവരാവകാശ അപേക്ഷ ഫയൽ ചെയ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം ഇതിനെ ‘വിവരങ്ങൾ’ ആയി കണക്കാക്കാനാവില്ലെന്നായിരുന്നു പിഎംഒയില്‍ നിന്നുള്ള മറുപടി.


ഇതുകൂടി വായിക്കൂ: ഇന്ധനവില: മോഡിയുടെ ആരോപണം വസ്തുതാവിരുദ്ധം


കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിൽ മോഡിസർക്കാർ തീർത്തും പരാജയപ്പെട്ടുവെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അക്കൗണ്ടുകളിലേക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ പ്രതീക്ഷിക്കാൻ പോലും കഴിയില്ല. എഥനോൾ മിശ്രണം എന്ന വാഗ്ദാനത്തിന്റെ മറ്റ് ഘടകങ്ങളും പരിശോധിക്കേണ്ടതാണ്. 2020–25 കാലത്ത് ഇന്ത്യയിൽ എഥനോള്‍ ഉല്പാദനത്തിനുള്ള മാര്‍ഗനിര്‍ദേശമനുസരിച്ച്, 2025–26 ല്‍ എഥനോളിന്റെ 20 ശതമാനം മിശ്രിതമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നിരുന്നാലും, സര്‍ക്കാര്‍ ഇക്കാര്യം വേഗത്തിലാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന്, ഉദ്‍വമനം കുറയ്ക്കുന്നതിന് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ മിശ്രിതം ലഭ്യമാക്കിയിട്ടുണ്ട്. കരിമ്പ്, ഭക്ഷ്യധാന്യങ്ങൾ, മറ്റ് ജൈവ സ്രോതസുകൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉല്പാദിപ്പിക്കുന്നത്. കർഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിന്റെ പേരിൽ കാർഷികോല്പന്നങ്ങൾക്ക് നേരിയ സബ്സിഡി നൽകുന്നുണ്ട്. എന്നാൽ വൻതോതിലുള്ള ഭക്ഷ്യ സബ്സിഡി വ്യവസായങ്ങൾക്ക് വകമാറ്റുകയാണ് കേന്ദ്രം. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ സംസ്ഥാനമായ കർണാടക സര്‍ക്കാരിന് കിലോഗ്രാമിന് 34 രൂപയ്ക്ക് അരി നല്‍കാൻ പോലും കേന്ദ്രം വിസമ്മതിച്ചതിന്റെ സമീപകാല ഉദാഹരണമുണ്ട്. പുതിയ കോൺഗ്രസ് സർക്കാർ പാവപ്പെട്ട കുടുംബങ്ങൾക്ക് 10 കിലോ അരി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന് അരി കിലോയ്ക്ക് 20 രൂപയ്ക്ക് നൽകാൻ മോഡി സർക്കാർ തയ്യാറായില്ല. തുടർന്ന് സംസ്ഥാന സർക്കാർ, സൗജന്യ വിപണി പദ്ധതിയിൽ നിന്ന് കിലോയ്ക്ക് 34 രൂപ നിരക്കിൽ അരി ആവശ്യപ്പെട്ടു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ആദ്യം സമ്മതിച്ചെങ്കിലും, പിന്നീട് കേന്ദ്രത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിസമ്മതിച്ചു. രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി, തങ്ങളുടെ നടപടി ന്യായീകരിക്കാനും രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾക്ക് പോലും ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രം വിസമ്മതിച്ചു. എന്നാൽ പാവപ്പെട്ടവർക്ക് അരി നിഷേധിക്കുന്ന കേന്ദ്രത്തിന്റെ ക്രൂരത മൂടിവയ്ക്കാന്‍ ഈ നടപടികൊണ്ട് കഴിയില്ല. കാരണം കർണാടകയ്ക്ക് 34 രൂപയ്ക്ക് നല്‍കാത്ത അരി എഥനോൾ ഉല്പാദനത്തിനായി കിലോയ്ക്ക് 20 രൂപ നിരക്കിൽ വ്യവസായങ്ങൾക്ക് വിതരണം ചെയ്യുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, 2020–21ല്‍ എഥനോൾ ഉല്പാദനത്തിനായി 81,044 ടൺ അരി എഫ്
സിഐ അനുവദിച്ചു. അതിന്റെ വില കിലോയ്ക്ക് 20 രൂപയാണ്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് കർഷകരിൽ നിന്ന് താങ്ങുവില നല്‍കി സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഇങ്ങനെ വന്‍തോതില്‍ വ്യവസായങ്ങളിലേക്ക് തിരിച്ചുവിടുകയാണ്.


ഇതുകൂടി വായിക്കൂ: ഇന്ധനവിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍


ജൈവ സ്രോതസുകളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന എഥനോളിന്റെ വില നിശ്ചയിക്കുന്നത് സർക്കാരാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2020–21 കാലയളവിൽ അരി, ചോളം എന്നിവയിൽ നിന്നുള്ള എഥനോൾ ലിറ്ററിന് 51.55 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിനായി 81,000 ടണ്ണിലധികം അരി അനുവദിച്ചു. ഭക്ഷ്യസുരക്ഷയുടെ പേരിൽ കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും അത് വ്യാവസായിക ഉല്പാദനത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നത് കർഷകരോടും രാജ്യത്തെ ജനങ്ങളോടുമുള്ള വഞ്ചനയാണ്. 60 ശതമാനം മിശ്രിതത്തിൽ നിന്ന് ലഭിക്കുന്ന 16 ലക്ഷം കോടി രൂപ കർഷക കുടുംബങ്ങൾക്ക് കൈമാറുമെന്ന് ഗഡ്കരി പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് നിലവില്‍ എഥനോൾ ഉല്പാദനം വഴി ലഭിക്കുന്ന ലാഭം സർക്കാർ കൈമാറാത്തത്? അവർ അങ്ങനെ ഉദ്ദേശിക്കുന്നില്ല എന്നുതന്നെയാണ് ഉത്തരം. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നാല്‍, തങ്ങൾ അത് ചെയ്യുമെന്ന് പറയുന്നത് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കലാണ്. എഥനോൾ മിശ്രിതം 60 ശതമാനം എത്തിയാൽ കർഷകർക്ക് 16 ലക്ഷം കോടി രൂപ നൽകുമെന്ന് പറയുന്ന കേന്ദ്രം കർഷകർക്ക് ഉയര്‍ന്ന താങ്ങുവില നൽകാൻ പോലും തയ്യാറല്ലെന്നത് വിരോധാഭാസമാണ്. 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 ശതമാനം എഥനോള്‍ മിശ്രിതം നല്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. 2022–23 കാലയളവിൽ പെട്രോളിൽ കലർത്തുന്നതിനായി 80.09 കോടി ലിറ്റർ എഥനോൾ എണ്ണക്കമ്പനികൾ സംഭരിച്ചിട്ടുണ്ട്. 2022 ജൂണ്‍ മുതല്‍ ശരാശരി 10 ശതമാനം മിശ്രിതം വഴി എണ്ണവില്പനയില്‍ ലക്ഷം കോടി രൂപയെങ്കിലും ലാഭിച്ചു. പക്ഷേ ആ പണം എവിടെപ്പോയി? തീർച്ചയായും അത് കർഷകർക്ക് ലഭിച്ചില്ല. അവര്‍ ഇപ്പോഴും ന്യായമായ താങ്ങുവിലയ്ക്കും അതിന്റെ നിയമപരമായ ഉറപ്പിനും വേണ്ടി പ്രക്ഷോഭം നടത്തുകയും മോഡി സർക്കാർ അത് അവഗണിക്കുകയും ചെയ്യുന്നു. ലാഭം മുഴുവന്‍ വൻകിട വ്യാപാരികള്‍ക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമാണ് ലഭിച്ചത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് സ്വപ്നമായി തുടരുകയാണ്. കഴിഞ്ഞ വിള സീസണിൽ പോലും പല കർഷകരും ഉരുളക്കിഴങ്ങും ഉള്ളിയും കിലോയ്ക്ക് 1–2 രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതരായി. രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ തുടരുകയാണ്. കടുത്ത ദാരിദ്ര്യത്തിൽ പാവപ്പെട്ടവർ ഒഴിഞ്ഞ വയറുമായി കഴിയുന്നു.


ഇതുകൂടി വായിക്കൂ: ദരിദ്രരുടെ ഇന്ത്യയും കേരള ബദലും


ലോകബാങ്കിന്റെ ഏറ്റവും പുതിയ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പറയുന്നത് 2019ൽ 134 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് കീഴിലായിരുന്നുവെന്നും കോവിഡ് കാലത്ത് ഈ സംഖ്യ വളരെയധികം കവിഞ്ഞതായും 800 ദശലക്ഷം പേര്‍ കേവലം അഞ്ച് കിലോ സൗജന്യ അരിയിൽ അതിജീവിച്ചുവെന്നുമാണ്. ഇന്ത്യയില്‍ 68.5 ശതമാനം പേര്‍ക്ക്, അതായത് 973 ദശലക്ഷത്തിന് 2021ൽ ആരോഗ്യകരമായ ഭക്ഷണം താങ്ങാൻ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ, ഭക്ഷ്യസുരക്ഷയുടെ പേരിൽ സംഭരിക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവർക്ക് നൽകാതെ, സബ്സിഡി നിരക്കിൽ വ്യവസായങ്ങളിലേക്ക് തിരിച്ചുവിടുന്നത് അധാർമ്മികമാണ്. 2024ല്‍ അധികാരത്തിലെത്തിയാൽ എഥനോള്‍ മിശ്രിതം 60 ശതമാനമായി ഉയർത്തുമെന്ന മോഡി സർക്കാരിന്റെ വാഗ്ദാനം ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്നതാണ്. കോർപറേറ്റുകളെ കൃഷിയിടങ്ങളിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങൾ, കർഷകർ പല്ലും നഖവും ഉപയോഗിച്ച് പോരാടിയതിനാൽ മോഡിക്ക് പിൻവലിക്കേണ്ടിവന്നു. കർഷകർ ഇപ്പോഴും ആദായകരമായ വിലയും അതിന്റെ നിയമപരമായ ഉറപ്പും ആവശ്യപ്പെടുന്നു. ജനങ്ങള്‍ സബ്സിഡിയുള്ള ഭക്ഷണം ആവശ്യപ്പെടുന്നു. എന്നാൽ അവയെല്ലാം നിരസിക്കുകയാണ്, കാര്‍ഷികോല്പന്നങ്ങള്‍ വ്യവസായങ്ങൾക്ക് സബ്സിഡി നിരക്കില്‍ നൽകുന്ന ഭരണകൂടം.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.